പല്ലനയിൽ കുടിവെള്ളത്തിനായി പെടാപ്പാട്

ആറാട്ടുപുഴ: പല്ലനയിലെ കുടിവെള്ള ക്ഷാമം രൂക്ഷമായി. തൃക്കുന്നപ്പുഴ പഞ്ചായത്ത് 16ാം വാർഡിൽ കുടിവെള്ളക്ഷാമം അതിരൂക്ഷമായിട്ട് രണ്ടാഴ്ചയിലേറെയാകുന്നു. ടാപ്പിൽനിന്ന് വെള്ളം കിട്ടാൻ പണി പലത് ചെയ്തിട്ടും പ്രയോജനമില്ല. ഒടുവിൽ ടാപ്പ് ഇളക്കിമാറ്റിയതിന് ശേഷം പൈപ്പിലേക്ക് ചെറിയ ട്യൂബ് കടത്തി മറുതല വായിലേക്ക് വെച്ച് മുകളിലേക്ക് ശ്വാസം വലിച്ച് ഭൂമിക്കടിയിലൂടെ പോകുന്ന പൈപ്പിൽ ഊറിയെത്തുന്ന വെള്ളം ശേഖരിക്കുകയാണ് നാട്ടുകാർ. പല്ലന ജുമാമസ്ജിദിന് കിഴക്ക് കാട്ടിൽ ഭാഗം മുതൽ കിഴക്കോട്ട് ആറ്റ് തീരം വരെയുള്ള പ്രദേശത്ത് കുടിവെള്ളം കിട്ടാതെ ജനം നെട്ടോട്ടത്തിലാണ്. പൈപ്പ് ജലം മാത്രമാണ് ഇവരുടെ ആശ്രയം. കുളങ്ങളിലെയും തോടുകളിലെയും ജലം ഉപയോഗയോഗ്യമല്ല. പല്ലന കുമാരനാശാൻ സ്മാരക ഹയർ സെക്കൻഡറി സ്കൂൾ വളപ്പിലുള്ള കുഴൽക്കിണറിൽനിന്ന് പമ്പ് ചെയ്യുന്ന വെള്ളമാണ് ഇവിടെ ലഭിച്ചുകൊണ്ടിരുന്നത്. ആദ്യം ഭൂമി നിരപ്പിന് മുകളിലുള്ള ടാപ്പുകളിൽ വെള്ളം വരാതെയായി. തുടർന്ന് നാട്ടുകാർ കുഴി തുരന്ന് ടാപ്പുകൾ താഴ്ത്തി സ്ഥാപിച്ചു. കുറേദിവസം കഴിഞ്ഞപ്പോൾ ഈ അവസ്ഥയിലും ജലം കിട്ടാതെയായി. അവസാന വഴിയെന്ന നിലക്കാണ് ട്യൂബ് കടത്തി വലിക്കാൻ തുടങ്ങിയത്. കഴിഞ്ഞ കുറേ ദിവസങ്ങളായി വലിച്ചാൽ കാറ്റ് മാത്രമാണ് മുകളിലേക്ക് വരുന്നത്. ഒരുതുള്ളി ദാഹജലത്തിനായി രാപകലില്ലാതെ ജനങ്ങൾ വലിച്ചുകൊണ്ടിരിക്കുമ്പോഴും അധികാരികൾ കണ്ടഭാവം നടിക്കുന്നില്ല. താൽക്കാലിക സംവിധാനമെന്ന നിലയിൽ പ്രദേശത്ത് വലിയ കുടിവെള്ള ടാങ്ക് സ്ഥാപിച്ച് ജലവിതരണം നടത്തുമെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നുണ്ടെങ്കിലും നടപടിയായിട്ടില്ല. ടാങ്ക് പഞ്ചായത്തിൽ എത്തിച്ചിട്ടുണ്ടെങ്കിലും ഇത് സ്ഥാപിക്കേണ്ട റവന്യൂ വകുപ്പ് അലംഭാവം കാട്ടുകയാണ്. എല്ലാ വേനൽക്കാലത്തും കാട്ടിൽ ഭാഗത്ത് കുടിവെള്ള ക്ഷാമം രൂക്ഷമാകാറുണ്ട്. ഇവിടെ കുഴൽക്കിണർ സ്ഥാപിക്കാൻ ഹൈസ്കൂളിന് കിഴക്ക് ഭാഗത്തായി സ്ഥലം ലഭ്യമായെങ്കിലും ഫണ്ട് ഇല്ലെന്ന കാരണം പറഞ്ഞ് വൈകുകയാണ്. കുഴൽക്കിണറിനും പൈപ്പുകൾ സ്ഥാപിക്കാനുമായി 25 ലക്ഷം രൂപയോളം വേണ്ടിവരും. ഇത്രയും വലിയ തുക മുടക്കാൻ കഴിയില്ലെന്നാണ് ജല അതോറിറ്റിയും പഞ്ചായത്തും പറയുന്നത്. സ്ഥലം എം.എൽ.എ കൂടിയായ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഇക്കാര്യത്തിൽ നടപടി കൈക്കൊള്ളുന്നില്ലെന്ന പരാതിയും നാട്ടുകാർക്കുണ്ട്. കുടിക്കാനും മറ്റ് ആവശ്യങ്ങൾക്കും ദൂരെ സ്ഥലങ്ങളിൽനിന്ന് വെള്ളം ശേഖരിക്കേണ്ട സ്ഥിയിലാണ് നാട്ടുകാർ. പ്രശ്നപരിഹാരത്തിന് അടിയന്തര നടപടി കൈക്കൊണ്ടില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ. സാംബവർ സൊസൈറ്റി വാർഷിക പൊതുയോഗം ചാരുംമൂട്: കേരള സാംബവർ സൊസൈറ്റി താമരക്കുളം ടൗൺ 157ാം നമ്പർ ശാഖ വാർഷിക പൊതുയോഗം സംസ്ഥാന കമ്മിറ്റി അംഗം പി. പ്രകാശ് കാർത്തികപ്പള്ളി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് പി.കെ. സദാനന്ദൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്ത ബി. അജിത്കുമാറിനെയും മുതിർന്ന അംഗങ്ങളെയും ആദരിച്ചു. താലൂക്ക് കമ്മിറ്റി സെക്രട്ടി ആർ. ബാബു, രമണി രാജപ്പൻ, സരിത, പൊടിയൻ, രാജപ്പൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.