ഭിക്ഷാടന മാഫിയ പരമ്പര-- ^1 കുട്ടികളെ തട്ടിക്കൊണ്ടുപോകൽ: കെട്ടുകഥയല്ല; കൺമുന്നിലെ യാഥാർഥ്യം

ഭിക്ഷാടന മാഫിയ പരമ്പര-- -1 കുട്ടികളെ തട്ടിക്കൊണ്ടുപോകൽ: കെട്ടുകഥയല്ല; കൺമുന്നിലെ യാഥാർഥ്യം - രാഹുൽ മുതൽ നിസാമുദ്ദീൻ വരെയുള്ളവർ എവിടെ? - ജില്ലയിൽ വേരുറപ്പിച്ച് ഭിക്ഷാടന മാഫിയ തൗഫീഖ് അസ്‌ലം ഒരുകാലത്ത് 'പിള്ളേരെ പിടിത്തക്കാർ' എന്നത് കുട്ടികളെ പേടിപ്പിക്കാനുള്ള തന്ത്രം മാത്രമായിരുന്നു. കാലം മാറി, ഇന്ന് സ്കൂളിലേക്കും ട്യൂഷൻ സ​െൻററിലേക്കും പോകുന്ന മക്കൾ നേരം ഇരുട്ടും മുമ്പേ മടങ്ങി വന്നില്ലെന്നു വരാം. വഴിയിൽ പുതുരൂപത്തിൽ കെണിയൊരുക്കി അവരെ മാഫിയ കാത്തിരിക്കുന്നു എന്നുപറഞ്ഞാൽ അവിശ്വസിക്കേണ്ടതില്ല. അത്രയും തന്ത്രശാലികളായി ഭിക്ഷാടന മാഫിയ മാറിക്കഴിഞ്ഞു. മറവുകളോ മടിയോയില്ല. നേരിട്ട് സംസാരിച്ച് പ്രലോഭിപ്പിച്ച് കുട്ടികളെ വഴിതെറ്റിക്കുന്ന ന്യൂജനറേഷൻ ഏജൻറുമാർ ജില്ലയിൽ സജീവമാണ്. വീടുകളിലെത്തി മുറ്റത്ത് കളിക്കുന്ന കുട്ടികളെ നേരിൽ തട്ടിക്കൊണ്ടുപോകും വിധം കാര്യങ്ങൾ എത്തിനിൽക്കുന്നു. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന യാചക ക്രൂരതകളുടെ വിഡിയോകളും ചിത്രങ്ങളും ജനങ്ങൾക്കിടയിൽ ഒരുപരിധിവരെ അവബോധം സൃഷ്ടിച്ചിട്ടുണ്ട് എന്നത് വാസ്തവമാണ്. എങ്കിലും കുട്ടികളെ കാണാതാകുന്ന സംഭവങ്ങൾക്ക് കുറവില്ല. ഭിക്ഷാടന മാഫിയ ജില്ലയിൽ ആഴത്തിൽ വേരുറപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞദിവസം പാണാവള്ളിയിൽ ഭിക്ഷാടനത്തിനെന്ന വ്യാജേന വീട്ടിലെത്തിയശേഷം പണം കാട്ടി വശീകരിച്ച് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ ആന്ധ്രപ്രദേശ് അനന്തപുരം വീരബലിക്കോട്ട സ്വദേശി 71കാരൻ ചിന്നപ്പ നാട്ടുകാരുടെ പിടിയിലായതാണ് ഒടുവിലത്തെ സംഭവം. പാണാവള്ളി അരയങ്കാവ് ദേവീകൃപയിൽ സജീവ​െൻറ മകൻ യു.കെ.ജി വിദ്യാർഥിയെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഇയാളുടെ പക്കൽനിന്ന് കുട്ടികളെ വശീകരിക്കാനുള്ള ഭക്ഷണപദാർഥങ്ങളും ആയുധങ്ങളും പിടികൂടിയിരുന്നു. ഇത്തരം നിരവധി സംഭവങ്ങൾ കഴിഞ്ഞ മാസങ്ങളിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടന്നിരുന്നു. ഭിക്ഷാടനത്തിനാണ് കൊച്ചുകുട്ടികളെ കൂടുതലായും ഇത്തരം സംഘങ്ങൾ ഉപയോഗിക്കുക. കർണാടക, തമിഴ്നാട്, ആന്ധ്ര എന്നിവിടങ്ങളിൽ ഇതിന് വൻ റാക്കറ്റ് പ്രവർത്തിക്കുന്നതായി പൊലീസിന് റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. തട്ടിയെടുക്കുന്ന കുട്ടികളെ ഉടൻ ജില്ലക്ക് പുറത്തെത്തിച്ച് കൈമാറും. രാത്രിയും പകലും നിരവധി ഇതരസംസ്ഥാന ഭിക്ഷാടനക്കാരാണ് ജില്ലയുടെ വിവിധഭാഗങ്ങളിൽ എത്തുന്നത്. ഇവരെ നിയന്ത്രിക്കാനോ കണക്കെടുക്കാനോ അധികൃതർക്ക് സാധിക്കുന്നില്ല. ലോഡ്ജുകളും വാടകക്ക് വീടെടുത്തുമാണ് സംഘം പ്രവർത്തിക്കുന്നത്. കടപ്പുറങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റോപ്പുകളിലും രാവിലെ മുതൽ ഇവർ സജീവമാണ്. ഒരു സ്ഥലത്തുനിന്ന് ഇറങ്ങുന്നവർ പല സംഘങ്ങളായാണ് ചുറ്റുന്നത്. കൂടുതലും ഗ്രാമപ്രദേശങ്ങൾ കേന്ദ്രീകരിക്കുന്നു. പല തവണ നാട്ടുകാരുടെ വലയിലായവർ ജോലി തുടരുകയാണ്. സ്ത്രീകളാണ് കൂടുതലും. നാട്ടുകാരുടെ കൃത്യസമയത്തെ ഇടപെടലിലാണ് പല സംഭവങ്ങളിലും കുട്ടികളെ രക്ഷിക്കാനായത്. പിടിക്കപ്പെട്ടാൽ പലവിധ വേലകൾ പുറത്തെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കും. കുടുംബത്തി​െൻറ സന്തോഷം ഒന്നാകെ തല്ലിക്കെടുത്തിയും മാതാപിതാക്കളുടെയും ബന്ധുക്കളുടെയും നെഞ്ചിൽ അണയാത്ത വേദനയുടെ തീകൊളുത്തിയുമാണ് ഓരോ കുട്ടിയുടെയും തിരോധാനം. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും സി.ബി.ഐയും അടക്കം അേന്വഷിച്ചിട്ടും കുട്ടികളെ കണ്ടെത്താനാവാത്ത അവസ്ഥ. ഭിക്ഷാടക സംഘങ്ങൾക്ക് ഇതിൽ വലിയ പങ്കുണ്ട്. 2005ൽ ജില്ലയിൽനിന്ന് കാണാതായ രാഹുൽ മുതൽ കഴിഞ്ഞ ഏപ്രിലിൽ കാണാതായ നിസാമുദ്ദീൻ വരെയുള്ള അനേകർ ഇവരുടെ കൈയിൽ അകപ്പെട്ടിട്ടുണ്ടോ എന്ന സംശയവും ബലപ്പെടുന്നുണ്ട്. ------- നാളെ: പാലില്‍ ലഹരിവസ്തുക്കൾ, ഉറക്കിക്കിടത്താൻ ക്ലോറോഫോം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.