കൊച്ചി: മത്സരിച്ചുള്ള ചുവരെഴുത്തും തുടർന്നുണ്ടായ തർക്കവുമാണ് അഭിമന്യുവിെൻറ ജീവനെടുത്ത ക്രൂരതയോളമെത്തിയത്. തിങ്കളാഴ്ച മഹാരാജാസിൽ പുതിയ അധ്യയന വർഷാരംഭമായിരുന്നു. നവാഗതരെ സ്വാഗതം ചെയ്യുന്ന പോസ്റ്ററുകൾ പതിക്കുന്നതിനെച്ചൊല്ലിയാണ് തർക്കമുണ്ടായത്. നേരത്തേ ബുക്ക് ചെയ്ത ചുവരുകളിൽ കാമ്പസ് ഫ്രണ്ട് പ്രവർത്തകർ എഴുതിയെന്നാണ് എസ്.എഫ്.ഐ ആരോപിക്കുന്നത്. രണ്ടുകൂട്ടരും മത്സരിച്ച് പോസ്റ്ററുകൾ നീക്കിയത് വാക്തർക്കത്തിനിടയാക്കി. കാമ്പസ് ഫ്രണ്ടിെൻറ ചുവരെഴുത്തിനൊപ്പം 'വർഗീയ സംഘടന തുലയട്ടെ' എന്ന് എഴുതിയതോടെ തർക്കത്തിെൻറ ദിശ മാറുകയായിരുന്നു. ഞായറാഴ്ച രാത്രി എട്ടരയോടെ കോളജിെൻറ പിറകിലെ ഗേറ്റിന് സമീപമായിരുന്നു സംഭവങ്ങളുടെ തുടക്കം. ചെറിയ തർക്കം പറഞ്ഞുതീർത്തെന്ന ധാരണയിൽ ഇരുകൂട്ടരും പിരിഞ്ഞു. എസ്.എഫ്.ഐ പ്രവർത്തകർ ചുവരെഴുത്ത് തുടരുന്നതിനിടെ കാമ്പസ് ഫ്രണ്ട് പ്രവർത്തകർ പുറത്തുനിന്ന് കൂടുതൽ ആളുകളുമായെത്തി. 12.30ഒാടെ വീണ്ടും തർക്കമുണ്ടായി. സംഘർഷത്തിലേക്ക് വഴിമാറുന്നതായി തോന്നിയതോടെ കോളജിലുണ്ടായിരുന്ന എസ്.എഫ്.ഐ പ്രവർത്തകർ ഹോസ്റ്റൽ സെക്രട്ടറികൂടിയായ അഭിമന്യുവിനെ ഫോണിൽ വിളിച്ചു. ലോകകപ്പ് മത്സരം കണ്ടുകൊണ്ടിരുന്ന വിദ്യാർഥികളുമായി അഭിമന്യു കോളജിലേക്കെത്തി. കൈയിൽ പട്ടികക്കഷ്ണങ്ങളുമായാണ് സംഘം എത്തിയത്. കത്തി ഉൾപ്പെടെ മാരകായുധങ്ങളുമായാണ് ഇരുപതോളം കാമ്പസ് ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവർത്തകരെത്തിയത്. ഇത് തിരിച്ചറിഞ്ഞതോടെ എസ്.എഫ്.ഐ പ്രവർത്തകർ ചിതറിയോടി. അതിനിടെയാണ് അഭിമന്യു, അർജുൻ, വിനീത് എന്നിവർക്ക് കുത്തേറ്റത്. കുത്തേറ്റിട്ടും ഓടിയ അഭിമന്യു കുറച്ചുകഴിഞ്ഞപ്പോൾ വീണു. തട്ടിവീണതാകാമെന്നുകരുതി സുഹൃത്തുക്കൾ പൊക്കിയെടുത്തപ്പോഴാണ് നെഞ്ചിൽ കുത്തേറ്റത് കാണുന്നത്. രക്തം ശക്തിയായി പ്രവഹിക്കുന്നനിലയിൽ അഭിമന്യുവിനെ കൈയിലേന്തി തൊട്ടടുത്ത എറണാകുളം ജനറൽ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെ മരണം സംഭവിച്ചു. അക്രമത്തിനുശേഷം കാമ്പസ് ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവർത്തകർ ഓടി രക്ഷപ്പെടുകയായിരുന്നു. എം.ജി റോഡ് കടന്ന് സൗത്ത് റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് ഒാടിയ മൂന്നുപേരെ എസ്.എഫ്.ഐ പ്രവർത്തകരാണ് പിടികൂടിയത്. ഇതിനിടെ അർജുനെയും വിനീതിനെയും മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെത്തിച്ചു. വിനീതിനെ ചികിത്സക്കുശേഷം വിട്ടയച്ചു. ശ്വാസകോശത്തിന് മുറിവേറ്റ അർജുനെ അടിയന്തര ശസ്ത്രക്രിയക്കുശേഷം തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.