പണം അടച്ചിട്ടും തെരുവുവിളക്ക് പദ്ധതി നടപ്പായില്ല; പ്രക്ഷോഭത്തിനൊരുങ്ങി ജനപ്രതിനിധികൾ

മണ്ണഞ്ചേരി: പണം അടച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മണ്ണഞ്ചേരി പഞ്ചായത്തില്‍ തെരുവുവിളക്ക് പദ്ധതി നടപ്പാക്കുന്നതിൽ വൈദ്യുതി വകുപ്പിന് നിസ്സംഗത. സാധനസാമഗ്രികളുടെ അഭാവമാണ് പദ്ധതി നടപ്പാക്കാന്‍ കഴിയാത്തതെന്ന് വൈദ്യുതി വകുപ്പ് അധികൃതര്‍. പഞ്ചായത്തിലെ 15 വാര്‍ഡ് ഉള്‍പ്പെടുത്തി തെരുവുവിളക്ക് സ്ഥാപിക്കാൻ ലൈന്‍ വലിക്കുന്ന പദ്ധതിക്ക് 15,68,646 രൂപയാണ് 2015--16ലും 2016--17ലും പദ്ധതി വിഹിതത്തില്‍നിന്ന് കെ.എസ്.ഇ.ബി കലവൂര്‍ സെക്ഷന്‍ ഓഫിസില്‍ അടച്ചത്. വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ തയാറാക്കിയ എസ്റ്റിമേറ്റ് പ്രകാരമാണ് ഓരോ വാര്‍ഡിലെയും തുക നിശ്ചയിച്ച് അടച്ചത്. പണം അടച്ചശേഷം ചില വാര്‍ഡുകളില്‍ പോസ്റ്റുകള്‍ സ്ഥാപിച്ചതൊഴിച്ചാല്‍ മറ്റൊന്നും ചെയ്യാന്‍ കെ.എസ്.ഇ.ബി അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. സാധന സാമഗ്രികള്‍ എത്തിച്ചുനല്‍കാത്തതാണ് പ്രധാന തടസ്സമെന്നും പലതവണ അധികൃതര്‍ക്ക് കത്തയച്ചതാണെന്നും തങ്ങള്‍ നിസ്സഹായരാണെന്നും സെക്ഷന്‍ അസിസ്റ്റൻറ് എക്‌സിക്യൂട്ടിവ് എൻജിനീയര്‍ പറഞ്ഞു. നാട്ടുകാരുടെ നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് അധികൃതര്‍ ഈ പദ്ധതിക്ക് അംഗീകാരം നല്‍കിയത്. എന്നാല്‍, ഇത്ര കാലമായിട്ടും പഞ്ചായത്ത് നിര്‍ദേശിച്ച പാതകളില്‍ വഴിവിളക്കുകള്‍ പ്രകാശിപ്പിക്കാന്‍ കഴിയാത്തതില്‍ വ്യാപക പ്രതിഷേധം ഉയരുകയാണ്. കെ.എസ്.ഇ.ബി അധികൃതരുടെ അവഗണനയില്‍ പ്രതിഷേധിച്ച് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. ഒന്നാം വാര്‍ഡിലെ എന്‍.എച്ച് 47--കുഴിപ്പാട്ട്-വരകാടി -ബണ്ട് റോഡ്- 91,800 രൂപ, പുളിക്കിയില്‍-കണ്ണാട്ട് റോഡ് -1,25,000 രൂപ, രണ്ടാം വാര്‍ഡിലെ കണ്ണാട്ട്-മുറവനാട്-പുളിക്കല്‍ റോഡ് -69,750 രൂപ, അഞ്ചാംവാര്‍ഡിലെ കളരിക്കല്‍-പുത്തന്‍ചിറ റോഡിന് 89,850 രൂപ, കളരിക്കല്‍-ഏറമംഗലം റോഡ് 98,850 രൂപ, ആറാം വാര്‍ഡില്‍ അടിവാരം-അത്തര്‍മുക്ക് റോഡ് 95,075 രൂപ, ഏഴാം വാര്‍ഡില്‍ ഏറനാട്-കോളഭാഗം റോഡ് 1,00,846 രൂപ, എട്ടാംവാര്‍ഡില്‍ കാഞ്ഞിരത്തറ-ഉത്തരപ്പള്ളി റോഡ് 99,765 രൂപ, ഒമ്പതാം വാര്‍ഡില്‍ ഓള്‍ഡ് സ്റ്റാര്‍-വിരിശ്ശേരി ജെട്ടി -പാവയ്ക്കാകുന്നത്ത് കായലോരം റോഡ് 99,939 രൂപ, 10-ാം വാര്‍ഡില്‍ കുട്ടറവലിയപോറില്‍ റോഡ് 49,995 രൂപ, പൂന്തോപ്പ് ജങ്ഷന്‍-കായലോരം റോഡ് 49,877 രൂപ, 13-ാം വാർഡിൽ മടയാംതോട് പടിഞ്ഞാറ് ജങ്ഷന്‍വരെ 1,00,835 രൂപ, 14-ാം വാര്‍ഡില്‍ ബര്‍ണാഡ് ജങ്ഷന്‍-ആപ്പര്‍കോളനി, ഗുരുമന്ദിരം-ആണി കമ്പനി റോഡ് -1,00,914 രൂപ, 17-ാം വാര്‍ഡില്‍ അടിവാരം-പരപ്പില്‍വെളി റോഡ് 49,320 രൂപ, 18-ാം വാര്‍ഡില്‍ വലിയവീട് ക്ഷേത്രം റോഡില്‍നിന്ന് വടക്കോട്ട് 48,700 രൂപ, 21-ാം വാര്‍ഡില്‍ കടിയംപള്ളി-എ.എസ് കനാല്‍ റോഡ് 94,300 രൂപ, ഗുരുമന്ദിരം പനയില്‍ ജങ്ഷന്‍ റോഡ് 5400 രൂപ, 22-ാം വാര്‍ഡില്‍ ആലാംചേരി- വിരിശ്ശേരി റോഡ് 31,770 രൂപ, മനിച്ചന്‍ തയ്യില്‍ -മാണാപ്പറമ്പ് റോഡ് 66,310 രൂപ, 23-ാം വാര്‍ഡില്‍ ബ്ലോക്ക് ഓഫിസ്-എന്‍.എച്ച് റോഡ് 54,270 രൂപ, എന്‍.എച്ച് 47-തകിടിവെളി കോളനി റോഡ് 29,100 രൂപ, ബ്ലോക്ക് ഓഫിസ്-ബ്ലോക്ക് പാലം റോഡ് 16,480 രൂപ ക്രമത്തിലാണ് എസ്റ്റിമേറ്റ് തുക അടച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.