പ്രളയതീരത്ത് കുറ്റ്യാടിക്കാരുടെ സ്നേഹം, ഒപ്പം കോഴിക്കോടൻ രുചിയും

കൊച്ചി: പ്രളയം സർവം തകർത്ത ആലുവ, പറവൂർ മേഖലകൾ ശുചീകരിച്ച് കുറ്റ്യാടി സംഘം. വീടുകൾ മുഴുവൻ വൃത്തിയാക്കി, വയറുനിറയെ ബിരിയാണിയും വിളമ്പി അവർ ജില്ല വിട്ടു. വ്യാപാരിയായ എ.കെ. ഷംസീറി​െൻറ നേതൃത്വത്തിൽ എട്ട് ഇലക്ട്രീഷ്യന്മാരും നാല് പ്ലംബർമാരും ഉൾപ്പെടെ കുറ്റ്യാടിക്കാരായ 39 അംഗ സംഘം മൂന്ന് പമ്പ്‌ സെറ്റുകളും മറ്റു സന്നാഹങ്ങളുമായി 27ന് രാവിലെയാണ് എത്തിയത്. ഷംസീറി​െൻറ ഫേസ്ബുക് സുഹൃത്തായ ആലുവ വെളിയത്തുനാട് സ്വദേശി അനീഷ് ഷംസുദ്ദീ​െൻറ ഫേസ്ബുക് പോസ്റ്റിൽനിന്ന് ദുരവസ്ഥ മനസ്സിലാക്കിയിരുന്നു. അവിടെ ശുചീകരിച്ച സംഘം ആലുവയേക്കാൾ ഭീകരമാണ് പറവൂരിലെ കാര്യങ്ങളെന്ന് തിരിച്ചറിഞ്ഞതോടെ അടുത്തദിവസം അവിടെയെത്തി. പറവൂർ കരിങ്ങാതുരുത്ത്, മാലോത്ത് പ്രദേശങ്ങളിൽ രണ്ടു ദിവസം ശുചീകരിച്ചു. രാത്രിയിൽ ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റുമായിരുന്നു വിശ്രമം. ഒരു കൊടിയുടെയോ സംഘടനയുടെയോ അടയാളങ്ങളില്ലാതെ നാടി​െൻറ പ്രതിനിധികളായാണ് കുറ്റ്യാടിക്കാർ പ്രളയമേഖലയിലെത്തിയതെന്ന് ഷംസീർ പറഞ്ഞു. അഞ്ഞൂറോളം വീടുകൾ വൃത്തിയാക്കി. ഇലക്ട്രിക്കൽ, പ്ലംബിങ് അറ്റകുറ്റപ്പണികൾ നടത്തി. കുടിവെള്ളത്തിനുള്ള മോട്ടോറുകളും കിണറുകളും ഗൃഹോപകരണങ്ങളും വൃത്തിയാക്കി. ക്യാമ്പുകളിൽനിന്ന് വീടുകളിലെത്തിയവർക്ക് ഭക്ഷ്യവസ്തുക്കളും പാചകം ചെയ്യാനുള്ള അത്യാവശ്യം പാത്രങ്ങളും കിടക്കപ്പായയും നൽകി. ശുചീകരണത്തിനിടെ അംഗൻവാടിയിൽനിന്ന് ലഭിച്ച 6700 രൂപയും സ്വർണ കമ്മലും സമീപത്തെ പള്ളിയിലെ അച്ചനെ ഏൽപ്പിക്കാനും സംഘം മറന്നില്ല. ചൊവ്വാഴ്ച രാത്രി മാലോത്തെ അഞ്ഞൂറോളം വീട്ടുകാർക്കായി കോഴിക്കോടൻ ബിരിയാണിയും സംഘം തയാറാക്കി. പ്രളയക്കെടുതിയിൽനിന്ന് പുതിയ ജീവിതത്തിലേക്ക് തങ്ങളെ കൈപിടിച്ചതിൽ പ്രദേശവാസികളുടെ സ്നേഹവും അനുഗ്രഹവും ഏറ്റുവാങ്ങിയാണ് കുറ്റ്യാടിക്കാർ മടങ്ങുന്നത്. കേരളത്തെ പ്രളയം വിഴുങ്ങിയതി​െൻറ ആദ്യനാളുകളിൽ വയനാട് ജില്ലയിലായിരുന്നു സംഘത്തി​െൻറ പ്രവർത്തനം. അഞ്ച് ലക്ഷം രൂപയുടെ വസ്ത്രങ്ങളും ഭക്ഷണ സാമഗ്രികളും ഉൾപ്പെടെ അവിടെ വിതരണം ചെയ്തിരുന്നു. എസ്. ഷാനവാസ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.