അംഗപരിമിതർക്ക്​ പഞ്ചായത്ത്​ നൽകിയ പെട്ടിക്കടകൾക്ക്​ മേൽക്കൂരയില്ലെന്ന്​ പരാതി

ചാരുംമൂട്: താമരക്കുളം ഗ്രാമപഞ്ചായത്തിൽ അംഗപരിമിതർക്ക് നൽകിയ പെട്ടിക്കടകൾ മേൽക്കൂരയില്ലാത്തതാണെന്ന് ആക്ഷേപം. താമരക്കുളം കോട്ടപ്പുറത്ത് ഇന്ദ്രൻ, ചിറമുഖത്ത് ജമാലുദ്ദീൻ, ഏണിവിളയിൽ സുരേഷ്, വാഴപ്പള്ളിൽ മനോഹരൻ നായർ എന്നിവർക്കാണ് രണ്ടുമാസം മുമ്പ് ഗുണനിലവാരമില്ലാത്ത പെട്ടിക്കടകൾ ലഭിച്ചത്. 2017 മാർച്ചിൽ നടത്തിയ ഗ്രാമസഭയിൽ ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ കണ്ടെത്തുന്നതിന് പെട്ടിക്കടകൾ നൽകാൻ തീരുമാനിച്ചിരുന്നു. തുടർന്നാണ് രണ്ടുമാസം മുമ്പ് മേൽക്കൂരയില്ലാത്ത പെട്ടിക്കടകൾ വിതരണം ചെയ്തത്. ഭിന്നശേഷിക്കാരായ ഇവർക്ക് വീടിന് സമീപം കച്ചവടം നടത്തി വരുമാനം കണ്ടെത്താനാണ് പഞ്ചായത്ത് ഒരുലക്ഷം മുടക്കി കടകൾ പണിത് നൽകിയത്. കോഴഞ്ചേരി സ്വദേശിക്കാണ് പെട്ടിക്കടകൾ നിർമിച്ചുനൽകാൻ കരാർ നൽകിയത്. തുടർന്ന് നിർമാണം പൂർത്തീകരിച്ച പെട്ടിക്കടകൾ കരാറുകാരൻ അംഗപരിമിതരുടെ വീടുകളിൽ എത്തിക്കുകയായിരുന്നു. ഈ പെട്ടിക്കടകൾക്ക് മേൽക്കൂരയില്ലെന്ന് മാത്രമല്ല വെയിലും മഴയുമേറ്റ് നശിച്ച നിലയിലാണെന്നും ലഭിച്ചവർ പറയുന്നു. ഇതിനുള്ളിൽ കച്ചവടം ചെയ്യുന്നതിനുള്ള ഒരു സംവിധാനവും നിർമിച്ചിട്ടുമില്ല. ഒരു പ്രയോജനവും ഇല്ലാത്ത ഇരുമ്പുകൂടുകൾ വേണ്ടെന്ന് ഇവർ പറഞ്ഞു. ഭിന്നശേഷിക്കാരുടെ പേരിൽ വൻ അഴിമതിയാണ് നടന്നുവരുന്നതെന്നും പെട്ടിക്കട നിർമാണത്തിലും സാമ്പത്തിക അഴിമതി നടന്നിട്ടുണ്ടെന്നും സർക്കാർ ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ഭിന്നശേഷി അസോസിയേഷൻ ജില്ല സെക്രട്ടറി സതീഷ് കുമാർ ആവശ്യപ്പെട്ടു. അംഗപരിമിതർക്കുവേണ്ടി അനുവദിച്ച പെട്ടിക്കടകൾ ഒൗദ്യോഗികമായി അവർക്ക് വിതരണം ചെയ്തിട്ടില്ലെന്ന് താമരക്കുളം പഞ്ചായത്ത് പ്രസിഡൻറ് വി. ഗീത പറഞ്ഞു. കരാറുകാരൻ മേൽക്കൂരയില്ലാതെ കൊണ്ടുവന്ന കടകൾ അംഗപരിമിതർക്ക് അത് കൊണ്ടുപോകുന്നതിനുള്ള ബുദ്ധിമുട്ടുകൾ മനസ്സിലാക്കി ഇറക്കിവെക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. മേൽക്കൂരയും പെയിൻറിങ് പണികളും പൂർത്തീകരിച്ച് കൈമാറാനുള്ള നടപടി ഉടൻ ഉണ്ടാകുമെന്നും പ്രസിഡൻറ് പറഞ്ഞു. മേഖല കൺെവൻഷൻ ചാരുംമൂട്: കർഷക തൊഴിലാളി ക്ഷേമനിധി കുടിശ്ശിക വിതരണം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് കർഷക തൊഴിലാളി ഫെഡറേഷൻ (ബി.കെ.എം.യു) താമരക്കുളം മേഖല കൺെവൻഷൻ ആവശ്യപ്പെട്ടു. എ.ഐ.ടി.യു.സി ചാരുംമൂട് മണ്ഡലം സെക്രട്ടറി ജി. വിജയൻ ഉദ്ഘാടനം ചെയ്തു. പി. രവീന്ദ്രൻ പിള്ള അധ്യക്ഷത വഹിച്ചു. കിസാൻ സഭ ജില്ല കമ്മിറ്റി അംഗം എം.എം. സാലി, കർഷക തൊഴിലാളി ഫെഡറേഷൻ മണ്ഡലം പ്രസിഡൻറ് അരുൺകുമാർ, സെക്രട്ടറി കെ. സുധാകരൻ, സി.ടി. സിദ്ദീഖ്, ബിജു പച്ചക്കാട്, കെ. ശിവൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ. ശിവൻ (പ്രസി.), ബിജു പച്ചക്കാട് (സെക്ര.) എന്നിവരെ തെരഞ്ഞെടുത്തു. പ്രവേശന കൗൺസലിങ് ആലപ്പുഴ: ചെങ്ങന്നൂർ ഗവ. ഐ.ടി.ഐയിൽ പ്രവേശനത്തിനുള്ള മെട്രിക് ട്രേഡുകളിലെ കൗൺസലിങ് 11, 13 തീയതികളിലും നോൺ മെട്രിക്, എസ്.സി.വി.ടി ട്രേഡുകളിലേത് 16നും നടക്കും. റാങ്ക് ലിസ്റ്റ് ഐ.ടി.ഐയിലും www.itichengannur.kerala എന്ന വെബ്സൈറ്റിലും ലഭ്യമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.