അരൂർ: രണ്ടുദിവസം തോരാതെ പെയ്ത മഴ അരൂർ മേഖലയിൽ താഴ്ന്ന പ്രദേശങ്ങളെ പൂർണമായും വെള്ളത്തിലാക്കി. നിരവധി വീടുകളിൽ വെള്ളം കയറി. സപ്ലൈകോയുടെ തുറവൂർ ചില്ലറ വിൽപനശാലക്ക് മുന്നിൽ ഒന്നരയടിയോളം വെള്ളം പൊങ്ങി. അരൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ മുഴുവൻ റോഡുകളും വെള്ളത്തിൽ മുങ്ങി. ദേശീയപാതയിൽ അരൂർ മുതൽ തുറവൂർ വരെ ഏഴ് സ്ഥലങ്ങളിൽ വെള്ളക്കെട്ട് ശക്തമാണ്. മഴയോടൊപ്പം ആഞ്ഞടിച്ച കാറ്റിലും ഏറെ നാശനഷ്ടമുണ്ടായി. വാഴ ഉൾപ്പെടെ പച്ചക്കറി കൃഷികൾ നശിച്ചു. ഓണത്തിന് വിളവെടുക്കാൻ മേഖലയിലെ മുഴുവൻ പഞ്ചായത്ത് പ്രദേശങ്ങളിലും പച്ചക്കറി കൃഷി നടത്തിയിരുന്നു. വട്ടക്കേരി, അമ്മനേഴം, ഭഗവതിപറമ്പ്, കോട്ടപ്പുറം, കെൽട്രോൺ, ആഞ്ഞിലിക്കാട്, കുമ്പഞ്ഞി, ഫെറി, മുക്കം, പുത്തനങ്ങാടി തുടങ്ങി നിരവധി പ്രദേശങ്ങൾ വെള്ളത്തിലായി. താഴ്ന്ന പ്രദേശങ്ങളിലെ കൃഷികളെല്ലാം വെള്ളത്തിൽ മുങ്ങി. മഴയിൽ മരം റോഡിലേക്ക് വീണു മാന്നാർ: സംസ്ഥാന പാതയിൽ അപകടകരമായി നിൽക്കുന്ന വൃക്ഷങ്ങളിൽ ഒരെണ്ണം രാത്രിയിൽ ശക്തമായ കാറ്റിലും മഴയിലും ഒടിഞ്ഞ് റോഡിന് കുറുകെ വീണു. 11 കെ.വി വൈദ്യുതി ലൈൻ ഉൾെപ്പടെയുള്ളവ തകർന്നു. പകൽസമയമല്ലാത്തതിനാൽ ദുരന്തം ഒഴിവായി. ഫയർഫോഴ്സ്, വൈദ്യുതി വകുപ്പ്, പൊലീസ് എന്നിവ ഉണർന്നുപ്രവർത്തിച്ചതിനെ തുടർന്ന് തിരുവല്ല-കായംകുളം റോഡിലെ ഗതാഗത തടസ്സം രണ്ട് മണിക്കൂർകൊണ്ട് പുനഃസ്ഥാപിച്ചു. മാന്നാർ ആലുംമൂട് മുക്കിന് സമീപം നെടിയത്ത് പപ്പു നായർ മെമ്മോറിയൽ കെട്ടിട സമുച്ചയത്തിന് മുന്നിൽ തണൽ വിരിച്ച് നിന്നിരുന്ന ബദാം മരമാണ് വീണത്. ശിഖരങ്ങൾ മുറിച്ചുമാറ്റി തണൽമരം ഇവിടെത്തന്നെ നിലനിർത്തണമെന്ന ആവശ്യവും ചെവിക്കൊള്ളാൻ ബന്ധപ്പെട്ടവർ തയാറായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.