ഓഫിസ് വില്‍പന വിവാദം: പുതിയത് നിര്‍മിക്കാൻ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി

ആലുവ: സ്വന്തമായി ഓഫിസ് നിര്‍മിക്കാന്‍ ആലുവ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി തീരുമാനിച്ചു. നഗരത്തിലെ കോണ്‍ഗ്രസ് ഓഫിസ് വില്‍പന വിവാദത്തെ തുടര്‍ന്നാണ് ബ്ലോക്ക് കമ്മിറ്റിയുടെ തീരുമാനം. ബാങ്ക് കവലയില്‍ പാര്‍ട്ടിയുടെ ഓഫിസായി പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് ഹൗസാണ് വില്‍പന വിവാദത്തില്‍ കുടുങ്ങിയത്. എ ഗ്രൂപ് നേതാവും യു.ഡി.എഫ് ജില്ല ചെയര്‍മാനുമായ എം.ഒ. ജോണി​െൻറ പേരിലാണ് കോണ്‍ഗ്രസ് ഹൗസ്. അതിനാല്‍, അദ്ദേഹം ഈ ഓഫിസ് വില്‍ക്കുകയും മറ്റൊരു സ്ഥലത്ത് ഭൂമി വാങ്ങി കെട്ടിടം പണി ആരംഭിക്കുകയും ചെയ്തു. ഓഫിസ് വില്‍പനക്ക് നീക്കം നടന്നപ്പോള്‍ത്തന്നെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡൻറ് തോപ്പില്‍ അബു ഇതിനെതിരെ രംഗത്തുവരുകയും എ.ഐ.സി.സിക്ക് അടക്കം പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ആലുവയില്‍ എ, ഐ ഗ്രൂപ്പ് വഴക്ക് വീണ്ടും രൂക്ഷമായിരുന്നു. ജോണിനെതിരെ പരാതി നല്‍കിയതോടെ രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം പരിപാടിയുടെ സ്വീകരണം ബഹിഷ്‌കരിക്കാന്‍ എ വിഭാഗം തീരുമാനിച്ചെങ്കിലും നേതൃത്വം ഇടപെട്ടതോടെ തീരുമാനം മാറ്റി. എന്നാല്‍, ഇതിന് ശേഷവും ഗ്രൂപ്പുപോരിന് ശമനമായിട്ടില്ല. സ്വന്തമായി ഓഫിസ് ഇല്ലാത്തത് തങ്ങള്‍ക്ക് ക്ഷീണമാണെന്ന് ഐ വിഭാഗവും അവരുടെ നിയന്ത്രണത്തിലെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയും തിരിച്ചറിഞ്ഞതോടെയാണ് ഓഫിസ് ഉണ്ടാക്കാന്‍ കമ്മിറ്റി തീരുമാനിച്ചത്. സ്വന്തം ഓഫിസില്ലാത്തതിനാല്‍ കേന്ദ്രീകൃത സംഘടന പ്രവര്‍ത്തനം നടക്കുന്നില്ലെന്ന് ഭാരവാഹികള്‍ ബ്ലോക്ക് കമ്മിറ്റി യോഗങ്ങളിലും അല്ലാതെയും പരാതികള്‍ ഉന്നയിച്ചിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് ഓഫിസ് നിർമിക്കാന്‍ തീരുമാനിച്ചത്. ബ്ലോക്ക് കമ്മിറ്റി യോഗത്തില്‍ പ്രസിഡൻറ് തോപ്പില്‍ അബു അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ആഹ്വാന പ്രകാരം സംസ്ഥാന സര്‍ക്കാറി​െൻറ തെറ്റായ നയങ്ങള്‍ക്കെതിരെ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബുധനാഴ്ച ധര്‍ണ നടത്തും. മിനി സിവില്‍ സ്‌റ്റേഷന് മുന്നില്‍ രാവിലെ പത്തിനാണ് ധര്‍ണ. അന്‍വര്‍ സാദത്ത് എം.എല്‍.എ, മുന്‍ എം.എല്‍.എ എം.എ. ചന്ദ്രശേഖരന്‍, ഐ.എന്‍.ടി.യു.സി സംസ്ഥാന സെക്രട്ടറി വി.പി. ജോര്‍ജ്, ഡി.സി.സി വൈസ് പ്രസിഡൻറ് മുഹമ്മദ് ഷിയാസ്, സെക്രട്ടറി ബാബു പുത്തനങ്ങാടി, എം.ജെ. ജോമി, യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ ലത്തീഫ് പൂഴിത്തറ, മുഹമ്മദ് ഷഫീഖ്, ഐ.എന്‍.ടി.യു.സി നിയോജക മണ്ഡലം പ്രസിഡൻറ് ആനന്ദ് ജോര്‍ജ്, ന്യൂനപക്ഷ വിഭാഗം നിയോജക മണ്ഡലം പ്രസിഡൻറ് മുഹമ്മദ് സഹീര്‍, എം.പി. സൈമണ്‍, എന്‍. പങ്കജാക്ഷന്‍ പിള്ള, മണ്ഡലം പ്രസിഡൻറുമാരായ എ.കെ. മുഹമ്മദാലി, പി.വൈ. യൂസുഫ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.