ചെങ്ങന്നൂർ: വെള്ളമിറങ്ങിയ ശേഷമുള്ള ചെങ്ങന്നൂർ കണ്ട് പകച്ചുനിൽക്കുകയാണ് നാട്ടുകാർ. മൂന്ന് ദിവസത്തിലേറെ കഴുത്തറ്റമുണ്ടായിരുന്ന വെള്ളം ഒഴിഞ്ഞിട്ടുണ്ട്. വീടുകളുടെയും മറ്റ് കെട്ടിടങ്ങളുടെയും ഭിത്തികൾ ഇപ്പോഴും ഉണങ്ങിയിട്ടില്ല. വെള്ളക്കെട്ടിലമർന്ന വീടുകളുടെ തറ കഴുകി വൃത്തിയാക്കാൻ പറ്റാത്തവിധം തകർന്നു. കക്കൂസ് ടാങ്കുകളും കിണറുകളും നിറഞ്ഞുകവിഞ്ഞു. എവിടെയും മലിനജലം. പായലഴുകിയും ചളിനിറഞ്ഞും അപകടകരമായ നിലയിലാണ് സഞ്ചാരമാർഗങ്ങൾ. പശു, ആട്, കോഴി, താറാവ് കൃഷിക്കാർ എന്തുചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുന്നു. കന്നുകാലികൾക്ക് ആവശ്യമായ വൈക്കോൽ, തീറ്റപ്പുൽ എന്നിവക്ക് ക്ഷാമം. ആരുടെ കൈയിലും പണമില്ലാത്ത അവസ്ഥ. ഉടുതുണിക്ക് മറുതുണിയില്ലാതെയാണ് മിക്കവരും വീടുകൾ വിട്ടിറങ്ങിയത്. ഏതു കാലവർഷത്തിലും മാന്നാർ ഗ്രാമപഞ്ചായത്തിലെ കുരട്ടിശ്ശേരി വില്ലേജ് വെള്ളപ്പൊക്കബാധിത പ്രദേശമായി മാറും. ഇക്കുറി ഒന്നുമുതൽ മൂന്നുവരെ വാർഡുകൾ പൂർണമായും 4, 17, 18 വാർഡുകൾ ഭാഗികമായും വെള്ളത്തിനടിയിലായി. രണ്ടായിരത്തിൽപരം കുടുംബങ്ങളിലെ 10,000 പേരാണ് ഇവിടെനിന്ന് പലായനം ചെയ്തത്. ഇവർ ദുരിതാശ്വാസ കേന്ദ്രങ്ങളിലും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മറ്റും വീടുകളിലും അഭയം തേടി. കർഷകരും കർഷകത്തൊഴിലാളികളും ഇടത്തരക്കാരുമായ ജനങ്ങളാണ് 90 ശതമാനവും. 15 കോളനികളാണുള്ളത്. ജലവിതാനമുയർന്നാൽ ആദ്യം വെള്ളംകയറുന്നത് പാടശേഖരങ്ങളാൽ ചുറ്റപ്പെട്ട ഇവിടെയാണ്. രണ്ടര മാസമായി ജനങ്ങൾ ദുരിതക്കയത്തിലകപ്പെട്ട് കഴിയുന്നത്. മുമ്പ് രണ്ടുതവണ ദുരിതാശ്വാസ ക്യാമ്പുകൾ ഉണ്ടായിരുന്നു. കഴിഞ്ഞ 14നാണ് ഏഴ് ക്യാമ്പുകൾ മൂന്നാമതായി ആരംഭിച്ചത്. 17ന് ഈ കേന്ദ്രങ്ങളിൽനിന്ന് സുരക്ഷിതത്വ പ്രശ്നം കണക്കിലെടുത്ത് എല്ലാവരെയും നാലാമതായി തുറന്ന സ്ഥലങ്ങളിലേക്ക് മാറ്റി. അതിനാൽതന്നെ രണ്ട് ജീവൻ മാത്രമാണ് പൊലിഞ്ഞത്. 90 ശതമാനം വീടുകൾക്കും കേടുപാട് സംഭവിച്ചു. പത്തോളം വീടുകൾ തകർന്നു. ഭിത്തികൾ പൊട്ടുകയും അടിത്തറ ഇരിക്കുകയും ചെയ്തു. കെട്ടിടങ്ങൾ ഒഴികെയുള്ള എല്ലാം നശിച്ചു. കാറുകൾ, ഇരുചക്രവാഹനങ്ങൾ, ഓട്ടോകൾ, സൈക്കിളുകൾ, ഗൃഹോപകരണങ്ങൾ, വയറിങ്, മോേട്ടാറുകൾ, പമ്പുസെറ്റുകൾ തുടങ്ങിയവ ഇതിൽപെടുന്നു. മൂർത്തിട്ട-മുക്കാത്താരി ബണ്ട് റോഡ്, മാന്നാർ-വള്ളക്കാലി-വീയപുരം യാത്രമാർഗങ്ങളും ഒരാഴ്ച വെള്ളത്തിനടിയിലായിരുന്നു. പാവുക്കര ഹരിജൻ വെൽഫെയർ എൽ.പി സ്കൂളിലേക്ക് ഇപ്പോഴും എത്തിപ്പെടാനാകാത്ത അവസ്ഥയാണ്. ഇന്നലെ തിരുവനന്തപുരം ജില്ല വിദ്യാഭ്യാസ ഓഫിസറുടെ നേതൃത്വത്തിൽ 20 അംഗ സംഘം ശുചീകരണ പ്രവർത്തനങ്ങൾക്ക് എത്തി. കൂടാതെ, തിരുവനന്തപുരം വെമ്പായം സി.പി.എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സംഘവും വിവിധ ഭാഗങ്ങളിൽ വീടുകൾ ശുചീകരിക്കുന്നുണ്ട്. 16ന് ട്രാൻസ്ഫോർമറുകളും ലൈനുകളും വെള്ളത്തിലായതോടെ നിലച്ച വൈദ്യുതി ബന്ധം ഇപ്പോഴും പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല. നേരത്തേതന്നെ ശുദ്ധജല ക്ഷാമം രൂക്ഷമായ മേഖലയിൽ കുടിവെള്ളപ്രശ്നം അതിരൂക്ഷമാണ്. കെ.എൻ.എം ഓഡിറ്റോറിയം, സൂപ്പർ മാർക്കറ്റ്, കൊച്ചുവീട്ടിൽ സൂപ്പർമാർക്കറ്റ്, സുധീർ എ ലവൻസിെൻറ ഗൃഹോപകരണ ഗോഡൗൺ, സജി ഇടത്തയിലിെൻറ 4000 താറാവിൻ കുഞ്ഞുങ്ങൾ, തടി ഉരുപ്പടികൾ, ഫ്രിഡ്ജുകൾ, ടെലിവിഷൻ സെറ്റുകൾ തുടങ്ങിയവ കുത്തൊഴുക്കിൽ ഒഴുകിപ്പോയി. ഇതുവരെ ആർക്കും അവരവരുടെ വീടുകളിൽ താമസിക്കാൻ കഴിഞ്ഞിട്ടില്ല. ശുചീകരണം പ്രധാന പ്രശ്നമായി ഇപ്പോഴും അവശേഷിക്കുന്നു. ജീവിതത്തിെൻറ എല്ലാ സ്വപ്നങ്ങളും പ്രതീക്ഷകളും തകർന്നതോടെ സ്വന്തം ഇടങ്ങളിൽ പോയി ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കാൻ മനഃപ്രയാസപ്പെടുന്നവർ ഏറെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.