കൊച്ചി: മഴക്കെടുതിയില്‍ ഏറ്റവും നാശംവിതച്ച ജില്ലയുടെ തീരദേശ മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലെ ദുരിതമൊഴിയുന്നില്ല. നഗരത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ ആവശ്യത്തിലധികം സാധനങ്ങളെത്തുമ്പോൾ തീരമേഖലയിലെ ക്യാമ്പുകളിൽ അവശ്യസാധനങ്ങൾപോലും എത്തുന്നില്ല. വാഹനങ്ങളിൽ എളുപ്പം എത്താനാകുന്ന ക്യാമ്പുകളിലേക്ക് സഹായ, സാമഗ്രികളുടെ കുത്തൊഴുക്കാണ്. അതേസമയം, തീരമേഖലകൾ ഉൾപ്പെടെ ഉൾപ്രദേശങ്ങളിലേക്ക് പോകാൻ ആരും മെനക്കെടുന്നില്ല. എടവനക്കാട് പഞ്ചായത്തില്‍ ഒമ്പത് ക്യാമ്പുകളിലായി 14,000 പേരാണുള്ളത്. ഇവിടങ്ങളിൽ അരിയും മറ്റ് ഭക്ഷണ സാധനങ്ങളും ആവശ്യത്തിനെത്തുന്നില്ല. സ്ത്രീകളും കുട്ടികളുമടങ്ങുന്ന പല ക്യാമ്പുകളിലും അടിവസ്ത്രങ്ങള്‍ പോലും കിട്ടാത്ത അവസ്ഥയാണ്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കടകള്‍ ഒട്ടുമിക്കവയും അടഞ്ഞുകിടക്കുന്നതും ക്യാമ്പ് പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ആളുകള്‍ കഴിയുന്ന എച്ച്.ഐ ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ ശൗചാലയ സംവിധാനങ്ങളുടെ കുറവാണ്. നഗരത്തിലെ കുടിവെള്ള വിതരണം ഭാഗികമായി നിലച്ചതോടെ തീരദേശത്തേക്ക് എത്തുന്ന കുടിവെള്ളത്തിെൻറ അളവിലും ഗണ്യമായ കുറവാണ് വന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍ വെള്ളക്കെട്ട് ഒഴിയുന്നതുവരെ ക്യാമ്പിലെ ജീവിതം ദുരിതമാകുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. പെട്ടെന്നുള്ള ക്യാമ്പായിരുന്നതിനാൽ ഭക്ഷണത്തിനും വസ്ത്രത്തിനും ഉൾപ്പെടെ വലിയ ക്ഷാമം നേരിട്ടിരുന്നതായി എടവനക്കാട് പഞ്ചായത്ത് അംഗം അസീന അബ്്ദുസ്സലാം പറഞ്ഞു. അരിയുണ്ടെങ്കിലും പയർ, പരിപ്പ്, റവ, പാചക എണ്ണ, കടല, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി എന്നിങ്ങനെ സാമഗ്രികൾക്ക് ക്ഷാമമുണ്ട്. കുടിവെള്ള പ്രശ്നത്തിന് കൃത്യമായ പരിഹാരമായിട്ടില്ല. പായ, പുതപ്പുകൾ, ബെഡ്ഷീറ്റ്, കുട്ടികൾക്കുള്ള സ്വെറ്ററുകൾ, പേപ്പർ പ്ലേറ്റുകൾ, ഡെറ്റോൾ, അടിവസ്ത്രങ്ങൾ, ബക്കറ്റ്, കപ്പ് എന്നിങ്ങനെ ആവശ്യമുണ്ട്. ലഭിക്കുന്ന വസ്തുവകകൾ പഞ്ചായത്തിൽ ശേഖരിച്ചശേഷം അംഗങ്ങളുടെ എണ്ണമനുസരിച്ച് 11 ക്യാമ്പുകളിലേക്ക് വിതരണം ചെയ്യുന്നതാണ് രീതി. അംഗങ്ങളുടെ എണ്ണത്തിന് ആനുപാതികമായി സാധനം എത്തുന്നില്ലെങ്കിലും ദുരിതമോ ബുദ്ധിമുട്ടോ ഇല്ലാതെ ക്യാമ്പുകൾ തുടരാൻ കഴിയുന്നുണ്ട്. ഇക്കാര്യങ്ങൾ അറിഞ്ഞ് പലരും സഹായവുമായി ഇപ്പോൾ എത്തുന്നുണ്ടെന്നും അവർ പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പെന്ന നിലയിൽ പ്രശ്നങ്ങളില്ലാതെയാണ് ഇപ്പോൾ പോകുന്നതെന്ന് നായരമ്പലം പഞ്ചായത്ത് പ്രസിഡൻറ് ഇ.പി. ഷിബു പറഞ്ഞു. അരിക്കൊപ്പം മറ്റ് ഭക്ഷണ സാമഗ്രികൾ കൂടി എത്തേണ്ടതുണ്ട്. ആളുകളുടെ എണ്ണമനുസരിച്ചുള്ളവ എത്തുന്നില്ലെങ്കിലും ഭക്ഷണ വിതരണത്തെയും മറ്റും അത് ബാധിച്ചിട്ടില്ല. കുടിവെള്ള പ്രശ്നം ഏറക്കുറെ പരിഹരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.