നടുവൊടിഞ്ഞ് നെല്ലറയുടെ നാട് -2

വെള്ളത്തി​െൻറ നാട്ടിലേക്ക് പ്രകൃതി തള്ളിവിട്ട ജലപ്രളയത്തിൽ പകച്ചുനിൽക്കുകയാണ് കുട്ടനാടൻ ജനത. ഇപ്പോഴത്തെ ദുരിതത്തെ നേരിടാൻ അവരുടെ വിശപ്പകറ്റിയാൽ മാത്രം പോര. ആത്മവിശ്വാസംകൂടി കുട്ടനാട്ടുകാരുടെ മനസ്സിലും ശരീരത്തിലുമെത്തണം. സഹായങ്ങൾ മാമാങ്കങ്ങളായി മാറി പ്രഹസനങ്ങളായി അധഃപതിക്കുകയാണെന്ന് പറയേണ്ടിവരുന്നു. ദുരിതബാധിതർക്ക് ഇവിടെ വേണ്ടത് എന്താണോ അത് കണ്ടറിഞ്ഞ് കൃത്യമായി നൽകാൻ കഴിയണം. നടുവൊടിഞ്ഞ കർഷകരെ താങ്ങിനിർത്തേണ്ടത് നാം ഒാരോരുത്തരുെടയും ചുമതലയാണ്. മാറി ചിന്തിച്ചില്ലെങ്കിൽ ഇനിയും ദുരന്തം കുട്ടനാട്ടിൽ വിദൂരമല്ലാതെ കടന്നെത്തുകതന്നെ ചെയ്യും. കർക്കടകത്തിൽ കൃഷിനാശവും വെള്ളപ്പൊക്ക ദുരിതവും കുട്ടനാടൻ ജനത പ്രതീക്ഷിക്കുന്നതുതന്നെയാണ്. പ്രതിസന്ധിയും ദുരന്തവുമൊക്കെ വള്ളംകളിയുടെ ആർപ്പുവിളിയിലൂടെ ഇവരങ്ങ് മറക്കും. നെല്ലറയുടെ നടുവൊടിച്ച ഇത്തവണത്തെ അപ്രതീക്ഷിത പ്രളയത്തെ മുറിച്ചുകടക്കുക കുട്ടനാട്ടുകാർക്ക് പ്രയാസകരമാകുമെന്നതിൽ തെല്ലും സംശയമില്ല. രണ്ടാഴ്ചയിലേറെയായുള്ള ദുരിതം മാധ്യമങ്ങളിലൂടെ ലോകം അറിഞ്ഞ് കുട്ടനാട്ടിലേക്ക് സഹായം ഒഴുകുകയാണിപ്പോൾ. വെള്ളം എല്ലാം നഷ്ടമാക്കിയവർക്ക് മൂന്നുനേരം കഴിക്കാനുള്ള ഭക്ഷണം മാത്രം നൽകിയാൽ പോര. സർവപ്രതീക്ഷയും നഷ്ടപ്പെട്ട കർഷകർ വീണ്ടും കൃഷിയിലേക്ക് മടങ്ങണമെങ്കിൽ സമയമെടുക്കും. ലഭിക്കുന്ന നഷ്ടപരിഹാരം വീണ്ടും കൃഷിയിറക്കാനുള്ള ആത്മവിശ്വാസം നൽകുന്നതാവുമെന്ന് കരുതാനാകില്ല. വായ്പയെടുത്തും സ്വർണം പണയംവെച്ചും രണ്ടാം കൃഷി ഇറക്കിയ കർഷകർക്ക് ഓണത്തിനോടനുബന്ധിച്ച് കൊയ്തെടുക്കേണ്ട പണവും വെള്ളത്തിലായി. മടവീഴ്ചയെ ഫലപ്രദമായി തടയണമെങ്കിൽ പേരിന് എന്തെങ്കിലും നടപടികൾകൊണ്ട് കഴിയില്ല. പാടങ്ങളിൽ ശാസ്ത്രീയമായ കാര്യങ്ങൾ നടപ്പാക്കണം. അത്തരത്തിൽ പാടശേഖരങ്ങളെ സുരക്ഷിതമാക്കിയില്ലെങ്കിൽ ചെറിയ വെള്ളപ്പൊക്കത്തിൽപോലും മടവീഴ്ച നിത്യസംഭവമാകും. 250 ഉം 300ഉം ഏക്കറുള്ള മൂന്നും നാലും പാടശേഖരങ്ങൾ ഒരുപോലെ ബന്ധപ്പെട്ട് കിടക്കുന്നത് വൻ തിരിച്ചടിയാണെന്ന് കർഷകർതന്നെ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത്തരത്തിൽ ചങ്ങലപോലെ ബന്ധപ്പെട്ട് കിടക്കുന്ന പാടശേഖരത്തിൽ ഒരെണ്ണത്തിൽ മടവീണാൽ മൂന്ന് പാടശേഖരത്തിലും വെള്ളപ്പാച്ചിലുണ്ടായി മടവീഴും. ഓരോ പാടത്തിന് നടുക്കും കീറിമുറിച്ച് വെള്ളം കായലിലേക്ക് ഒഴുകനുള്ള ചാലൊരുക്കുകയാണ് ചെയ്യേണ്ടത്. ഒരുപാടത്ത് മടവീണാൽ ആ പ്രദേശെത്ത വീടുകളെല്ലാം വെള്ളത്തിലാകുമെന്നിരിെക്ക നടുക്ക് ചാലുണ്ടാക്കി മാത്രമേ കുട്ടനാടിനെ രക്ഷിക്കാൻ കഴിയൂ. ഈ പ്രളയത്തിൽ കുട്ടനാട്ടിലെ 80 ശതമാനം പാടങ്ങളും മട വീണ് തകർന്നു. വേമ്പനാട്ടുകായൽ പഴയതുപോലെ വെള്ളത്തെ ഉൾക്കൊള്ളാത്തതും വൻ ഭീഷണിയാണ്. കായലിൽനിന്ന് മണ്ണും കട്ടയും വാരൽ മുമ്പ് നിരന്തരം നടന്നിരുന്ന പ്രക്രിയയായിരുന്നു. 10 മീറ്റർ താഴ്ചയുണ്ടായിരുന്ന കായലിലെ പലഭാഗവും ഇന്ന് താഴ്ച രണ്ട് മീറ്റർ മാത്രമാണെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. വേമ്പനാട്ടുകായലിൽ സർവിസ് നടത്തുന്ന രണ്ടായിരത്തിനടുത്ത് ഹൗസ് ബോട്ടുകളും കായലിന് സമ്മാനിച്ചിരിക്കുന്ന ആഘാതം ചെറുതല്ല. ബണ്ട് നിർമിക്കാനും പുരയിടങ്ങളിലിടാനും കട്ടയും മണ്ണുമെടുക്കുന്നതിന് നിയന്ത്രണം കൊണ്ടുവന്നതാണ് മറ്റൊരു തിരിച്ചടിയായത്. സർക്കാർ നിയന്ത്രണങ്ങളോടെ നിയമം മാറ്റി എഴുതിയാൽ വേമ്പനാട്ടുകായലിൽ കുറച്ചുകൂടി വെള്ളത്തെ ഉൾക്കൊള്ളാനാകും. അതുവഴി ഇത്തരം പ്രളയത്തെ ഒരുപരിധിവരെ തടയാൻ കഴിയും. ഉത്സവമായ നെഹ്റു ട്രോഫി ജലമേളെയയും ഓണക്കാലെത്തയും കണ്ണീരോടെ മാത്രമേ ഒാേരാ കുട്ടനാട്ടുകാരനും വരവേൽക്കാനാകൂ. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാവുമെന്ന് കരുതിയാണ് കുട്ടനാട് പാക്കേജിനെ എല്ലാവരും പ്രതീക്ഷയോടെ നോക്കിക്കണ്ടത്. എന്നാൽ, നിരാശമാത്രമായിരുന്നു ഫലം. അതേക്കുറിച്ച് നാളെ. (തുടരും)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.