കെ.വി.എം ആശുപത്രി സമരം: ചർച്ച പരാജയപ്പെട്ടാൽ ആരോഗ്യ മേഖലയിൽ പണിമുടക്ക്​ ^യു.എൻ.എ

കെ.വി.എം ആശുപത്രി സമരം: ചർച്ച പരാജയപ്പെട്ടാൽ ആരോഗ്യ മേഖലയിൽ പണിമുടക്ക് -യു.എൻ.എ ആലപ്പുഴ: 160 ദിവസമായി തുടരുന്ന ചേർത്തല കെ.വി.എം ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച രാവിലെ കലക്ടറേറ്റ് മാർച്ചും ധർണയും നടത്തി. സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധ സമരത്തി‍​െൻറ ഭാഗമായി ആലപ്പുഴ നഗര ചത്വരത്തിൽനിന്ന് രാവിലെ 10ന് ആരംഭിച്ച മാർച്ചിൽ നിരവധി പുരുഷ-വനിത നഴ്സുമാർ അണിചേർന്നു. കലക്ടറേറ്റ് പടിക്കൽ നടത്തിയ ധർണ സമരം യു.എൻ.എ ദേശീയ അധ്യക്ഷൻ എം.ജാസ്മിൻ ഷാ ഉദ്ഘാടനം ചെയ്തു. ഫെബ്രുവരി ഒന്നിന് സർക്കാർ വിളിച്ചിരിക്കുന്ന ചർച്ച പരാജയപ്പെട്ടാൽ സംസ്ഥാന വ്യാപകമായി സ്വകാര്യ മേഖലയിലെ നഴ്സുമാർ ഒന്നടങ്കം പണിമുടക്കുമെന്നും ആശുപത്രിക്ക് മുന്നിൽ ഇപ്പോൾ നടക്കുന്ന രാപകൽ സമരം റിലേ സത്യഗ്രഹമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. നഴ്സുമാരോട് ഒരു കാരുണ്യവുമില്ലാതെയാണ് സർക്കാർ പെരുമാറുന്നത്. സ്വകാര്യ ആശുപത്രികളിൽ മിനിമം വേതനം ഉറപ്പാക്കാൻ പോലും ഭരണ സംവിധാനത്തിന് കഴിയുന്നില്ല. നിരവധി തവണ നഴ്സുമാരുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയിട്ടും സർക്കാർ അവഗണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സമരത്തിൽ സംസ്ഥാന കമ്മിറ്റി അംഗം ലിസു മൈക്കിൾ അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി എം.പി. സുധീപ്, സംസ്ഥാന വൈസ് പ്രസിഡൻറ് സിബി മുകേഷ്, സംസ്ഥാന സെക്രട്ടറി സുജനപാൽ അച്യുതൻ, കെ.വി.എം യൂനിറ്റ് അംഗം ജിജി ജേക്കബ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.