പറവൂർ താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂനിറ്റ് പ്രവർത്തനം ആരംഭിച്ചു

പറവൂർ: കാത്തിരിപ്പിന് വിരാമമിട്ട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂനിറ്റ് പ്രവർത്തനം ആരംഭിച്ചു. ചൊവ്വാഴ്ച രാവിലെ ആദ്യ ഡയാലിസിസിന് തുടക്കംകുറിച്ചു. വാണിയക്കാട് സ്വദേശി ബാബുവിനെയാണ് ഡയാലിസിസിന് വിധേയമാക്കിയത്. ഫിസിഷ്യൻ ഡോ. കാർത്തിക്കി​െൻറ നേതൃത്വത്തിലാണ് ചികിത്സ ആരംഭിച്ചത്. രണ്ട് ഷിഫ്റ്റുകളായി ഒരുദിവസം 13 പേർക്ക് ഡയാലിസിസ് ചെയ്യാനാകും. ആദ്യത്തെ ആഴ്ചയിൽ ഒരുദിവസം ഒരാൾക്ക് മാത്രമേ ഡയാലിസിസ് ചെയ്യൂ. ഘട്ടംഘട്ടമായി പൂർണതോതിൽ പ്രവർത്തനസജ്ജമാക്കും. ആരോഗ്യ ഇൻഷുറൻസ് കാർഡ് ഉടമകൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് 500 രൂപയുമാണ് നിരക്ക്. കഴിഞ്ഞ സർക്കാറി​െൻറ കാലത്ത് അനുവദിച്ച ഒരുകോടി മുടക്കിയാണ് യൂനിറ്റ് നിർമിച്ചത്. പുതിയ ഓപറേഷൻ തിയറ്ററിന് സമീപം ഒന്നാം നിലയിലാണ് സജീകരിച്ചത്. ഒരു ഡോക്ടറെയും രണ്ട് ടെക്നീഷ്യനെയും നിയമിച്ചിട്ടുണ്ട്. ഡയാലിസിസ് യൂനിറ്റി​െൻറ പ്രവർത്തനത്തിൽ പൊതുജനങ്ങൾക്ക് പങ്കാളികളാകാൻ അവസരമൊരുക്കിയിട്ടുണ്ട്. 500 രൂപ സ്പോൺസർ ചെയ്താൽ ഒരാളുടെ ഡയാലിസിസ് ചെയ്തുകൊടുക്കും. 7000 രൂപ സ്പോൺസർഷിപ് ലഭിച്ചാൽ ഒരുദിവസത്തെ ഡയാലിസിസ് രോഗികൾക്ക് സൗജന്യമായി ചെയ്തുകൊടുക്കാൻ കഴിയും. സ്പോൺസർഷിപ് തുക നേരിട്ടും ബാങ്ക് അക്കൗണ്ട് വഴിയും നൽകാൻ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് നഗരസഭ അധ്യക്ഷൻ രമേഷ് ഡി. കുറുപ്പ് അറിയിച്ചു. രണ്ടുമാസം മുമ്പ് ഡയാലിസിസ് യൂനിറ്റ് പ്രവർത്തനസജ്ജമായതാണ്. തുറക്കാൻ വൈകിയതോടെ ശക്തമായ പ്രതിഷേധമുയർന്നു. ഔദ്യോഗികമായ ഉദ്ഘാടനം നടക്കാതിരുന്നതിനാലാണ് പ്രവർത്തനം തുടങ്ങാന്‍ കഴിയാതിരുന്നത്. ഉദ്ഘാടനം കഴിഞ്ഞില്ലെങ്കിലും പ്രവർത്തനം തുടങ്ങാൻ ആരോഗ്യ മന്ത്രി നിർദേശം നൽകിയതിനെത്തുടർന്നാണ് നഗരസഭ നടപടികളെടുത്തത്. നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പ്രദീപ് തോപ്പിൽ, ആശുപത്രി സൂപ്രണ്ട് ഡോ. പി.എ. റോസമ്മ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.