ആലപ്പുഴ: വെള്ളപ്പൊക്ക കെടുതിമൂലം ദുരിതം അനുഭവിക്കുന്ന കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളും പ്രാഥമികാരോഗ്യകേന്ദ്രവും ആരോഗ്യമന്ത്രി കെ.കെ. ശൈലജ സന്ദര്‍ശിച്ചു. കുപ്പപ്പുറം, കുട്ടമംഗലം എന്‍.എസ്.എസ് ജെട്ടി എന്നീ ക്യാമ്പുകളും കൈനകരി പഞ്ചായത്തിലെ കുപ്പപ്പുറം പ്രാഥമികാരോഗ്യകേന്ദ്രവുമാണ് വ്യാഴാഴ്ച രാവിലെ മന്ത്രി സന്ദര്‍ശിച്ചത്. പകര്‍ച്ചവ്യാധികള്‍ നിയന്ത്രണവിധേയമാണെങ്കിലും വെള്ളം ഇറങ്ങുന്ന സമയത്തുണ്ടാകാനിടയുള്ളവയെ ഫലപ്രദമായി പ്രതിരോധിക്കാന്‍ മന്ത്രി ആരോഗ്യ-മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍മാർക്ക് നിര്‍ദേശം നല്‍കി. ഏതു അടിയന്തരഘട്ടം വന്നാലും ഇടപെടാൻ സ്റ്റാന്‍ഡ് ബൈ ടീമിനെ സജ്ജമാക്കിയതായും മന്ത്രി അറിയിച്ചു. വെള്ളം ഇറങ്ങുന്ന സമയത്ത് എലിപ്പനി, ഡെങ്കിപ്പനി, കോളറ, വയറിളക്കം തുടങ്ങിയ ജലജന്യരോഗങ്ങള്‍ വരാന്‍ സാധ്യത കൂടുതലാണ്. അത് മുന്നില്‍ക്കണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ആരോഗ്യവകുപ്പ് നടപ്പാക്കുന്നത്. വിവിധ ജില്ലകളില്‍നിന്ന് ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ തുടങ്ങിയ നൂറോളം ആരോഗ്യപ്രവര്‍ത്തകരെ സജ്ജമാക്കിയിട്ടുണ്ട്. മെഡിക്കല്‍ കോളജ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗവും നഴ്‌സിങ് കോളജും പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നുണ്ട്. ഓരോ പഞ്ചായത്തിലും ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ആയിരത്തോളം സന്നദ്ധപ്രവര്‍ത്തകരുമുണ്ട്. ഓരോ വാര്‍ഡിലും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നേതൃത്വം നല്‍കുന്നു. പകര്‍ച്ചവ്യാധികളുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ അറിയിക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വയറിളക്ക രോഗങ്ങള്‍ നിയന്ത്രിക്കാന്‍ ഒ.ആര്‍.എസ് ലായിനികളും സജ്ജമാക്കിയിട്ടുണ്ട്. പാമ്പുകടിയേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ എത്രയുംവേഗം അവരെ ആശുപത്രിയില്‍ എത്തിക്കാനുള്ള സൗകര്യവും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ സൗകര്യവും ഒരുക്കിയിട്ടുണ്ട്. അടഞ്ഞുകിടക്കുന്ന ശൗചാലയങ്ങളിൽനിന്ന് വാതകമുണ്ടായി തീപിടിക്കാനും ഇലക്ട്രിക് ഉപകരണങ്ങളില്‍നിന്ന് ഷോക്കുണ്ടാകാനും സാധ്യതയുള്ളതിനാല്‍ ബോധവത്കരണവും നല്‍കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.