പ്രളയം തകർത്ത മണ്ണിലൂടെ -2

കൊച്ചി: ആലുവ, പറവൂർ മേഖലകളിൽ ജനജീവിതത്തിനും വ്യാപാര മേഖലക്കും കനത്ത ആഘാതമാണ് പ്രളയം ഏൽപ്പിച്ചത്. ആലുവ നഗരവും കടുങ്ങല്ലൂർ, വെളിയത്തുനാട്, കുന്നുകര, ആലങ്ങാട്, പുത്തൻവേലിക്കര, കരുമാലൂർ, കോട്ടപ്പുറം എന്നിവിടങ്ങളും ദുരന്തത്തി​െൻറ മരവിപ്പിലാണ്. വ്യാപാര സ്ഥാപനങ്ങൾ ഭൂരിഭാഗവും അടഞ്ഞുകിടക്കുന്നു. ദുരിതാശ്വാസ ക്യാമ്പുകൾ വിട്ടവർ പോലും സ്വന്തംവീടുകളിൽ താമസം തുടങ്ങിയിട്ടില്ല. ശുചീകരണ ജോലികളാണ് ഇപ്പോൾ ഉൗർജിതമായി നടക്കുന്നത്. ആലുവയിൽ ബ്രിഡ്ജ് റോഡ്, പാലസ് റോഡ്, സ്വകാര്യ ബസ്സ്റ്റാൻഡ് പരിസരം, ബാങ്ക് കവല, മാർക്കറ്റ് എന്നിവിടങ്ങളാണ് കാര്യമായി വെള്ളത്തിൽ മുങ്ങിയത്. വ്യാപാര സ്ഥാപനങ്ങൾക്ക് കോടികളുടെ നഷ്ടമുണ്ടായി. ആളും ആരവവുമൊഴിഞ്ഞ നഗരത്തിൽ സന്ധ്യകഴിഞ്ഞാൽ പേടിപ്പെടുത്തുന്ന അന്തരീക്ഷമാണ്. ആലങ്ങാട്, കുന്നുകര പ്രദേശങ്ങളെയും പ്രളയം ഉലച്ചു. ഇവിടങ്ങളിൽ നാട്ടുകാരുടെയും പൊലീസി​െൻറയും കുടുംബശ്രീ അംഗങ്ങളുടെയും നേതൃത്വത്തിൽ ശുചീകരണം നടക്കുന്നു. വീടുകൾ ശുചീകരിക്കാനും വൈദ്യുതി തകരാർ പരിഹരിക്കാനും ഭക്ഷണം എത്തിക്കാനും മുന്നിലുള്ളത് ഇതര ജില്ലകളിൽനിന്ന് കൂട്ടമായെത്തിയ സന്നദ്ധ പ്രവർത്തകരാണ്. കുന്നുകരയിൽ സന്നദ്ധ പ്രവർത്തകർ ഇപ്പോഴും ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്യുന്നു. ഇവിടെ എല്ലാ വീടുകളുടെയും മുറികളിലും മുറ്റത്തും കാൽപ്പാദം മൂടുന്നവിധം ചെളി അടിഞ്ഞുകൂടിയിരിക്കുന്നു. തകർന്ന റോഡ് സൈന്യത്തി​െൻറ സഹായത്തോടെ പുനർനിർമിച്ചെങ്കിലും ചെളിമൂടിയതിനാൽ കാൽനടയും ഇരുചക്രവാഹനയാത്രയും അപകടം പിടിച്ചതാണ്. കുന്നുകരയിലെ പാടശേഖരം വെള്ളം കയറി പൂർണമായും നശിച്ചു. സാധാരണക്കാരും മത്സ്യത്തൊഴിലാളികളുമാണ് ഇവിടെ ഭൂരിഭാഗവും. പലവീടുകളുടെയും ടെറസിലും മുറ്റത്തും വെള്ളം ഒഴുക്കിക്കൊണ്ടുവന്ന മാലിന്യവും മരത്തടികളുമെല്ലാം കാണാം. വെള്ളമിറങ്ങിയതി​െൻറ അടയാളങ്ങൾ പല വീടുകളുടെയും ചുമരുകളുടെയും വാതിലുകളിലും ദൃശ്യമാണ്. വാതിലുകളും കതകുകളും പഴയതുപോലെ ചേർത്തടക്കാൻ കഴിയാത്തതാണ് എല്ലാ വീട്ടുകാരും നേരിടുന്ന മറ്റൊരു പ്രയാസം. പല പ്രദേശങ്ങളിലും ദുർഗന്ധം നിറഞ്ഞിരിക്കുന്നു. കുന്നുകരയിൽ മത്സ്യത്തൊഴിലാളിയായ കാർത്തികേയ​െൻറ ഏറെ കാലത്തെ സ്വപ്നമായിരുന്നു സ്വന്തമായൊരു വീട്. സ്വന്തമായി സ്വരുക്കൂട്ടിയതും കടമെടുത്തും ചെറിയൊരു വീടുവെച്ചു. പണിതീരാത്ത ആ വീട് പ്രളയത്തിൽ പൂർണമായും തകർന്നു. സ്വന്തമെന്ന് പറയാൻ കാർത്തികേയന് ഇപ്പോൾ ഒന്നുമില്ല. ആലങ്ങാട് കോട്ടപ്പുറത്തെ ഇന്ദിര പ്രിയദർശിനി കോളനിയിലെ 22കുടുംബങ്ങൾ ഒരു നേരത്തേ ആഹാരത്തിന് പോലും ഇപ്പോൾ സുമനസ്സുകളുടെ സഹായം തേടേണ്ട അവസ്ഥയിലാണ്. ഇവിടെ എല്ലാ വീടുകളെയും മൂടുന്നവിധമായിരുന്നു പ്രളയം. വെള്ളമിറങ്ങിയതോടെയാണ് ക്യാമ്പിൽനിന്ന് മടങ്ങിയെത്തിയവർക്ക് വീടി​െൻറ ഭീകരാവസ്ഥ ബോധ്യമായത്. വിള്ളൽവീണും മേൽക്കൂര ചരിഞ്ഞും ഭൂരിഭാഗം വീടുകളും വാസയോഗ്യമല്ലാതായി. ക്യാമ്പുകളിൽനിന്ന് വന്നവർക്ക് ഇതുവരെ ആനുകൂല്യങ്ങളൊന്നും കിട്ടിയിട്ടില്ല. വാഗ്ദാനങ്ങളുടെ പ്രളയത്തിനപ്പുറം സർക്കാറി​െൻറ സഹായം തങ്ങളെ തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് കോളനിവാസികൾ. നഷ്ടങ്ങൾക്കിടയിലും ജീവൻ തിരിച്ചുകിട്ടിയതി​െൻറ ആശ്വാസത്തിലാണ് വെളിയത്തുനാട്, പുത്തൻവേലിക്കര നിവാസികൾ. പുത്തൻവേലിക്കരയിൽ ചില ക്യാമ്പുകൾ ഇപ്പോഴും പ്രവർത്തിക്കുന്നു. വീടുകൾക്ക് മുകളിലും ഒറ്റപ്പെട്ട െകട്ടിടങ്ങളിലും കുടുങ്ങിപ്പോയ പല കുടുംബങ്ങളെയും മത്സ്യത്തൊഴിലാളികളും സൈനികരും ചേർന്നാണ് രക്ഷപ്പെടുത്തിയത്. (തുടരും)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.