ആലുവ: പ്രളയത്തിൽ മുങ്ങിയ ചൂർണിക്കര പ്രാഥമിക ആരോഗ്യ കേന്ദ്രം തുറക്കാൻ സമയമെടുക്കും. എങ്കിലും താൽക്കാലികമായി ചെറിയതോതിൽ പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ട്. എസ്.എൻ പുരത്തെ ഗവ.ആയുർവേദ ഡിസ്പെൻസറിയിലാണ് താൽക്കാലിക പ്രവർത്തനം. പ്രാഥമിക ആരോഗ്യ കേന്ദ്രം സ്‌ഥിതി ചെയ്യുന്നത് താഴ്ന്ന പ്രദേശത്താണ്. അതിനാൽ തന്നെ സമീപ പാടശേഖരങ്ങളിൽനിന്ന് വലിയതോതിൽ വെള്ളം കയറിയിരുന്നു. ഇതോടെ ആശുപത്രി കെട്ടിടം പാടെ മുങ്ങിപ്പോയി. സാമഗ്രികളും മരുന്നും മറ്റ് ഉപകരണങ്ങളും നശിച്ചു. വിവിധ സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ നിലവിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇത് കഴിഞ്ഞാലും അടിസ്‌ഥാന സൗകര്യങ്ങൾ ഒരുക്കിയാലേ പ്രവർത്തനം പൂർവസ്‌ഥിതിയിലാവൂ. അതിനായി ഉപകരണങ്ങൾ, മരുന്നുകൾ, ഫർണിച്ചറുകൾ തുടങ്ങിയവ ഒരുക്കണം. പെരിയാർ വിഴുങ്ങിയ കുട്ടമശ്ശേരി സ്കൂളിൽ വീണ്ടും മണിമുഴക്കം ആലുവ: പെരിയാർ വിഴുങ്ങിയ കുട്ടമശ്ശേരി സ്കൂളിൽ വീണ്ടും മണിമുഴങ്ങി. ഓണാവധി കഴിഞ്ഞ് വിദ്യാലയങ്ങൾ തുറന്നതോടെ കുട്ടമശ്ശേരി ഗവ.ഹയർ സെക്കൻഡറി സ്കൂളും സാധാരണ നിലയിലേക്ക്. പ്രളയം തീർത്ത ദുരിതങ്ങൾ താണ്ടിയാണ് സ്കൂൾ പുതിയ സാഹചര്യങ്ങളിലേക്ക് കാലെടുത്തു വെച്ചത്. ബുധനാഴ്ച രാവിലെ പത്തുമണിക്ക് തന്നെ ക്ലാസുകൾ ആരംഭിച്ചു. വിദ്യാർഥികളിൽ പലരുടെയും വീടുകൾ പ്രളയക്കെടുതിയിലായിരുന്നെങ്കിലും ഭൂരിപക്ഷം കുട്ടികളും സ്കൂളിലെത്തിയിരുന്നു. പത്തുമണിക്ക് അസംബ്ലിയോടെ സ്കൂളിെൻറ പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രളയക്കെടുതിയിൽ സർവതും നഷ്‌ടപ്പെട്ട കുടുംബങ്ങളിൽ നിന്നുമുള്ള വിദ്യാർഥികളും, ഭാഗികമായ കെടുതികളിലകപ്പെട്ടവരുമുണ്ട്. യൂനിഫോമുകൾ, പുസ്തകങ്ങൾ, ബാഗ് ഉൾപ്പെടെയുള്ള മറ്റ് പഠനോപകരണങ്ങൾ നഷ്‌ടപ്പെട്ടവർ... അങ്ങിനെ പ്രളയക്കെടുതിയുടെ ദുരിതവും പേറിയാണ് പലരും സ്കൂളിലെത്തിയത്. യൂനിഫോമും, പുസ്തകങ്ങളും, മറ്റ് പഠനോപകരണങ്ങളും നഷ്‌ടപ്പെട്ടവരുടെ കണക്കുകൾ അധ്യാപികമാർ ശേഖരിച്ച് പ്രധാന അധ്യാപിക, പ്രിൻസിപ്പൽ എന്നിവരെ ഏൽപ്പിക്കും. പ്രളയക്കെടുതിയിൽ സ്കൂളിലെ നാശനഷ്‌ടങ്ങളെ സംബന്ധിച്ച് അന്തിമ വിലയിരുത്തൽ നടത്തി സർക്കാറിന് സമർപ്പിക്കും. വെള്ളം കയറി നശിച്ച രേഖകളുടെ വീണ്ടെടുപ്പിന് സർക്കാർ നിർദേശങ്ങളനുസരിച്ചുള്ള നടപടികൾ സ്വീകരിക്കുമെന്നും സ്‌കൂൾ അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.