എങ്ങനെ മടങ്ങുമെന്നറിയാതെ ഇനിയും ആയിരങ്ങൾ

കൊച്ചി: പ്രളയം ഒഴിഞ്ഞ് ശാന്തമാകുമ്പോൾ ലക്ഷങ്ങൾ ക്യാമ്പുകളിൽനിന്ന് വീടുകളിലേക്ക് മടങ്ങി. ഇനി മടങ്ങാനുള്ളത് 62 ക്യാമ്പുകളിലായി 7,529 കുടുംബങ്ങളിൽനിന്ന് 27,077 പേരാണ്. ഇതിൽ 4,727 പേർ കുട്ടികളാണ്. പൂർണമായോ ഭാഗികമായോ വീട് നഷ്ടപ്പെട്ടവരാണ് ഇനിയും തിരിച്ചുപോകാൻ കഴിയാതെ ക്യാമ്പിൽ തുടരുന്നവരിൽ ഭൂരിഭാഗവും. വീട് പുനർ നിർമിക്കേണ്ട സാഹചര്യമാണ് ഇവർക്ക്. ഭിത്തി വിണ്ടുകീറി, വീട്ടുപകരണങ്ങളെല്ലാം പൂർണമായി നശിച്ചു. സ്കൂളുകളിൽ ക്ലാസ് ആരംഭിക്കുമ്പോൾ ക്യാമ്പുകളിലെ കുട്ടികൾക്ക് പോകാൻ കഴിയുമോ എന്ന് ആശങ്കയുമുണ്ട്. മുൻ ദിവസത്തേതിൽനിന്ന് 47,196 പേരാണ് ക്യാമ്പുകളിൽനിന്ന് മടങ്ങിയത്. പറവൂരിൽനിന്ന് 36,966, ആലുവയിൽനിന്ന് 8140, കണയന്നൂർ 2090 എന്നിങ്ങനെ ആളുകളാണ് വീടുകളിലേക്ക് മടങ്ങിയത്. പറവൂരിൽ 46 ക്യാമ്പുകളിലായി 6231 കുടുംബങ്ങളിൽനിന്നുള്ള 22,251 പേർ ഇപ്പോഴുമുണ്ട്. ആലുവയിൽ 14 ക്യാമ്പുകളിലായി 1276 കുടുംബങ്ങളിൽനിന്നുള്ള 4760 പേരുണ്ട്. കണയന്നൂർ താലൂക്കിൽ രണ്ട് ക്യാമ്പുകളിലായി 22 കുടുംബങ്ങളിൽനിന്നുള്ള 66 പേരുമുണ്ട്. പുനരധിവാസത്തിന് ആവശ്യമായ തുകയുടെ ആദ്യ ഗഡു എങ്കിലും കിട്ടിയാൽ മാത്രേമ ഇവരുടെ മടക്കം വേഗത്തിലാകൂ. ക്യാമ്പുകളിൽ കൂടാതെ നിരവധി പേർ ബന്ധുക്കളുടെ വീടുകളിലുമുണ്ട്. സ്കൂളുകളിൽ പ്രവർത്തിക്കുന്ന ക്യാമ്പുകൾ ദിവസങ്ങൾക്കകം പൂട്ടേണ്ടതുണ്ട്. ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾ ഓണാവധി കഴിഞ്ഞ് തുറക്കുന്നത് നീട്ടിവെക്കണമെന്ന് വി.ഡി. സതീശൻ എം.എൽ.എ ആവശ്യപ്പെട്ടു. നിർബന്ധിച്ച് ഇവരെ തിരിച്ചയക്കുന്ന സാഹചര്യമുണ്ടാകില്ലെന്നും പുനരധിവാസം സർക്കാർ ഉറപ്പാക്കുമെന്നും ധനസഹായത്തി​െൻറ കാര്യത്തിൽ ആശങ്കവേണ്ടെന്നും മന്ത്രി വി.എസ്. സുനിൽകുമാർ വ്യക്തമാക്കിയിട്ടുണ്ട്. ശുചീകരണം പുരോഗമിക്കുകയാണ്. ചളിയും മണ്ണും അടിഞ്ഞുകൂടിയ നിരവധി വീടുകൾ ഇതിനോടകം വൃത്തിയാക്കി ആളുകൾ താമസം ആരംഭിച്ചിട്ടുണ്ട്. ബാക്കിയുള്ള സ്ഥലങ്ങളിൽ ദിവസങ്ങൾക്കകം പൂർത്തീകരിക്കാനാണ് ജില്ല ഭരണകൂടം ശ്രമിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.