മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് എൽ.ഡി.എഫ്​ പിന്തുണ; കേരള കോണ്‍ഗ്രസിന്​ വികസന സ്​ഥിരം സമിതി അംഗത്വം

മൂവാറ്റുപുഴ: യു.ഡി.എഫ് ഒന്നടങ്കം വിട്ടുനിന്ന തെരഞ്ഞെടുപ്പില്‍ എൽ.ഡി.എഫ് പിന്തുണയില്‍ കേരള കോണ്‍ഗ്രസ് അംഗം വികസന സ്ഥിരം സമിതി അംഗമായി. ചിന്നമ്മ ഷൈന്‍ ആണ് തെരഞ്ഞെടുക്കപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ആർ.ഡി.ഒ എസ്. ഷാജഹാ​െൻറ അധ്യക്ഷതയിൽ ചേര്‍ന്ന തെരഞ്ഞെടുപ്പിലാണ് നാടകീയരംഗങ്ങള്‍ ഉണ്ടായത്. ബ്ലോക്ക് പഞ്ചായത്തിലെ ഒഴിവുള്ള വികസന സ്റ്റാൻഡിങ് കമ്മിറ്റി അംഗത്തെ തെരഞ്ഞെടുക്കാനാണ് യോഗം ചേര്‍ന്നത്. നടപടിക്രമം അനുസരിച്ച് ഒരാഴ്ച മുമ്പുതന്നെ തെരഞ്ഞെടുപ്പിന് എത്തിച്ചേരാനുള്ള നോട്ടീസ് അംഗങ്ങള്‍ക്ക് നല്‍കിയിരുന്നു. അതനുസരിച്ച് ആർ.ഡി.ഒ യോഗത്തിനെത്തിയപ്പോൾ 13 അംഗ ബ്ലോക്ക് ഭരണസമിതിയില്‍ പ്രസിഡൻറ് അടക്കമുള്ള യു.ഡി.എഫ് അംഗങ്ങളിൽ ഏഴുപേരും എത്തിയില്ല. എൽ.ഡി.എഫിലെ അഞ്ച് പേരും യു.ഡി.എഫിനൊപ്പമുള്ള മാണി ഗ്രൂപ് അംഗം ചിന്നമ്മ ഷൈനും മാത്രമാണ് ഹാജരായത്. കോറം തികയാത്തതിനാല്‍ യോഗം മാറ്റിെവക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ആർ.ഡി.ഒ നിയമവൃത്തങ്ങളുമായി ആലോചിച്ച് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ആരംഭിച്ചതോടെ ചിന്നമ്മ ഷൈന്‍ യോഗത്തില്‍ ഹാജറിൽ ഒപ്പുവെക്കാതെ പുറത്ത് പോകുകയായിരുന്നു. വികസന സ്ഥിരം സമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെടേണ്ട ചിന്നമ്മ ഷൈന്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍നിന്ന് വിട്ടുനിന്നതോടെ പഞ്ചായത്തീരാജ് ആക്ടിലെ തെരഞ്ഞെടുപ്പ് ചട്ടപ്രകാരം, ഒഴിവുള്ള അംഗത്തെ തെരഞ്ഞെടുക്കാന്‍ സന്നിഹിതരായ ഭരണസമിതിയംഗങ്ങള്‍ക്കുള്ള അധികാരം ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് എൽ.ഡി.എഫ് അംഗങ്ങള്‍ വരണാധികാരിയോട് ആവശ്യപ്പെട്ടതോടെ വരണാധികാരി ആവശ്യം അംഗീകരിച്ചു. ഇതോടെ എൽ.ഡി.എഫിലെ ബാബു ഐസക് ചിന്നമ്മ ഷൈനി​െൻറ പേര് നിർദേശിച്ചു. ടി.എം. ഹാരിസ് പിന്താങ്ങി. എൽ.ഡി.എഫ് അംഗമായ സ്മിത സിജു, ഒ.സി. ഏലിയാസ്, ടി.എച്ച്. ബബിത എന്നിവരും നിർദേശത്തെ പിന്തുണച്ചതോടെ ചിന്നമ്മ ഷൈന്‍ തെരഞ്ഞെടുക്കപ്പെട്ടതായി ആർ.ഡി.ഒ അറിയിച്ചു. എൽ.ഡി.എഫ് അംഗങ്ങളുടെ നിർദേശപ്രകാരം കേരള കോണ്‍ഗ്രസ് എം അംഗം വികസന സ്ഥിരം സമിതി അംഗമായതോടെ സ്ഥിരം സമിതി അധ്യക്ഷസ്ഥാനം യു.ഡി.എഫിന് നഷ്ടപ്പെടുമെന്ന് സൂചനയുണ്ട്. തെരഞ്ഞെടുപ്പില്‍നിന്ന് യു.ഡി.എഫ് ഒന്നടങ്കം വിട്ടുനിന്നത് ഭരണസമിതിയില്‍തന്നെ ആശയക്കുഴപ്പത്തിന് വഴിതുറന്നിട്ടുണ്ട്. പ്രസിഡൻറും വൈസ് പ്രസിഡൻറുമടക്കം മുന്നറിയിപ്പില്ലാതെ യോഗത്തില്‍നിന്ന് വിട്ടുനിന്നത് വിവാദമായി. എന്നാൽ, യു.ഡി.എഫ് വിട്ടുനിൽക്കുമെന്ന വിവരം ചിന്നമ്മ ഷൈൻ അറിയാതെ പോയതാണ് ഇവർ യോഗത്തിനെത്താൻ ഇടയാക്കിയതെന്നാണ് സൂചന. വികസന സമിതി അംഗമായിരുന്ന ചിന്നമ്മ ഷൈൻ, യു.ഡി.എഫിലെ ധാരണയനുസരിച്ച് പ്രസിഡൻറാകുന്നതിനായി സമിതി അംഗത്വം രാജിെവച്ചിരുന്നു. എന്നാൽ, കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പിൽ ജോസി ജോളിയെയാണ് മാണി ഗ്രൂപ്പ് പ്രസിഡൻറാക്കിയത്. ഇതിനിടെ, പ്രസിഡൻറ് സ്ഥാനം ഒഴിഞ്ഞ കോൺഗ്രസ് അംഗം മേരി ബേബിയെയോ, ചിന്നമ്മ ഷൈനിനെേയാ വികസന സമിതിയിൽ അംഗമാക്കണമെന്ന കാര്യത്തിൽ ധാരണയാകാത്തതാണ് യു.ഡി.എഫ് അംഗങ്ങള്‍ വിട്ടുനില്‍ക്കാന്‍ കാരണമെന്നാണ് സൂചന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.