കൊച്ചി: ജില്ലയിൽ വെള്ളപ്പൊക്കം കൂടുതൽ നാശനഷ്ടമുണ്ടാക്കിയ പഞ്ചായത്തുകളെക്കുറിച്ച് സർക്കാർ തയാറാക്കിയ പട്ടികയിൽ ദുരിതബാധിത പഞ്ചായത്തുകൾ പലതും പുറത്ത്. ആദ്യപട്ടികയിൽ പ്രളയം ബാധിച്ച പല പഞ്ചായത്തും പുറത്തായെന്ന ആക്ഷേപം നിലനിൽക്കെ പിന്നെയും പഞ്ചായത്തുകളെ കൂട്ടത്തോടെ ഒഴിവാക്കി. അന്തിമപട്ടിക പുറത്തുവരുന്നതോടെ ചില പഞ്ചായത്തുകൾകൂടി പുറത്താകുമെന്നാണ് സൂചന. ജില്ലയിൽ പ്രളയം ഏറ്റവും കൂടുതൽ ബാധിച്ച പഞ്ചായത്തുകളുടെ പട്ടിക സംസ്ഥാന പഞ്ചായത്ത് ഡയറക്ടറേറ്റാണ് പുറത്തിറക്കിയത്. ആദ്യ പട്ടികയിൽ 32 പഞ്ചായത്ത് ഉണ്ടായിരുന്നു. പ്രളയം നാശം വിതച്ച പല പഞ്ചായത്തും ഇൗ പട്ടികയിൽ ഉൾപ്പെട്ടിരുന്നില്ല. കുന്നത്തുനാട് മണ്ഡലത്തിലെ ഐക്കരനാട്, മഴുവന്നൂർ, വാഴക്കുളം, കീരംപാറ, പല്ലാരിമംഗലം, വാരപ്പെട്ടി, ആയവന, മാറാടി, മഞ്ഞള്ളൂർ തുടങ്ങിയവടക്കം പഞ്ചായത്തുകളാണ് പുറത്തായത്. ആലുവയോട് ചേർന്ന വാഴക്കുളം പഞ്ചായത്തിൽ ആയിരക്കണക്കിന് വീടുകളാണ് വെള്ളത്തിലായത്. എം.ഇ.എസ് കോളജിൽ ആരംഭിച്ച ക്യാമ്പിൽ മൂവായിരത്തോളം പേർ കഴിഞ്ഞിരുന്നു. അഹ്സർ കോളജിലെ ക്യാമ്പിൽ 600 പേരെയും മാറ്റിപ്പാർപ്പിച്ചിരുന്നു. ഐക്കരനാട് പഞ്ചായത്തിലെ കടയിരുപ്പ് മേഖലയിൽ 250 കുടുംബത്തെയാണ് ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചത്. ജില്ലയിലെതന്നെ വലിയ ക്യാമ്പുകളിലൊന്നായ കടമറ്റം യു.പി സ്കൂളിലാണ് കൂടുതൽ കുടുംബങ്ങളെയും താമസിപ്പിച്ചത്. മഴുവന്നൂരിൽ എട്ടോളം ക്യാമ്പുകൾ പ്രവർത്തിച്ചിരുന്നു. മൂവാറ്റുപുഴയാർ കര കവിഞ്ഞതിനെത്തുടർന്നാണ് ഈ പ്രദേശങ്ങൾ വെള്ളത്തിലായത്. കീരംപാറ, പല്ലാരിമംഗലം, വാരപ്പെട്ടി, നെല്ലിക്കുഴിയടക്കം പഞ്ചായത്തുകളിൽ നിരവധി നാശനഷ്ടങ്ങളുണ്ടായി. 42 ക്യാമ്പാണ് ഈ ഭാഗങ്ങളിൽ തുറന്നത്. മൂവാറ്റുപുഴ മേഖലയിലെ കല്ലൂർക്കാട് ഒഴികെ പഞ്ചായത്തുകളിൽ വെള്ളം കയറി ജനങ്ങൾക്ക് സർവതും നഷ്ടപ്പെട്ടിരുന്നു. ഈ പ്രദേശങ്ങളിലെ മിക്ക ആളുകളും ക്യാമ്പുകളിലായിരുന്നു. അതേസമയം, നാശനഷ്ടത്തിെൻറ തീവ്രത അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കിയതെന്നാണ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറേറ്റ് അധികൃതരുടെ വിശദീകരണം. ആദ്യം നൽകിയ പട്ടികയിൽ നാശനഷ്ടം കുറഞ്ഞവയും പെട്ടിരുന്നു. തുടർന്നാണ് കൂടുതൽ നഷ്ടമുണ്ടായവയെ ഉൾപ്പെടുത്തിയത്. നാശനഷ്ടം താരതമ്യേന കുറഞ്ഞത് എന്നിങ്ങനെ തരം തിരിച്ച് പുതിയ പട്ടിക പുറത്തിറക്കി. ആദ്യപട്ടികയിലെ 11 പഞ്ചായത്തുകളെ ഇതിൽനിന്ന് ഒഴിവാക്കി. 21 പഞ്ചായത്താണ് നിലവിൽ പട്ടികയിലുള്ളത്. വ്യാഴാഴ്ച വൈകീട്ടോടെ അന്തിമപട്ടിക തയാറാകും. പട്ടികയിൽപെടാത്ത പഞ്ചായത്തുകളിലുള്ളവർക്ക് സർക്കാർ ആനുകൂല്യങ്ങൾ നിഷേധിക്കുമോ എന്ന ആശങ്കയിലാണ് ദുരിതബാധിതർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.