ഇന്ധനവില താഴ്​ന്നു​; ആശ്വാസം താൽക്കാലികം

നികുതി കുറക്കാതെ ഇന്ധനവിലയിൽ ആശ്വാസകരമായ കുറവ് ഉണ്ടാകില്ലെന്ന് എണ്ണക്കമ്പനികൾ കൊച്ചി: കുതിച്ചുയർന്ന ഇന്ധനവില നേരിയ തോതിൽ താഴേക്ക്. ഡീസൽ വില സർവകാല റെക്കോഡിലെത്തുകയും പെട്രോൾ വില ആഴ്ചകളോളം ഉയർന്ന നിലയിൽ തുടരുകയും ചെയ്തശേഷമാണ് വിലക്കുറവ് പ്രകടമായത്. എന്നാൽ, ആശ്വാസം താൽക്കാലികമെന്നാണ് സൂചന. ഇൗ മാസം ആദ്യം പെട്രോൾ ലിറ്ററിന് തിരുവനന്തപുരത്ത് 77.26ഉം കൊച്ചിയിൽ 75.80 ഉം രൂപ ആയിരുന്നു. ചൊവ്വാഴ്ച ഇത് യഥാക്രമം 75.60ഉം 74.29ഉം രൂപയാണ്. ഡീസൽ വില ഇൗ മാസം തിരുവനന്തപുരത്ത് 69.58 രൂപയിൽനിന്ന് 67.63 രൂപയായും കൊച്ചിയിൽ 68.04 രൂപയിൽനിന്ന് 66.35 രൂപയായും കുറഞ്ഞു. അസംസ്കൃത എണ്ണ വിലയിലുണ്ടായ കുറവും അമേരിക്ക ഉൽപാദനം വർധിപ്പിച്ചതുമാണ് വിലക്കുറവിന് കാരണമായി പറയപ്പെടുന്നത്. ശൈത്യകാലം അവസാനിക്കുന്നതോടെ ഇന്ധനവില കുറയുന്ന പ്രവണതയുമുണ്ട്. എന്നാൽ, അസംസ്കൃത എണ്ണവിലയും ഇന്ധനവിപണിയുടെ അവസ്ഥയും പ്രവചനാതീതമാണെന്നും അതുകൊണ്ടുതന്നെ ഇപ്പോഴത്തെ വിലക്കുറവ് താൽക്കാലികം മാത്രമായേക്കാമെന്നും വിദഗ്ധർ പറയുന്നു. എണ്ണ ഉൽപാദകരാജ്യങ്ങൾ നിയന്ത്രണം കൊണ്ടുവരുകയോ അസംസ്കൃത എണ്ണ വില ഉയരുകയോ ചെയ്താൽ ഇന്ധനവില ഇനിയും കൂടാം. എങ്കിലും അസംസ്കൃത എണ്ണ വില സമീപഭാവിയിൽ 100 ഡോളർ കടക്കാനുള്ള സാധ്യത വിരളമാണ്. നികുതി കുറക്കാതെ ഇന്ധനവിലയിൽ ആശ്വാസകരമായ കുറവ് ഉണ്ടാകില്ലെന്നാണ് എണ്ണക്കമ്പനികൾ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.