കൊച്ചി: പ്രളയം വരിഞ്ഞുമുറുക്കിയ നാടിന് ഭക്ഷണവും വെള്ളവുമായി ജി.സി.ഡി.എയും കൊച്ചിൻ ചേംബർ ഒാഫ് കോമേഴ്സും. മൂന്നു ദിവസത്തിനിടെ മുപ്പതിനായിരത്തോളം പേർക്കാണ് ജി.സി.ഡി.എ അവശ്യസാധനങ്ങൾ എത്തിച്ചുനൽകിയത്. സഹായങ്ങൾ സ്വീകരിക്കാൻ ജി.സി.ഡി.എയുടെ നഗരത്തിലെ ഒാഫിസിൽ സൗകര്യമൊരുക്കിയിരുന്നു. ഇവിടെ ശേഖരിച്ചശേഷം സന്നദ്ധപ്രവർത്തകർ മുഖേന ആവശ്യക്കാർക്ക് നൽകുകയാണ് ചെയ്തിരുന്നത്. എറണാകുളത്തിനുപുറമെ ആലപ്പുഴയിലും സഹായമെത്തിക്കാൻ ജി.സി.ഡി.എക്ക് കഴിഞ്ഞെന്ന് ചെയർമാൻ സി.എൻ. മോഹനൻ പറഞ്ഞു. മറൈൻഡ്രൈവിലെ ഒാഫിസിലാണ് കൊച്ചിൻ ചേംബർ ഒാഫ് കോമേഴ്സ് കലക്ഷൻ സെൻറർ തുറന്നത്. വയനാടും പാലക്കാടും പ്രളയക്കെടുതിയുണ്ടായ ആദ്യഘട്ടത്തിൽ ഇതര സന്നദ്ധസംഘടനകളുമായി ചേർന്ന് കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ വിഭവസമാഹരണം നടത്തിയ കൊച്ചിൻ ചേംബർ ഒാഫ് കോമേഴ്സ്, ജില്ല ദുരിതത്തിലമർന്നതോടെ സ്വന്തം ഒാഫിസിൽ കലക്ഷൻകേന്ദ്രം തുറന്ന് സമാഹരണം ഉൗർജിതമാക്കുകയായിരുന്നുവെന്ന് സംഘടന ഭാരവാഹിയായ മുഹമ്മദ് സഹീർ പറഞ്ഞു. നഗരത്തിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ പ്രതിദിനം ആയിരത്തോളം പേർക്ക് ഭക്ഷണവും ഇതരസഹായങ്ങളും സംഘടനയുടെ നേതൃത്വത്തിൽ എത്തിക്കുന്നുണ്ട്. സി.െഎ.ടി.യുവും വിദ്യാർഥിക്കൂട്ടായ്മകളുമാണ് ചേംബർ ഒാഫ് കൊമേഴ്സിെൻറ സഹായം ക്യാമ്പുകളിലേക്കെത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.