ചേർത്തല: കോടികളുടെ സ്വത്തിന് ഉടമയായ കടക്കരപ്പള്ളി ബിന്ദു പദ്മനാഭനെ ദുരൂഹ സാഹചര്യത്തിൽ കാണാതായ കേസിലെ ഒന്നാം പ്രതി പള്ളിപ്പുറം സ്വദേശി സി.എം. സെബാസ്റ്റ്യനെ റിമാൻഡ് ചെയ്തു. സെബാസ്റ്റ്യനെ ഒളിവിൽ കഴിയാൻ സഹായിച്ചതിനെ അറസ്റ്റിലായ എം. ബോണിക് ചേര്‍ത്തല ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. എന്നാൽ, തെളിവെടുപ്പിന് അഞ്ച് ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് ചൊവ്വാഴ്ച കോടതിയിൽ അപേക്ഷ നൽകും. ബിന്ദുവിെൻറ പേരിൽ വ്യാജ മുക്ത്യാർ ചമച്ച് വസ്തു തട്ടിയെടുത്തതുമായി ബന്ധപ്പെട്ട് വ്യാജ ഡ്രൈവിങ് ലൈസൻസിന് ഇടപാട് ചെയ്തയാളെ ഇതിനകം അറസ്റ്റ്ചെയ്തു. ഇതോടെ കേസിൽ ആറ് പേർ പിടിയിലായി. സെബാസ്റ്റ്യെൻറ ആവശ്യപ്രകാരം ബിന്ദുവിെൻറ പേരിൽ മേട്ടുപാളയം സ്വദേശി ഷൺമുഖൻ മുഖാന്തരം വ്യാജ ഡ്രൈവിങ് ലൈസൻസ് തരപ്പെടുത്തിയതിനാണ് ചേർത്തല കെ.ആർ. പുരം പടിഞ്ഞാറെ വെളി സി.തങ്കച്ചനെ(54) അറസ്റ്റുചെയ്തത്. കേസിലെ രണ്ടാം പ്രതി ടി. മിനിയെ മൂന്ന് ദിവസം കൂടി കസ്റ്റഡിയിൽ വേണമെന്ന കുത്തിയതോട് സി.ഐയുടെ ആവശ്യം കോടതി അംഗീകരിച്ചു. ബുധനാഴ്ച രാവിലെ 11വരെയാണ് മിനിയെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ വിട്ടത്. തങ്കച്ചനെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും. സെബാസ്റ്റ്യെൻറ പങ്കാളിയും ബന്ധുവുമായ ഒളിവിലുള്ള ഷാജി ജോസഫിനായി പൊലീസ് തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. കേസുണ്ടായാൽ നടത്തിപ്പിന് ഇരുവരും ചേർന്ന് വാരനാട്ടെ പൊതുമേഖല ബാങ്കിൽ നിക്ഷേപിച്ചിരുന്ന 12 ലക്ഷം രൂപ പിൻവലിച്ച് വീതിച്ചെടുത്തതായി വ്യക്തമായി. സെബാസ്റ്റ്യനെ ഒളിവിൽ കഴിയാൻ സഹായിച്ച ബോണിയുടെ കണ്ണൂരിലെ മൂന്ന് സുഹൃത്തുക്കളും ഒളിവിലാണ്. വ്യാജ ഡ്രൈവിങ് ലൈസൻസ് നിർമിച്ച മേട്ടുപാളയം സ്വദേശി ഷൺമുഖനെ പിടികൂടുന്നതിന് പൊലീസ് സംഘം പുറപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പ്രതികളിൽനിന്ന് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിൽ ബിന്ദു ജീവനോടെയുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. എറണാകുളം തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിൽ ഏതാനും വർഷം മുമ്പ് ബിന്ദു ചികിത്സ തേടിയിരുന്നതായ സെബാസ്റ്റ്യെൻറ മൊഴിയുടെ അടിസ്ഥാനത്തിൽ ഇവിടെയും അന്വേഷിക്കുന്നുണ്ട്. ബിന്ദുവിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഇറ്റലിയിലുള്ള സഹോദരൻ പ്രവീൺ കുമാറിനോട് നാട്ടിലെത്താനും പൊലീസ് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.