ബിജുരാജ് ജീവനൊടുക്കിയത് വാണിജ്യനികുതി വകുപ്പിെൻറ പീഡനം മൂലം -വ്യാപാരി വ്യവസായി ഏകോപന സമിതി മാവേലിക്കര താലൂക്കിൽ നാളെ കടകൾ അടച്ച് ഹർത്താൽ ആചരിക്കും ചാരുംമൂട്: നൂറനാട്ട് റബർ വ്യാപാരി ജീവനൊടുക്കിയത് വാണിജ്യനികുതി വകുപ്പിെൻറ പീഡനം മൂലമാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഉദ്യോഗസ്ഥ നടപടിയിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച മാവേലിക്കര താലൂക്കിൽ കടകൾ അടച്ച് ഹർത്താൽ ആചരിക്കും. നൂറനാട് ഉളവുക്കാട് പൊയ്കയിൽ വീട്ടിൽ ബിജുരാജാണ് (38) വെള്ളിയാഴ്ച കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്. റബർ വ്യാപാരിയായിരുന്ന ബിജുരാജ് നാല് ലക്ഷത്തോളം രൂപ നികുതിയിനത്തിൽ 15 ദിവസത്തിനുള്ളിൽ അടക്കണമെന്ന് കാണിച്ച് കഴിഞ്ഞദിവസം വാണിജ്യനികുതി വകുപ്പിെൻറ നോട്ടീസ് ലഭിച്ചിരുന്നു. എന്നാൽ, റബർ വ്യാപാരം നഷ്ടത്തിലായി സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്ന ഇദ്ദേഹത്തിന് പണം അടക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. ആത്മഹത്യക്ക് പ്രേരണയായത് ഉദ്യോഗസ്ഥരുടെ നടപടിയാണ്. ഇതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ ആചരിക്കാനും ആദായ നികുതി ഓഫിസിന് മുന്നിൽ ധർണ നടത്താനും മാവേലിക്കര താലൂക്ക് കമ്മിറ്റി തീരുമാനിച്ചത്. ബിജുരാജിെൻറ മരണത്തോടെ ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്ന കുടുംബം നിരാലംബരായിരിക്കുകയാണ്. കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ പ്രസിഡൻറ് എം.എസ്. സലാമത്ത്, സെക്രട്ടറി ടി.വി. അജിത്ത്, ആർ. ഹരിശങ്കർ, ജി. മണിക്കുട്ടൻ, എബ്രഹാം വർഗീസ് പറമ്പിൽ, എസ്. ഗിരീഷ്, മഹേന്ദ്രദാസ്, മുരുകാനന്ദൻ, കെ. ഫസൽ അലിഖാൻ എന്നിവർ പങ്കെടുത്തു. വളർത്തുനായുടെ മൂത്രാശയ സഞ്ചിയിലെ കല്ലുകൾ നീക്കംചെയ്തു ചെങ്ങന്നൂർ: വളർത്തുനായുടെ മൂത്രാശയ സഞ്ചിയിൽനിന്നും കല്ലുകൾ ശസ്ത്രക്രിയയിലൂടെ നീക്കംചെയ്തു. ആറന്മുള മലയുടെ ചരുവിൽ കേശവെൻറ എട്ട് വയസ്സുള്ള ഡാഷ് ഇനത്തിൽപെട്ട നായുടെ മൂത്രാശയ സഞ്ചിയിലാണ് കല്ലിെൻറ ശേഖരം കണ്ടെത്തിയത്. കഴിഞ്ഞ ഒരുമാസമായി മൂത്രം ഒഴിക്കാനുള്ള ബുദ്ധിമുട്ടും മൂത്രം ഒഴിക്കുമ്പോൾ രക്തസ്രാവവും കണ്ടതിനെ തുടർന്നാണ് നായയെ ചെങ്ങന്നൂർ മൃഗാശുപത്രിയിൽ പരിശോധനക്ക് എത്തിച്ചത്. വിദഗ്ധ പരിശോധനയിലും തുടർന്ന് നടത്തിയ എക്സറേയിലും മൂത്രാശയത്തിലെ കല്ലുകൾ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെ സർജൻ ഡോ. ദീപു ഫിലിപ് മാത്യുവിെൻറ നേതൃത്വത്തിലുള്ള ഒമ്പത് അംഗ വിദഗ്ധ ഡോക്ടർമാരുടെ സംഘം രണ്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ കല്ലുകൾ മുഴുവൻ നീക്കംചെയ്തു. ഡോ. ടി.ആർ. രശ്മി, ഡോ. മീനു മനോഹർ, ഡോ. മെറിൻ, ഡോ. ജിജി സണ്ണി, ഡോ. കൃപ, ഡോ. ഷാനീസ് മൃസ, ഡോ. എബ്രഹാം, ഡോ. ആരതി എന്നിവരും ശസ്ത്രക്രിയയിൽ പങ്കാളിയായി. നായ്ക്കളിൽ കല്ല് കാണുന്നത് അപൂർവമാണെന്ന് ഡോക്ടർമാർ പറഞ്ഞു. സങ്കീർണമായ ഒട്ടേറെ ശസ്ത്രക്രിയകൾ വിജയകരമായി നടത്തിയ ആളാണ് ഡോ. ദീപു ഫിലിപ് മാത്യു. നായ് സുഖംപ്രാപിച്ച് വരുന്നു. പിക്കപ്പ് വാൻ മോഷണം പോയതായി പരാതി ഹരിപ്പാട്: പ്ലൈവുഡ് ഷോപ്പിലെ പിക്കപ്പ് വാൻ മോഷണം പോയതായി പരാതി. നങ്ങ്യാർകുളങ്ങര ജങ്ഷനിൽ ശ്രേയസ് ഏജൻസി നടത്തുന്ന സുരേഷിെൻറ കെ.എൽ 29 -2675 നമ്പരിലുള്ള പിക്കപ്പ് വാനാണ് മോഷണം പോയത്. ബുധനാഴ്ച പുലർച്ചെയാണ് മോഷണം നടന്നത്. രാവിലെ കടയിലെത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. ഹരിപ്പാട് പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.