കൊച്ചി: പ്രളയതീരത്ത് അതിജീവനത്തിെൻറ പുതുനാമ്പ് തേടുന്ന കേരളത്തിന് ലക്ഷദ്വീപിെൻറ സ്നേഹ സമ്മാനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു പറ്റം വിദ്യാർഥികൾ സമ്മാനിച്ചത് 7,13,603 രൂപ. കവരത്തിയിലെ ജില്ല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷൻ ആൻഡ് ട്രെയിനിങ് (ഡയറ്റ്) വിദ്യാർഥികളാണ് വിവിധ ഇടങ്ങളിൽനിന്ന് പിരിവെടുത്ത തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. കവരത്തിയിൽ മൂന്നുദിവസം പ്രചാരണം നടത്തിയാണ് വിദ്യാർഥികൾ തുക സ്വരൂപിച്ചത്. പ്രളയം കേരളത്തെ മൂടിയ ആദ്യദിനമായ 15ന് ഉച്ചക്കുശേഷമായിരുന്നു തുടക്കം. വീടുകൾ കയറിയിറങ്ങിയാണ് പണം ശേഖരിച്ചത്. വൈകീട്ട് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച പൊതുപരിപാടിയിൽ കേരളത്തിനായി സഹായം അഭ്യർഥിച്ചുള്ള ബാനറുകൾ ഉയർത്തിയശേഷം കൂടിയിരുന്നവരിൽനിന്നും പിരിവെടുത്തു. 16ന് വിദ്യാർഥികൾ മൂന്നു സംഘമായി തിരിഞ്ഞ് വിവിധ ഓഫിസുകൾ കയറിയിറങ്ങി. വൈകീട്ട് കപ്പൽ ഉൾപ്പെടെ വന്നടുക്കുന്ന ജങ്ഷനിലായിരുന്നു പിരിവ്. അടുത്തദിവസം വീടുകൾ, കച്ചവട സ്ഥാപനങ്ങൾ, ഓഫിസുകൾ ഉൾപ്പെടെ കയറി. സ്വരൂപിച്ച തുക വിദ്യാർഥികൾ, അധ്യാപകർ, അനധ്യാപകർ എന്നിവരുടെ വിഹിതവും ചേർത്ത് പെരുന്നാൾ തലേന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ അടച്ചു. പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിനൊപ്പം നിൽക്കേണ്ടത് കടമയാണെന്ന തിരിച്ചറിവാണ് തങ്ങളെ നയിച്ചതെന്ന് ഡയറ്റിലെ വിദ്യാർഥിയായ മുഹമ്മദ് യാസീൻ 'മാധ്യമ'ത്തോടു പറഞ്ഞു. നിത്യോപയോഗ സാധനങ്ങൾക്കും ഉപരിപഠനത്തിനും വിദഗ്ധ ചികിത്സക്കും ദ്വീപുകാരുടെ ഏക ആശ്രയം കേരളമാണ്. ഡയറ്റിൽ കേരളത്തിൽനിന്നുള്ള വിദ്യാർഥികളോ, അധ്യാപകരോ ഇല്ല. കൊച്ചിയിൽ പഠിച്ച മൂന്നോ നാലോ പേർ ഡയറ്റിലുണ്ട്. കേരളത്തിലുള്ള അവരുടെ സുഹൃത്തുക്കളാണ് ദുരന്തത്തിെൻറ വ്യാപ്തി പങ്കുവെച്ചത്. അങ്ങനെയാണ് തുക സ്വരൂപിക്കാൻ തീരുമാനിച്ചത്. ദ്വീപ് ഭരണകൂടം, ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ്, കവരത്തി ജനത എന്നിവർ ഒപ്പം നിന്നതോടെയാണ് തങ്ങളുടെ ശ്രമം വിജയിച്ചതെന്നും യാസീൻ പറഞ്ഞു. സ്വന്തം ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.