വടയമ്പാടി ഭജനമഠം: ദലിത്​ ആത്​​മാഭിമാന സംഗമം തടയാൻ ശ്രമം; നാടകീയരംഗങ്ങൾ

കോലഞ്ചേരി: ദലിത് ഭൂ അവകാശ സമരമുന്നണി സംഘടിപ്പിച്ച ദലിത് ആത്മാഭിമാന സംഗമം തടയാനുള്ള നീക്കം നാടകീയരംഗങ്ങൾ സൃഷ്ടിച്ചു. സംഘ്പരിവാർ പ്രവർത്തകരും സമരക്കാരും മുഖാമുഖമെത്തിയത് സംഘർഷാന്തരീക്ഷമുണ്ടാക്കി. സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെയും സമരക്കാരെയും പൊലീസ് അറസ്റ്റ് ചെയ്തു. മാധ്യമപ്രവർത്തകനെ സംഘ്പരിവാറുകാർ കൈയേറ്റം ചെയ്തു. ഞായറാഴ്ച രാവിലെ 10.30ഒാടെ ചൂണ്ടിയിലാണ് സംഭവങ്ങളുടെ തുടക്കം. സംസ്ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്ന് നൂറുകണക്കിന് ദലിത്--മനുഷ്യാവകാശ സംഘടന പ്രവർത്തകർ സംഗമത്തിന് ചൂണ്ടിയിൽ എത്തിയിരുന്നു. വടയമ്പാടി ഭജനമഠത്തെ റവന്യൂ പുറമ്പോക്കുഭൂമിയിലേക്ക് മാർച്ച് നടത്താനായിരുന്നു തീരുമാനം. ഇതേസമയം, അമ്പതോളം സംഘ്പരിവാർ പ്രവർത്തകരും മറുഭാഗത്ത് സംഘടിച്ചു. സംഗമം തടയുമെന്ന പ്രഖ്യാപനവുമായി പ്രകോപനപരമായ മുദ്രാവാക്യം വിളി ആരംഭിച്ചു. ഈ സമയം, നാമമാത്ര പൊലീസുകാരായിരുന്നു സ്ഥലത്ത്. ഇവർ കാഴ്ചക്കാരുടെ റോളിലുമായിരുന്നു. സംഘ്പരിവാർ മുദ്രാവാക്യം വിളി ശക്തമായതോടെ സംഗമത്തിന് എത്തിയവരും മുദ്രാവാക്യം ആരംഭിച്ചു. ഇരുസംഘവും മുഖാമുഖം നിരന്ന് സംഘർഷസാധ്യത ഏറിയതോടെ മൂവാറ്റുപുഴ ഡിവൈ.എസ്.പി കെ. ബിജുമോ​െൻറ നേതൃത്വത്തിൽ വൻ പൊലീസ് സംഘവും സ്ഥലത്തെത്തി. സംഘ്പരിവാർ പ്രവർത്തകരോട് പിരിഞ്ഞുപോകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും തയാറായില്ല. ഇതിനിടെ, ദലിത് സംഘടനപ്രവർത്തരെ അറസ്റ്റ് ചെയ്ത് വാഹനത്തിൽ കയറ്റിത്തുടങ്ങി. മൂന്ന് ബസിൽ ഇവരെ കയറ്റിയശേഷം സമീപത്ത് മാറി നിന്നവരെയും പിടികൂടി. മാവോവാദികളെന്ന് പറഞ്ഞ് സംഘ്പരിവാർ പ്രവർത്തകർ ചൂണ്ടിക്കാണിച്ചവരായിരുന്നു ഇവരിൽ പലരും. ഇതിനിടെയാണ് തിരിച്ചറിയൽ കാർഡില്ലാത്ത മൂന്ന് ഒാൺലൈൻ മാധ്യമപ്രവർത്തകരെ പൊലീസ് പിടികൂടിയത്. പ്രതിഷേധവുമായി മാധ്യമപ്രവർത്തകർ സംഘടിക്കുന്നതിനിടെ 'മീഡിയവൺ' റിപ്പോർട്ടർ ശ്രീജിത്തിനെ സംഘ്പരിവാർ പ്രവർത്തകൻ കൈയേറ്റം ചെയ്തു. ഇതോടെ മാധ്യമപ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധം ആരംഭിച്ചു. പുത്തൻകുരിശ് സി.ഐ സാജൻ സേവ്യർ എത്തി മർദിച്ചയാളെ അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പുനൽകി സമരം അവസാനിപ്പിച്ചു. ഇതേസമയം, അറസ്റ്റ് ചെയ്ത പ്രവർത്തകരെ പുത്തൻകുരിശ്, രാമമംഗലം, മുളന്തുരുത്തി സ്റ്റേഷനുകളിലേക്ക് പൊലീസ് മാറ്റി. സ്ത്രീകളടക്കമുള്ള സമരക്കാർ സ്റ്റേഷനകത്തും മുദ്രാവാക്യം വിളികളോടെ കുത്തിയിരുന്നു. പുത്തൻകുരിശിൽ എത്തിച്ചവരെ 12.30ഒാടെ മോചിപ്പിച്ചു. എന്നാൽ, സഹപ്രവർത്തകരെ വിട്ടുകിട്ടാതെ പിരിഞ്ഞുപോകില്ലെന്ന് അറിയിച്ച് പൊലീസ് സ്റ്റേഷന് മുന്നിൽ കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ സമരസമിതി പ്രവർത്തകർ കുത്തിയിരുപ്പ് സമരം ആരംഭിച്ചു. രണ്ടരയോടെ മറ്റുള്ളവെരയും വിട്ടയച്ചു. ഇവരും സമരക്കാർക്കൊപ്പം ചേർന്നു. ഇതിനിടെ, സമരത്തിന് ഐക്യദാർഢ്യവുമായി ബി.എസ്.പി, ദ്രാവിഡ ഐക്യമുന്നണി പ്രവർത്തകർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. വൈകീട്ട് നാേലാടെ സ്റ്റേഷന് മുന്നിലെ സമരം അവസാനിപ്പിച്ച് ചൂണ്ടി ജങ്ഷനിൽ രണ്ടാംഘട്ട സമരപ്രഖ്യാപനം നടത്തി. രാവിലെ മുതൽ നീണ്ട പരിപാടികളിൽ വിവിധ സംഘടനനേതാക്കളായ എ. വാസു, കെ.കെ. കൊച്ച്, കെ. ബാബുരാജ്, സണ്ണി എം. കപിക്കാട്, കെ.കെ.എസ്. ദാസ്, സജി കെ. ചേരമൻ, പി.ഒ. ജോൺ, രാജ്മോഹൻ തമ്പുരാൻ, വിളയോടി ശിവൻകുട്ടി, ധന്യ മാധവ്, തുഷാർ നിർമൽ സാരഥി, പി.ജെ. മാനുവൽ, വി.സി. ജെന്നി, അർഷദ് പെരിങ്ങാല, അബ്ദുൽ റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു. സമരം സെക്രേട്ടറിയറ്റിന് മുന്നിലേക്ക് കോലഞ്ചേരി: വടയമ്പാടി ഭജനമഠത്തെ ദലിത് ഭൂസമരം സെക്രേട്ടറിയറ്റിന് മുന്നിലേക്ക് മാറ്റുന്നു. ഞായറാഴ്ച വൈകീട്ട് നടന്ന രണ്ടാംഘട്ട സമരപ്രഖ്യാപന കൺെവൻഷനിലാണ് തീരുമാനം. റവന്യൂഭൂമിയുടെ പട്ടയം റദ്ദാക്കുന്നതുവരെ സമരം തുടരും. വടയമ്പാടി ഭജനമഠത്ത് 10 മാസമായി തുടരുന്ന പ്രത്യക്ഷസമരം താൽക്കാലികമായി അവസാനിപ്പിക്കും. കലക്ടറുടെ തീരുമാനത്തിൽ സ്വാഗതാർഹമായ പല കാര്യങ്ങളുമുണ്ടെങ്കിലും റവന്യൂഭൂമിയുടെ പട്ടയം സംബന്ധിച്ച കാര്യത്തിൽ കോളനിവാസികളുടെ ആശങ്ക ഇല്ലാതാക്കേണ്ടതുണ്ടെന്ന് സമരസഹായ സമിതി നേതാവ് പി.ജെ. മാനുവൽ പറഞ്ഞു. വ്യാജമായി സംഘടിപ്പിച്ച പട്ടയം കൈയിലുള്ളതിനാൽ ഇപ്പോഴത്തെ ചൂടാറിയാൽ എൻ.എസ്.എസ് നേതൃത്വം പഴയ നിലപാടുമായെത്തുമോ എന്ന ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.