പള്ളിക്കര: ചിത്രപ്പുഴ-പോഞ്ഞാശ്ശേരി റോഡിൽ അശാസ്ത്രീയ ടാറിങ് മൂലമുണ്ടായ വെള്ളക്കെട്ട് ജനങ്ങളെ ദുരിതത്തിലാക്കുന്നു. പള്ളിക്കര മുതൽ പാടത്തിക്കര ജങ്ഷൻ വരെയാണ് ഏറെ ബുദ്ധിമുട്ട്. ദീർഘനാളത്തെ ജനങ്ങളുടെ പ്രതിഷേധത്തിനൊടുവിൽ മനുഷ്യാവകാശ കമീഷൻ ഉത്തരവിനെത്തുടർന്നാണ് ഉന്നത നിലവാരത്തിൽ റോഡ് ടാറിങ് നടത്തിയത്. എന്നാൽ, വിവിധയിടങ്ങളിലുള്ള ഉയർച്ചയും റോഡിന് നടുവിലെ ഉയരവ്യത്യാസവുമാണ് പുതിയ പ്രതിസന്ധിക്ക് കാരണം. വ്യാപാരികൾ ഉൾപ്പെടെയുള്ളവരുടെ പ്രതിഷേധത്തെത്തുടർന്ന് പള്ളിക്കര ജങ്ഷനിലും പരിസരത്തും കുഴികളടക്കുകയും വെള്ളക്കെട്ട് പരിഹരിക്കുകയും ചെയ്തെങ്കിലും അമ്പലപ്പടി, പെരിങ്ങാല, പാടത്തിക്കര പ്രദേശത്ത് അറ്റകുറ്റപ്പണികളൊന്നും നടത്തിയില്ല. പള്ളിക്കര ജുമാമസ്ജിദിനുസമീപം കൊടുംവളവിൽ നേരത്തേ പൈപ്പ് പൊട്ടിയതിനെത്തുടർന്ന് രൂപപ്പെട്ട കുഴി ഇപ്പോൾ വലിയ ഗർത്തമായി. വാഹനങ്ങൾ അടുത്തെത്തുമ്പോഴാണ് കുഴി കാണുക. അതിനാൽ അപകടസാധ്യതയും കൂടുതലാണ്. ഇരുചക്ര വാഹനങ്ങൾക്കോ കാൽനടക്കാർക്കോ സഞ്ചരിക്കാൻപോലും പറ്റാത്ത അവസ്ഥയാണ്. പെരിങ്ങാല ജങ്ഷനിൽ രണ്ടിടത്ത് വെള്ളക്കെട്ട് രൂക്ഷമാണ്. പോസ്റ്റോഫിസ് ജങ്ഷനിലുള്ള വളവിലും ചെളി വെള്ളം റോഡിൽ കെട്ടിക്കിടക്കുകയാണ്. വിദ്യാർഥികളടക്കമുള്ള കാൽനടക്കാർക്കും വ്യാപാര സ്ഥാപനങ്ങൾക്കുമാണ് ഇതുമൂലം ഏറെ ദുരിതം. വാഹനങ്ങൾ ചീറിപ്പാഞ്ഞ് പോകുമ്പോൾ ചെളിവെള്ളം ആളുകളുടെമേലും കടകളിലും തെറിക്കുക പതിവാണ്. മലേക്കുരിശ് പള്ളിക്ക് സമീപത്തെ സ്ലാബ് ഉയർത്തി ടാർ ചെയ്ത ഭാഗത്ത് മുന്നറിയിപ്പ് േബാർഡ് ഇല്ലാത്തതും അപകടം വർധിപ്പിക്കുന്നു. പൊയ്യക്കുന്നം കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ടാണ് മാസങ്ങൾക്ക് മുമ്പ് റീടാറിങ് നടത്തിയത്. അന്നുമുതൽ നിർമാണത്തിൽ അപാകത നാട്ടുകാർ ചൂണ്ടിക്കാണിച്ചിരുന്നു. താലൂക്ക് സഭയിലും വിഷയം ചർച്ചയായിരുന്നെങ്കിലും പ്രശ്നം പരിഹരിച്ചിരുന്നില്ല. കരാറുകാരെൻറ നിലപാടാണ് അശാസ്ത്രീയ ടാറിങ്ങിന് കാരണമെന്നും ആരോപണമുണ്ട്. അപാകത ഉടൻ പരിഹരിച്ച് റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് പള്ളിക്കര മർച്ചൻറ്്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.