ബസ് ​ജീവനക്കാരെ മർദിച്ച സംഭവം; പെട്രോൾ പമ്പ്​ മാർച്ച് പൊലീസ് തടഞ്ഞു

അരൂർ: സ്വകാര്യ ബസ് ജീവനക്കാരായ രണ്ടുപേരെ വെട്ടിപ്പരിക്കേൽപിച്ച സംഭവവുമായി ബന്ധപ്പെട്ട് എരമല്ലൂർ കണ്ണുകുളങ്ങര പെട്രോൾ പമ്പിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. സി.െഎ.ടി.യു നേതൃത്വത്തിലായിരുന്നു മാർച്ച്. എരമല്ലൂർ കവലയിൽനിന്ന് ആരംഭിച്ച മാർച്ച് പെട്രോൾ പമ്പിന് സമീപം കുത്തിയതോട് സി.െഎ കെ. സജീവ്, അരൂർ എസ്.െഎ കെ.എൻ. മനോജ് എന്നിവരുടെ നേതൃത്വത്തിലാണ് തടഞ്ഞത്. ചേർത്തല ഡിവൈ.എസ്.പി എ.ജി. ലാലും സ്ഥലത്ത് എത്തിയിരുന്നു. അരൂർ, കുത്തിയതോട്, പട്ടണക്കാട്, പൂച്ചാക്കൽ സ്റ്റേഷനുകളിലെയും ആലപ്പുഴ എ.ആർ ക്യാമ്പിലെയും പൊലീസ് സ്ഥലത്ത് എത്തിയിരുന്നു. എരമല്ലൂർ-കലൂർ റൂട്ടിലോടുന്ന പ്രതീക്ഷ ബസിലെ ഡ്രൈവർ അനിൽകുമാർ (30), കണ്ടക്ടർ ശ്രീകാന്ത് (25) എന്നിവർക്കാണ് വെട്ടേറ്റത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കഴിയുന്ന അനിൽകുമാർ അപകടനില തരണംചെയ്തിട്ടില്ല. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. പെട്രോൾ പമ്പിന് മുന്നിലെ തണൽ മരത്തി​െൻറ ശിഖരങ്ങൾ വെട്ടുകയും അനധികൃതമായി പൈപ്പ് ഉപയോഗിച്ച് സംരക്ഷണഭിത്തി കെട്ടുകയും ചെയ്തത് ബസ് ജീവനക്കാർ ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം. രാത്രി ട്രിപ്പ് കഴിഞ്ഞ് ഇവിടെ സ്വകാര്യ ബസുകൾ പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയും തർക്കം നിലനിന്നിരുന്നു. സി.പി.എം സംസ്ഥാന സമിതി അംഗം സി.ബി. ചന്ദ്രബാബു മാർച്ച് ഉദ്ഘാടനം ചെയ്തു. മോട്ടോർ തൊഴിലാളി യൂനിയൻ ജില്ല സെക്രട്ടറി മനു സി. പുളിക്കൽ, പി.ടി. പ്രദീപൻ, പി.ഡി. രമേശൻ, പി.എച്ച്. തങ്കച്ചൻ എന്നിവർ സംസാരിച്ചു. പ്രതികളെ ഉടൻ പിടികൂടാൻ പൊലീസ് തയാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് തൊഴിലാളി യൂനിയൻ നേതാക്കൾ മുന്നറിയിപ്പ് നൽകി. സംഭവത്തെ തുടർന്ന് ബുധൻ, വ്യാഴം ദിവസങ്ങളിൽ പെട്രോൾ പമ്പ് പ്രവർത്തിച്ചില്ല. ബസ് തൊഴിലാളികൾ സംഘടിച്ച് പമ്പ് അടപ്പിക്കുകയായിരുന്നു. ദേശീയപാത അധികൃതരുടെയും വനം വകുപ്പി​െൻറയും അനുമതിയില്ലാതെയാണ് ശിഖരങ്ങൾ മുറിക്കുകയും അനധികൃത നിർമാണം നടത്തുകയും ചെയ്തതെന്ന് എഴുപുന്ന പഞ്ചായത്ത് അധികൃതർ പറഞ്ഞു. സ്വകാര്യ ബസുകൾ ട്രിപ്പ് കഴിഞ്ഞ് പാർക്ക് ചെയ്യാതിരിക്കാനാണ് സർക്കാർ സ്ഥലത്ത് അനധികൃത നിർമാണം നടത്തിയതെന്ന് സി.െഎ.ടി.യു നേതാക്കളായ പി.ടി. പ്രദീപൻ, പി.ഡി. രമേശൻ എന്നിവർ പറഞ്ഞു. വനം വകുപ്പിനും ദേശീയപാത അധികൃതർക്കും ഇതുസംബന്ധിച്ച് പരാതി നൽകുമെന്നും നേതാക്കൾ പറഞ്ഞു. സ്വകാര്യ ബസ് പണിമുടക്ക് ജനങ്ങളെ വലച്ചു അരൂർ: എരമല്ലൂർ പെട്രോൾ പമ്പിന് സമീപം സ്വകാര്യ ബസ് ജീവനക്കാരെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ചേർത്തല-എറണാകുളം, എരമല്ലൂർ-എറണാകുളം, എറണാകുളം-അരൂക്കുറ്റി, ചേർത്തല-അരൂർ-മുക്കം റൂട്ടുകളിലെ സ്വകാര്യ ബസുകൾ പണിമുടക്കിയത് യാത്രക്കാരെ വലച്ചു. രാവിലെ സ്കൂൾ-കോളജുകളിലേക്ക് പോകേണ്ട വിദ്യാർഥികൾക്കും വ തൊഴിലാളികൾക്കും കെ.എസ്.ആർ.ടി.സി ബസ് മാത്രമായിരുന്നു ആശ്രയം. കെ.എസ്.ആർ.ടി.സി ബസുകൾ തിങ്ങിനിറഞ്ഞതുമൂലം നിരവധി യാത്രക്കാർക്ക് കയറിപ്പറ്റാൻ കഴിഞ്ഞില്ല. ഗോവണിയിൽവരെ യാത്രക്കാർ തൂങ്ങിക്കിടക്കുകയായിരുന്നു. അരൂർ, എരമല്ലൂർ, ചന്തിരൂർ എന്നീ സ്റ്റോപ്പുകളിൽ കെ.എസ്.ആർ.ടി.സി ബസിനായി ഏറെനേരം കാത്തുനിൽക്കേണ്ടി വന്നു. വിദ്യാർഥികളിൽ ഭൂരിഭാഗവും സ്കൂളിൽ പോകാനാകാതെ മടങ്ങി. സ്വകാര്യ ബസ് പണിമുടക്ക് ശ്രദ്ധിയിൽപെട്ടിട്ടും ചേർത്തല-വൈറ്റില റൂട്ടിൽ കൂടുതൽ സർവിസ് നടത്താൻ കെ.എസ്.ആർ.ടി.സി അധികൃതർ തയാറായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.