കാലടി: ധനുമാസത്തിലെ തിരുവാതിരനാളിൽ തിരുവൈരാണിക്കുളം ക്ഷേത്രസന്നിധിയിൽ വ്രതംനോറ്റ അംഗനമാർ ഉറക്കമൊഴിഞ്ഞ് പൂത്തിരുവാതിര കൊണ്ടാടി. നടതുറപ്പ് മഹോത്സവത്തിന് തുടക്കം കുറിച്ചാണ് തിരുവാതിര അരങ്ങേറിയത്. കേരളീയ ശൈലിയിൽ കസവ് ഞൊറിഞ്ഞുടുത്ത സുമംഗലികളും കന്യകമാരും പാടിപ്പതിഞ്ഞ ശീലുകൾ ഒത്തുപാടി ചുവടുെവച്ചു. പതിവ് ചിട്ടവട്ടങ്ങളിൽനിന്ന് വ്യത്യസ്തമാണ് ഇൗ തിരുവാതിരക്കളി. ക്ഷേത്രനട അടഞ്ഞുകിടക്കുന്നതിനാൽ കുരവയില്ലാതെയാണ് തിരുവാതിരക്കളി ആരംഭിക്കുന്നത്. രാത്രി നട അടച്ച് ദേവിയെ കൂത്തമ്പലത്തിലേക്ക് എഴുന്നള്ളിച്ച് ഇരുത്തിയശേഷം 10 മണിയോടെ ശ്രീപാർവതീദേവിയുടെ നടയ്ക്കൽ ഒത്തുകൂടിയ മങ്കമാർ കിണ്ടിയിൽ വെള്ളം, നിലവിളക്ക്, ആവണപ്പലക എന്നിവെവച്ച് സരസ്വതീ സ്തുതിയോടെ ആടിത്തുടങ്ങി. പത്തുവൃത്തമാടി 12 മണിയോടെ മഹാദേവ സ്തുതിയോടെ നിർത്തിയശേഷം പാതിരാപ്പൂ, ദശപുഷ്പം, അടയ്ക്കാമണിയൻ എന്നിവ പറിക്കാൻ ക്ഷേത്ര പരിസരങ്ങളിലേക്ക് പിരിഞ്ഞു. തിരികെയെത്തി അടയ്ക്കാമണിയൻ കുഴിച്ചു നട്ടു. വിവാഹം കഴിഞ്ഞ് ആദ്യ തിരുവാതിര ആഘോഷിക്കുന്ന പൂത്തിരുവാതിരക്കാരെ ആവണപ്പലകയിൽ ഇരുത്തി, മറ്റുള്ളവർ ചുറ്റുംനിന്നു പാട്ടുപാടി. തുടർന്ന് ശ്രീപാർവതീദേവിയുടെ നടയ്ക്കൽ എത്തി വടക്ക്, തെക്ക്, മുൻ-പിൻ ദിശകളിൽ പാതിരാപ്പൂ ഉഴിഞ്ഞിട്ടു. അവശേഷിച്ച പാതിരാപ്പൂ തലയിൽ ചൂടി, മൂന്നുംകൂട്ടി മുറുക്കി. പിന്നാലെ വഞ്ചിപ്പാട്ട്, കുമ്മി, കണ്ണനാമുണ്ണി എന്നിവ ചൊല്ലിയാടി തീർന്നപ്പോഴേക്കും നേരം പുലർന്നുതുടങ്ങി. പുലർച്ച ക്ഷേത്രത്തിലെ തീർഥം സേവിച്ച് വ്രതം അവസാനിപ്പിച്ചശേഷം ദേവിയെ തൊഴുതാണ് ചടങ്ങുകൾ അവസാനിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഡി.ജി.പിമാരായ അനന്തകൃഷ്ണൻ, കെ. പത്്മകുമാർ, ഐ.ജി പി. വിജയൻ, കൊല്ലം ഡി.സി.സി പ്രസിഡൻറ് ബിന്ദു കൃഷ്ണ തുടങ്ങിയവർ ദർശനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.