ആറാട്ടുപുഴ: കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും നാശനഷ്ടങ്ങളേറെ. നിരവധി മരങ്ങൾ കടപുഴകി. മരം വീണ് വീടുകൾ തകർന്നു. ഗതാഗത തടസ്സമുണ്ടായി. മഹാദേവികാട് വൈപ്പിൽ കോളനിയിൽ അനിൽകുമാറിെൻറ വീടിന് മുകളിൽ പുളിമരം വീണു. വീടിന് മുന്നിലെ ഷീറ്റ് മേഞ്ഞ സിറ്റ് ഔട്ട് മേൽക്കൂര തകർന്നു. മരം വീഴുന്ന ശബ്ദംകേട്ട് വീട്ടുകാർ പുറത്തേക്ക് ഓടിയതിനാൽ ആർക്കും പരിക്കേറ്റില്ല. കാർത്തികപ്പള്ളി മഹാദേവികാട് തൊട്ടുകടവ് കല്ലുപുരക്കൽ ശശിയമ്മയുടെ വീടിന് മുകളിലേക്ക് സമീപത്തു നിന്ന മഹാഗണി മരം വീണു. വീടിെൻറ മേൽക്കൂരയിൽ തട്ടി നിന്നതിനാൽ വീടിന് കേടുപാടുകൾ സംഭവിച്ചില്ല. എന്നാൽ, മരം പിഴുതു വീണപ്പോൾ സമീപത്തുള്ള റോഡിെൻറ പകുതിയോളം അടർന്നു പോയി. അടുത്തിടെ ടാർ ചെയ്ത റോഡാണിത്. ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. ഇവിടെനിന്നും അൽപം വടക്കുമാറി മറ്റൊരു മഹാഗണി മരവും റോഡിലേക്ക് വീണിരുന്നു. മുതുകുളം ആശുപത്രിക്ക് വടക്കും സ്റ്റാർ ജങ്ഷൻ ഭാഗങ്ങളിലും കാറ്റ് കനത്തനാശമാണ് വിതച്ചത്. ഇവിടെ രണ്ടുവീടുകളുടെ മുകളിലേക്ക് മരം വീണു. നിരവധി മരങ്ങളാണ് കടപുഴകിയത്. തട്ടാരുമുക്കിന് കിഴക്ക് മരം വീണ് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു. പല സ്ഥലങ്ങളിലും 11കെ.വി ലൈനുൾപ്പെടെ മരച്ചില്ലകൾവീണ് വൈദ്യുതി കമ്പികൾ പൊട്ടി. പ്രദേശത്ത് വൈദ്യുതി ബന്ധം പൂർണമായും നിലച്ചു. റോഡിൽ മാർഗതടസ്സമായി കിടന്ന മരങ്ങൾ ഫയർഫോഴ്‌സ് സംഘമെത്തിയാണ് മുറിച്ചുനീക്കിയത്. മുതുകുളം വടക്ക് പാലാഴി പടീറ്റതിൽ മുരളീധരൻനായർ, പീടികയിൽ കിഴക്കതിൽ ബീനാകുമാരി എന്നിവരുടെ വീടുകൾക്ക് മുകളിലേക്കാണ് മരം വീണത്. മുരളീധരൻനായരുടെ വീടിന് സമീപത്തെ മൂന്ന് മരങ്ങളാണ് വീടിന് മുകളിലേക്ക് വീണത്. വീടിെൻറ കിടപ്പുമുറിയും പൂജാമുറിയും ഉൾപ്പെടെ തകർന്നു. ശൗചാലയത്തിന് കേടുപാടുണ്ട്. ശബ്ദം കേട്ട് വീട്ടുകാർ പുറത്തേക്കോടിയതിനാലാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. ബീനാകുമാരിയുടെ മുറ്റത്ത് നിന്നിരുന്ന തേക്കും പ്ലാവുമാണ് നിലം പൊത്തിയത്. ഇവരുടെ വീടിെൻറ മുൻവശത്തെ ഷീറ്റുമേഞ്ഞ ഭാഗവും മതിലും തകർന്നു. മുതുകുളം വടക്ക് കുന്നയ്യത്ത് ഗോപാലകൃഷ്ണപ്പണിക്കരുടെ വീടിന് മുന്നിൽനിന്നിരുന്ന തേക്ക് ഒടിഞ്ഞുവീണ് വീടിെൻറ മതിൽ തകർന്നു. വലിയകാവിന് സമീപം വീടിന് മുകളിലേക്ക് മരം ചരിഞ്ഞു. ചിങ്ങോലി താച്ചയിൽ പടീറ്റതിൽ ഷൈലജ, വാദ്യാരുപറമ്പിൽ ജോസഫ് എന്നിവരുടെ വീടിന് മുകളിലേക്ക് മരം വീണു. പുഴക്കര കിഴക്കതിൽ രാധാകൃഷ്ണെൻറ വീട്ടിലെ ഷെഡിന് മുകളിലേക്ക് മരം കടപുഴകി. തൃക്കുന്നപ്പുഴ 9ാം വാർഡിൽ പ്രവർത്തിക്കുന്ന ഗ്രീൻലാൻഡ് ആക്ടിവിറ്റി ഗ്രൂപ്പിെൻറ പലചരക്കുകടയുടെ മുകളിലേക്ക് മരം മറിഞ്ഞ് വീണ് കട ഭാഗികമായി തകർന്നു. അമ്മൂമ്മ നട ക്ഷേത്രത്തിന് സമീപം പതിയാങ്കര, പേരംപറമ്പിൽ കാർത്തികേയെൻറ ഉടമസ്ഥതയിലെ കടയുടെ മേൽക്കൂര പൂർണമായും പറന്നു പോയി. മൂത്തേരിൽ ക്ഷേത്രത്തിന് തെക്കുവശം റോഡിലേക്ക് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.