ആവശ്യപ്പെടുന്നിടത്തെല്ലാം കുടിവെള്ളം എത്തിക്കും -മന്ത്രി ജി. സുധാകരൻ ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആവശ്യപ്പെടുന്ന സ്ഥലങ്ങളിലെല്ലാം പരാതികൾക്ക് ഇടനൽകാതെ കുടിവെള്ളം എത്തിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജി. സുധാകരൻ. കുടിവെള്ള വിതരണ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാഹനങ്ങളിൽ കുടിവെള്ള വിതരണം, കിയോസ്കുകൾ എന്നിവ അടിയന്തരമായി ആവശ്യമുള്ള, ഇതുവരെ റിപ്പോർട്ട് നൽകിയിട്ടില്ലാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അതിനായി യോഗം ചേർന്ന് തങ്ങളുടെ ആവശ്യം തഹസിൽദാർമാരെ അറിയിക്കണം. തുടർന്ന് തഹസിൽദാർമാർ എത്രയും പെട്ടെന്ന് അത് കലക്ടർക്ക് കൈമാറണം. ഇങ്ങനെ ലഭിക്കുന്ന അപേക്ഷകളിന്മേൽ കലക്ടർ ഉടൻ തീരുമാനമെടുത്ത് കുടിവെള്ളം എത്തിക്കാനുള്ള നടപടി സ്വീകരിക്കും. പഞ്ചായത്തുകൾക്ക് അവയുടെ പ്ലാൻ ഫണ്ടിൽനിന്ന് കുടിവെള്ള വിതരണത്തിനുള്ള തുക കണ്ടെത്താമെന്ന് തദ്ദേശസ്വയംഭരണ വകുപ്പിെൻറ ഉത്തരവ് നിലവിലുണ്ട്. ഏതെങ്കിലും പ്രദേശങ്ങളിൽ കുടിവെള്ളമില്ലാത്ത സാഹചര്യമുണ്ടായാൽ അവിടെ ജില്ല ഭരണകൂടത്തിെൻറ ആഭിമുഖ്യത്തിൽ കുടിവെള്ളം എത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ജില്ലയിൽ 529 കിയോസ്കുകൾ വിതരണം ചെയ്തിട്ടുണ്ട്. പുതുതായി യോഗത്തിൽ ഉയർന്ന ആവശ്യങ്ങൾ കൂടി പരിഗണിക്കുമ്പോൾ ആയിരത്തോളം കിയോസ്കുകൾ കൂടി വേണ്ടിവരും. ഇത് അനുവദിക്കുന്നതിന് കലക്ടർ ടി.വി. അനുപമയെ ചുമതലപ്പെടുത്തി. 38 വാഹനങ്ങളിൽ ഇപ്പോൾ ജലവിതരണം നടത്തിവരുന്നുണ്ട്. ജല അതോറിറ്റിയുടെ പമ്പ് ഹൗസുകളിൽ ഓപറേറ്റർമാരുടെ കുറവുണ്ടെങ്കിൽ താൽക്കാലികമായി ജീവനക്കാരെ നിയമിച്ച് പ്രശ്നം പരിഹരിക്കണമെന്ന് മന്ത്രി അധികൃതർക്ക് നിർദേശം നൽകി. ജില്ലയെ വരൾച്ചബാധിത ജില്ലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ആവശ്യപ്രകാരം ലഭിക്കുന്ന അപേക്ഷകളിൽ കിയോസ്ക് വഴിയോ വാഹനം വഴിയോ കുടിവെള്ളം എത്തിക്കാൻ തടസ്സമില്ലെന്ന് കലക്ടർ വ്യക്തമാക്കി. യോഗത്തിൽ എം.എൽ.എമാരായ ആർ. രാജേഷ്, യു. പ്രതിഭ ഹരി, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ, നഗരസഭ ചെയർമാൻ തോമസ് ജോസഫ്, തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികൾ, ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു. താറാവുകളിലെ രോഗം: 'പാസ്ച്ചോറല്ല' വാക്സിനുകൾ ലഭ്യമാക്കി ആലപ്പുഴ: ജില്ലയിലെ അപ്പർകുട്ടനാട് ഭാഗങ്ങളിൽ 'പാസ്ച്ചോറല്ല' രോഗം ബാധിച്ച് താറാവുകൾ കൂട്ടമായി ചത്ത സാഹചര്യത്തിൽ രോഗം നിയന്ത്രണ വിധേയമാക്കുന്നതിനും മറ്റ് സ്ഥലങ്ങളിലേക്ക് പടരാതിരിക്കുന്നതിനുമുള്ള മുൻകരുതലുകൾ മൃഗസംരക്ഷണ വകുപ്പ് സ്വീകരിച്ചു. അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് ജില്ലയിൽ എത്തിച്ച രണ്ട്ലക്ഷം ഡോസ് പാസ്ച്ചോറല്ല വാക്സിനുകൾ വെറ്ററിനറി ആശുപത്രിയിൽ വിതരണത്തിന് ലഭ്യമാക്കിയിട്ടുണ്ട്. തുടർന്നുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കായി രണ്ടുലക്ഷം ഡോസ് പാസ്ച്ചോറല്ല വാക്സിനുകൾ കൂടി രണ്ടാഴ്ചക്കുള്ളിൽ ലഭ്യമാക്കും. ആദ്യ കുത്തിവെപ്പ് 30 ദിവസം പ്രായമുള്ളപ്പോഴും തുടർന്ന് 60 ദിവസം പ്രായത്തിലും വെറ്ററിനറി സർജെൻറ നിർദേശാനുസരണം നൽകണം. ഇങ്ങനെ നൽകിയാൽ മാത്രമേ മതിയായ രോഗപ്രതിരോധ ശേഷി കൈവരിക്കുകയുള്ളൂ. ആരോഗ്യമുള്ള താറാവുകൾക്കാണ് വാക്സിൻ നൽകേണ്ടത്. രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളിലെ താറാവുകൾക്ക് മരുന്നുകൾ സ്വന്തം െചലവിൽ വാങ്ങി നൽകിയിട്ടുള്ള കർഷകർ മരുന്നിെൻറ കുറിപ്പടിയും വാങ്ങിയതിെൻറ കാഷ് ബില്ലും അപേക്ഷയും വെറ്ററിനറി ആശുപത്രിയിൽ സമർപ്പിച്ചാൽ െചലവായ തുക നൽകുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.