ഇലക്‌ട്രോണിക് വില്‍പനയില്‍ തട്ടിപ്പ് ; 27 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്​

കൊച്ചി: കമ്പ്യൂട്ടര്‍ അനുബന്ധ ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ വില്‍പന നടത്തുന്ന സ്ഥാപനങ്ങളില്‍ വ്യാപക തട്ടിപ്പ്. പാക്കറ്റുകളില്‍ വില, കമ്പനിയുടെ പേര്, നിര്‍മാണത്തീയതി ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ രേഖപ്പെടുത്താതെ വില്‍പന നടത്തുന്ന കമ്പ്യൂട്ടര്‍ ഇലക്‌ട്രോണിക് സ്ഥാപനങ്ങളില്‍ ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. കൊച്ചിയിലും സമീപ ജില്ലകളിലുമായി നടത്തിയ പരിശോധനയില്‍ 27 സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു. വില തിരുത്തി കൂടിയ വില ഈടാക്കിയ മൂന്ന് സ്ഥാപനങ്ങള്‍ പരിശോധനയില്‍ കുടുങ്ങി. കമ്പ്യൂട്ടര്‍, ഇലക്ട്രോണിക്, ഹാര്‍ഡ് ഡിസ്‌ക്, ബ്ലൂചിപ്‌സ്, ഡാറ്റാ കേബിൾ, ടോണര്‍ തുടങ്ങിയവയുടെ വില്‍പനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഭക്ഷ്യ ഉൽപന്നങ്ങളിലേതുപോലെ അളവ് തൂക്ക നിയമം ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ വില്‍പനയിലും ബാധകമാണ്. എന്നാല്‍, പരിശോധന നടത്തിയ സ്ഥാപനങ്ങളില്‍ ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ പാക്കറ്റുകളില്‍ പരമാവധി വിലയും നിര്‍മിച്ച തിയതിയും രേഖപ്പെടുത്തിയിരുന്നില്ല. വിലയും നിര്‍മാണത്തീയതിയും രേഖപ്പെടുത്താതെ വില്‍പന നടത്തിയ 16 സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു. പാക്കറ്റുകളില്‍ പരമാവധി വില ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നിയമാനുസൃത വലുപ്പത്തില്‍ ചേര്‍ക്കാത്ത കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങൾ വിറ്റ എട്ട് സ്ഥാപനത്തിനെതിരെയും കേസെടുത്തു. ലീഗല്‍ മെട്രോളജി മധ്യമേഖല കണ്‍ട്രോളറുടെ മേല്‍നോട്ടത്തില്‍ നാല് ജില്ലയിലായി നടത്തിയ പരിശോധനയില്‍ അസി.കണ്‍ട്രോളര്‍മാരായ പി.ഷാമോന്‍, കെ.എം.പി. ഇഗ്നേഷ്യസ്, ഇ.അനില്‍കുമാര്‍, അനൂപ് വി. ഉമേഷ്, ഇന്‍സ്‌പെക്ടര്‍മാരായ എസ്. വിമല്‍, മേരി ഫാന്‍സി, റീന, ബാലു എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.