ആലുവ: പ്രളയത്തിൽ തകർന്നടിഞ്ഞ് കുട്ടമശ്ശേരി, ചാലക്കൽ പ്രദേശങ്ങളിലെ കാർഷികമേഖല. പ്രളയക്കെടുതിയുടെ ദുരിതങ്ങൾ കൂടുതൽ ഏറ്റുവാങ്ങിയ കുട്ടമശ്ശേരി, ചാലക്കൽ പ്രദേശങ്ങളിൽ ജനം സാധാരണജീവിതത്തിലേക്ക് തിരിച്ചുവരാൻ തയാറെടുക്കുമ്പോഴും കാർഷിക മേഖലക്ക് എത്താൻ ഏറെനാൾ വേണ്ടി വരും. പ്രളയതാണ്ഡവത്തിൽ കാർഷികമേഖല മുഴുവനായും തകർന്നടിഞ്ഞു. നിരവധി കർഷകരുടെ ജീവിത സ്വപ്നങ്ങളാണ് വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയത്. കുട്ടമശ്ശേരി, ചാലക്കൽ, അമ്പലപറമ്പ് ,തുമ്പിച്ചാൽ, വട്ടച്ചാൽ, കുണ്ടോപാടം, പങ്കി പാടം, തുടങ്ങിയ ഭാഗങ്ങളിലായി ഏക്കറുകണക്കിന് കാർഷികവിളകളാണ് നശിച്ചത്. രണ്ടാഴ്ച മുമ്പുവരെ പച്ചപ്പ് നിറഞ്ഞ കൃഷിക്കാഴ്ചകളായിരുന്നെങ്കിൽ ഇന്ന് വെള്ളം കയറി ഉണങ്ങി കരിഞ്ഞിരിക്കുകയാണ് ഇവിടം. കൃഷി മുഖ്യ ഉപജീവനമാക്കിയ തുരുത്തിക്കാട്ടിൽ കുഞ്ഞുമുഹമ്മദ്, വാരിക്കാട്ടുകുടി സെയ്ദ് മുഹമ്മദ്, കൃഷ്ണൻ പാനപിള്ളി, ചന്ദ്രൻ കോട്ടായി, അമ്പാടൻ സിദ്ദീഖ്, മനക്കക്കാട് ഉമ്മർ, മരത്താംകുടി പ്രകാശ്, മരത്താംകുടി സുരേന്ദ്രൻ, കൊരങ്ങാട് അലി, കണ്ണ്യാമ്പിള്ളി മോഹനൻ, ചെറോടത്ത് കുഞ്ഞുമുഹമ്മദ്, ചെറോടത്ത് അഷറഫ്, വെളിശ്ശേരി ഗോപി, നടുക്കുടി പരമേശ്വരൻ, അലിക്കുഞ്ഞ് ചെറോടത്ത് തുടങ്ങിയ നിരവധി പേരുടെ കൃഷിയിടങ്ങളാണ് നശിച്ചത്. ഏത്ത വാഴ, കപ്പ തുടങ്ങിയ വിളകളാണ് കൃഷി ചെയ്തിരുന്നത്. പലരും പാട്ടത്തിനെടുത്ത ഭൂമിയിൽ ബാങ്ക് വായ്പയെടുത്തും മറ്റുമാണ് കൃഷി നടത്തിയിരുന്നത്. കൃഷി നശിച്ചതോടെ ഇവരുടെ പ്രതീക്ഷകളാണ് അണഞ്ഞത്. സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാര തുകകൾ ഇവരുടെ വായ്പയടക്കാൻ തികയില്ലെങ്കിലും പ്രഖ്യാപിച്ച സഹായമെങ്കിലും എളുപ്പം ലഭ്യമാക്കണമെന്ന അപേക്ഷയിലാണ് കർഷകർ. ഈ പ്രദേശങ്ങളിലെ ക്ഷീര മേഖലെയയും വെള്ളപ്പൊക്കം ബാധിച്ചു. പുല്ല് വെട്ടിയിരുന്ന പല പാടങ്ങളും പറമ്പുകളും വെള്ളത്തിലായി. വയ്ക്കോൽക്കൂട്ടം നനഞ്ഞുപോവുകയും ചെയ്തതോടെ പാൽ ലഭ്യത കുറഞ്ഞു. കന്നുകാലിത്തൊഴുത്തും കർഷകരുടെ വീടുകളും വെള്ളത്തിലായതും ക്ഷീരമേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.