ജി.എസ്.ടി ചെറുകിട കച്ചവടക്കാരെ ഇല്ലാതാക്കും - ടി. നസിറുദ്ദീൻ

ആലുവ: ചരക്കുസേവന നികുതി (ജി.എസ്.ടി) ചെറുകിട കച്ചവടക്കാരെ ഇല്ലാതാക്കുന്നതാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ജി.എസ്.ടിയിലൂടെ വൻകിടക്കാർ തഴച്ചുവളരുകയും ചെറുകിടക്കാർ ഇല്ലാതാകുകയും ചെയ്യും. സംസ്ഥാനത്തെ പത്ത് ലക്ഷം കച്ചവടക്കാർ അഞ്ച് ലക്ഷമായി ചുരുങ്ങുന്നതാണ് കേന്ദ്ര സർക്കാറി​െൻറ ജി.എസ്.ടി നയം. നികുതി ഘടനയുമായും കംപ്യൂട്ടർ സംവിധാനവുമായും പരിചയമില്ലാത്തതിനാൽ മറ്റുള്ളവരെ ആശ്രയിക്കേണ്ടിവരുന്നത് വ്യാപാരികൾക്ക് കനത്ത സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നു. മാസത്തിൽ മൂന്ന് തവണ ടാക്സ് ഫയലിങ് നടത്താൻ 2000 രൂപയോളമാണ് ചെലവാകുന്നത്. ജി.എസ്.ടി ഫയലിങ് രീതി കൂടുതൽ ലളിതമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് വ്യാപാരികൾ ഒരേസമയം ഓൺലൈനിൽ ആകുമ്പോൾ സെർവർ നിലക്കുന്നതും പതിവാണ്. ഇതിനും പിഴയൊടുക്കേണ്ടത് വ്യാപാരികളാണെന്നും അതിനാൽ, വ്യാപാരികളെ ഈ രംഗത്ത് ബോധവത്കരിക്കാനും ഇ-ഫയലിങ് കാര്യക്ഷമമാക്കാനുമായി വിവിധ ഏജൻസികളുമായി സഹകരിച്ച് 'സുവിധ' കേന്ദ്രങ്ങൾ തുടങ്ങാൻ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏകോപന സമിതി ജനറൽ സെക്രട്ടറി കെ. സേതുമാധവൻ, ആലുവ മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് നസീർ ബാബു, ജനറൽ സെക്രട്ടറി എ.ജെ. റിയാസ്, അബ്‌ദുൽ ബഷീർ പുതുപ്പാടി, യു.കെ. ജലീൽ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.