കെ.എസ്​.ആർ.ടി.സി: ചെയ്യേണ്ടതെല്ലാം ചെയ്​തിട്ടും ഗുണമുണ്ടായില്ലെന്ന്​ സർക്കാർ

കൊച്ചി: സർക്കാറിന് സാധിക്കാവുന്ന എല്ലാ സഹായങ്ങളും ചെയ്തിട്ടും കെ.എസ്.ആർ.ടി.സിയെ പ്രതിസന്ധിയിൽനിന്ന് രക്ഷിക്കാനായില്ലെന്ന് സർക്കാർ ഹൈകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. ദൈനംദിന ചെലവുകള്‍ക്കുപുറമെ പെന്‍ഷന്‍ നല്‍കാനുള്ള തുക കണ്ടെത്താന്‍ കെ.എസ്.ആർ.ടി.സിക്ക് കഴിയാറില്ല. ബാധ്യത വീട്ടാന്‍ കടമെടുത്ത് വലിയ സാമ്പത്തിക ബാധ്യതയിലാണ് ഇപ്പോൾ. കെ.എസ്.ആർ.ടി.സിയുടെ വരവും ചെലവും തമ്മിെല അന്തരം 140 കോടിയാണ്. മുന്‍ വായ്പകളുടെ തിരിച്ചടവിനായി 88 കോടിയാണ് പ്രതിമാസം വേണ്ടത്. ജീവനക്കാരുടെ ശമ്പളംപോലും സമയത്തിന് നല്‍കാന്‍ കഴിയുന്നില്ല. 2015 ഏപ്രില്‍ മുതല്‍ സര്‍ക്കാര്‍ സഹായത്തോടെയാണ് പെന്‍ഷന്‍ നല്‍കുന്നത്. പെൻഷൻ നൽകാൻ 30 കോടിയാണ് പ്രതിമാസം സര്‍ക്കാര്‍ നല്‍കുന്നത്. വിവിധ വിഭാഗങ്ങള്‍ക്ക് യാത്രയിളവ് അനുവദിക്കുന്നതും കെ.എസ്.ആർ.ടി.സിക്ക് ബാധ്യതയുണ്ടാക്കുന്നു. പദ്ധതിയിതര വിഹിതമായി 200 കോടി വകയിരുത്തിയെങ്കിലും പെന്‍ഷനും ശമ്പളവും നല്‍കിയതിനാല്‍ കാര്യമായൊന്നും ബാക്കിയില്ല. സെപ്റ്റംബറിലെ ശമ്പളത്തിനായി 100 കോടിയാണ് അനുവദിച്ചത്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയാണ് ചെയ്തത്. രാജ്യത്തെ ഒരു റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനും സ്വന്തം വരുമാനത്തി​െൻറ വിഹിതം ജീവനക്കാര്‍ക്ക് പെന്‍ഷനായി നൽകുന്നില്ല. പെൻഷൻ നൽകാത്തതിനെതിരെ നൽകിയ ഹരജികളിൽ ജീവനക്കാർക്ക് അനുകൂലമായുണ്ടായ കോടതി വിധികൾ നടപ്പാക്കാൻ ഒരുങ്ങിയാൽ കോർപറേഷ​െൻറ ദൈനംദിന പ്രവർത്തനങ്ങൾ വരെ നിലക്കുന്ന അവസ്ഥയാണുള്ളത്. പ്രതിസന്ധി മറികടക്കാന്‍ നടത്തുന്ന വായ്പ പുനഃസംഘടന പരിപാടി ഫലം ചെയ്യുമെന്നാണ് കരുതുന്നത്. ജില്ല സഹകരണ ബാങ്കുകളില്‍നിന്ന് 140 കോടി രൂപ വായ്പ എടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുള്ളതായും സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു. കെ.എസ്.ആർ.ടി.സിയുടെ പ്രതിമാസ നഷ്ടം 170 കോടി െകാച്ചി: മാസം തോറും 170 കോടി രൂപ നഷ്ടത്തിലാണ് സർവിസ് നടത്തിക്കൊണ്ടുപോകുന്നതെന്ന് കെ.എസ്.ആർ.ടി.സി ഹൈകോടതിയിൽ. പെന്‍ഷന്‍ അടക്കം ചെലവ് 345 കോടിയാണ്. വരുമാനം 175 കോടിയും. 191 കോടിയും പ്രവര്‍ത്തന ചെലവാണ്. പെന്‍ഷന് 60 കോടിയും ശമ്പളത്തിന് 85.5 കോടിയുമാണ് ചെലവാകുന്നത്. പെന്‍ഷന്‍ നല്‍കാന്‍ വേണ്ട വിഭവങ്ങളോ കരുതൽ ധനമോ കെ.എസ്.ആർ.ടി.സിയുടെ പക്കലില്ല. സര്‍ക്കാറാണ് വരുമാനവും ചെലവും നിയന്ത്രിക്കുന്നത്. വിവിധ മേഖലകളിലുള്ളവർക്ക് യാത്രയിളവ് നല്‍കുന്നത് സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ്. ഇത് കോര്‍പറേഷ​െൻറ വരുമാനത്തെ പ്രതികൂലമായി ബാധിക്കുന്നു. ബാധ്യത നേരിടാന്‍ വായ്പയെടുത്തതും അതിലും വലിയ സാമ്പത്തിക ബാധ്യതക്ക് കാരണമായി. സാമൂഹിക ഉത്തരവാദിത്തം നിറവേറ്റിയത് പരിഗണിക്കുേമ്പാൾ സർക്കാറിൽനിന്ന് സാമ്പത്തിക സഹായം മാത്രം മതിയാവില്ല. ഇന്ധനവിലയും സ്‌പെയര്‍പാര്‍ട്‌സ് വിലയും നിരന്തരം വര്‍ധിച്ചിട്ടും ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ കെ.എസ്.ആർ.ടി.സിക്ക് സ്വാതന്ത്ര്യമില്ല. ജീവനക്കാരുടെ ക്ഷാമബത്തയും സര്‍ക്കാര്‍ കാലാകാലങ്ങളില്‍ വര്‍ധിപ്പിക്കുന്നത് സാമ്പത്തിക പ്രതിസന്ധി വര്‍ധിപ്പിക്കുന്നു. പെന്‍ഷന്‍ ബാധ്യത ശിക്ഷ പോലെയാണ്. സര്‍ക്കാര്‍ നിരക്കിലാണ് മുന്‍ ജീവനക്കാര്‍ക്ക് കോര്‍പറേഷന്‍ പെന്‍ഷന്‍ നല്‍കുന്നത്. ഇൗ സാഹചര്യത്തിൽ സാമ്പത്തിക പ്രതിസന്ധിയിൽ കോര്‍പറേഷനെ സഹായിക്കാനുള്ള ഉത്തരവാദിത്തത്തില്‍നിന്ന് സര്‍ക്കാറിന് ഒഴിഞ്ഞുമാറാനാകില്ലെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.