എടയാർ സിങ്കിലെ രാസമാലിന്യം: ഹരജിയിൽ ഹൈകോടതി വിശദീകരണം തേടി

കൊച്ചി: പ്രവർത്തനം അവസാനിപ്പിച്ച എടയാർ സിങ്ക് ലിമിറ്റഡിലെ രാസമാലിന്യങ്ങൾ സുരക്ഷിതമായി സംസ്കരിക്കണമെന്ന ഹരജിയിൽ ഹൈകോടതി കേന്ദ്ര സർക്കാറി​െൻറയടക്കം വിശദീകരണം തേടി. രാസമാലിന്യങ്ങൾ മഴക്കാലത്ത് അപകട സാധ്യത കൂട്ടുന്ന സാഹചര്യത്തിൽ സുരക്ഷിതമായി നീക്കാൻ നടപടി ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി പി.ഇ. ഷംസുദ്ദീൻ നൽകിയ ഹരജിയിലാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം, മലിനീകരണ നിയന്ത്രണ ബോര്‍ഡ് തുടങ്ങിയവയടക്കം എതിര്‍കക്ഷികളോട് വിശദീകരണം തേടിയത്. 50 വർഷം പ്രവർത്തിച്ച കമ്പനി 2014 നവംബർ 27ന് പ്രവർത്തനം പാതിവഴിയിൽ അവസാനിപ്പിച്ച് അടച്ചുപൂട്ടിയെങ്കിലും ഇവിടത്തെ സ്റ്റോറേജ് ടാങ്കുകളിൽ അപകടകരമായ രാസവസ്തുക്കൾ ശേഖരിച്ചിട്ടുള്ളതായി ചൂണ്ടിക്കാട്ടിയാണ് ഹരജി. ശക്തമായ മഴയിൽ മാലിന്യങ്ങൾ പുഴയിലേക്കും പരിസരങ്ങളിലേക്കും ഒഴുകിയെത്തി വൻ അപകടത്തിന് ഇടയാക്കുമെന്നതിനാൽ സുരക്ഷിതമായി സംസ്കരിക്കാൻ മലിനീകരണ നിയന്ത്രണ ബോർഡിന് നിർദേശം നൽകണമെന്നാണ് ആവശ്യം. ദുരന്തമുണ്ടായശേഷം നടപടികളെടുത്തിട്ട് കാര്യമില്ലെന്ന് ബുധനാഴ്ച ഹരജി പരിഗണനക്ക് വന്നപ്പോൾ കോടതി വാക്കാല്‍ പറഞ്ഞു. മഴക്കാലമായതിനാൽ മാലിന്യം വെള്ളത്തില്‍ കലങ്ങുന്നത് പ്രശ്നങ്ങളുണ്ടാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, നിരവധി തവണ കമ്പനിക്ക് നിര്‍ദേശം നല്‍കിയെങ്കിലും നടപടിയില്ലെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഹരജി ഫയലില്‍ സ്വീകരിച്ച കോടതി എതിര്‍കക്ഷികളോട് വിശദീകരണം തേടുകയായിരുന്നു. മാലിന്യനീക്കത്തിന് ഇതുവരെ സ്വീകരിച്ചതും സ്വീകരിക്കാന്‍ പോകുന്നതുമായ നടപടികൾ സത്യവാങ്മൂലമായി സമര്‍പ്പിക്കാൻ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. ഹരജി പരിഗണനയിലുള്ള കാരണത്താൽ നടപടി സ്വീകരിക്കാതിരിക്കരുതെന്നും കോടതി വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.