ആലപ്പുഴ: വേമ്പനാട്ട് കായലിന് കുറുകെ കുട്ടനാട് പാക്കേജിൽ നിർമിക്കുന്ന തണ്ണീർമുക്കം ബണ്ടിെൻറ മൂന്നാം ഘട്ട പ്രവൃത്തികൾ പൂർത്തിയാകുന്നു. ഒന്നാം പഞ്ചവത്സര പദ്ധതിയിൽ തുടങ്ങിയ പ്രവൃത്തികൾക്കാണ് മൂന്നാംഘട്ടം പൂർത്തീകരിക്കുന്നതിലൂടെ അവസാനമാകുന്നത്. മൂന്നാംഘട്ടത്തിൽ 181 കോടി ചെലവഴിച്ച് 433 മീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലുമാണ് കായലിെൻറ മധ്യഭാഗത്തുള്ള മണൽത്തിട്ട ഒഴിവാക്കുന്നതിെൻറ ഭാഗമായി ഷട്ടർ ഉൾപ്പെടെ ബണ്ട് നിർമിച്ചത്. ഇതോടെ ഇറിഗേഷൻ വകുപ്പിെൻറ കീഴിലുള്ള വൻകിട ബണ്ടുകളിലൊന്നായി തണ്ണീർമുക്കം മാറും. പുതിയ ഷട്ടറുകൾ കൂടി കമീഷൻ ചെയ്യുമ്പോൾ 1410 മീറ്റർ ആയി ബണ്ടിെൻറ നീളം വർധിക്കും. 28 ഷട്ടറുകളാണ് പുതുതായി ഘടിപ്പിക്കാനുണ്ടായിരുന്നത്. ഇതിൽ 14 എണ്ണം ഘടിപ്പിച്ചു. ബാക്കിയുള്ളത് ഈ മാസം അവസാനത്തോടെ ഘടിപ്പിക്കുമെന്ന്് നിർമാണ പ്രവൃത്തികൾക്ക് നേതൃത്വം നൽകുന്ന ഇറിഗേഷൻ എക്‌സി. എൻജിനീയർ കെ.പി. ഹരൻബാബു, അസി.എക്‌സിക്യൂട്ടിവ് എൻജിനീയർ സി.എൻ. സന്തോഷ് എന്നിവർ പറഞ്ഞു. പണി പൂർത്തീകരിക്കുന്നതോടെ രണ്ട് ബോട്ട് ലോക്കുകൾ പൂർത്തിയാകും. പുതുതായി പണിത ബോട്ട് ലോക്ക് ഹൈഡ്രോളിക് ആണ്. യന്ത്ര സഹായത്തോടെ പ്രവർത്തിക്കുന്ന 14 മീറ്റർ വീതിയുള്ള ബോട്ട് ലോക്ക് ദേശീയ ജലപാതയുടെ മാനദണ്ഡങ്ങൾ പാലിച്ച് നിർമിച്ചതാണ്. ഇതോടെ ബോട്ടുകളുടെ യാത്ര സുഗമമാകും. മേരിമാത കൺസ്ട്രക്ഷൻ ഗ്രൂപ്പിനാണ് ബണ്ടിെൻറ നിർമാണ ചുമതല. പുതിയ ബണ്ടിന് 31 സ്പാനുകൾ ആണ് നിർമിച്ചത്. ബണ്ടിന് ഇരുവശവും 1.4 മീറ്റർ നടപ്പാതയുണ്ട്. 14 ഷട്ടറുകൾ കൂടി ഘടിപ്പിക്കുന്നതോടെ കിഴക്ക് പടിഞ്ഞാറ് ദിശയിലുള്ള, ഇപ്പോൾ ഗതാഗതം നടക്കുന്ന മൺചിറ പൂർണമായി പൊളിച്ചു നീക്കും. ഇതിെൻറ പ്രാരംഭ നടപടിയായി ഇലക്ട്രിക് പോസ്റ്റുകൾ നീക്കുന്ന ജോലിയും മരങ്ങൾ വെട്ടുന്ന പ്രവൃത്തിയും പൂർത്തിയായി വരുന്നു. കായലിെൻറ മധ്യഭാഗത്ത് പണിത ബണ്ടിെൻറ ഇരുവശങ്ങളെയും നിലവിലെ ബണ്ടുകളുമായി ബന്ധിപ്പിക്കുന്ന അപ്രോച്ച് റോഡിെൻറ പ്രവൃത്തികളും പൂർത്തിയായി. മണൽചിറ പൊളിക്കുന്നതിന് മുമ്പ് ഗതാഗതം പുതിയ ബണ്ടിലൂടെ തിരിച്ചുവിടേണ്ടി വരും. അതിനുള്ള ഒരുക്കം ഇറിഗേഷൻ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. രാജ്യം സ്വതന്ത്രമായതിന് ശേഷം ഏറ്റെടുത്ത വൻകിട പദ്ധതികളിലൊന്നാണ് മൂന്നാംഘട്ടത്തോടെ പൂർത്തിയാകുന്നത്. ഒന്നാം പഞ്ചവത്സര പദ്ധതിയിലാണ് കുട്ടനാട് വികസന പദ്ധതിയിൽപ്പെടുത്തി തണ്ണീർമുക്കം ബണ്ട് നിർമിച്ചത്. ഒന്നാംഘട്ടം 1965ലും രണ്ടാംഘട്ടം 75ലുമാണ് പൂർത്തീകരിച്ചത്. മൂന്നാംഘട്ട പൂർത്തീകരണത്തിന് കാരണമായത് 2007ലെ എം.എസ്. സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷെൻറ പഠന റിപ്പോർട്ടാണ്. കുട്ടനാടിെൻറ വിവിധ മേഖലകളിലെ നെൽകൃഷിയുൾപ്പെെട ആവശ്യങ്ങൾക്കായി ജലനിയന്ത്രണമാണ് ബണ്ടിെൻറ പ്രധാനദൗത്യം. വെള്ളപ്പൊക്ക സമയത്ത് കുട്ടനാട്ടിലെ ജലവിതാനം ഒരു പരിധിവരെ കുറക്കാനും തെക്ക് ഭാഗം കായലിൽ മണ്ണടിഞ്ഞ് ആഴവും സംഭരണ ശേഷിയും കുറയുന്നത് തടയാനും ഉപ്പുവെള്ളം നിയന്ത്രിക്കാനും സാധിക്കുമെന്നതാണ് ബണ്ടിെൻറ പ്രത്യേകത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.