വനിത ഡ്രൈവര്‍മാരില്ല; മാലിന്യം നീക്കാൻ വാങ്ങിയ ഓട്ടോകൾ കട്ടപ്പുറത്ത്

കാക്കനാട്: വനിത ക്ഷേമ ഫണ്ട് വിനിയോഗിച്ച് മാലിന്യം നീക്കാന്‍ ഓട്ടോറിക്ഷകള്‍ വാങ്ങിയ തൃക്കാക്കര നഗരസഭ അധികൃതര്‍ വെട്ടിൽ. ഒാടിക്കാൻ വനിത ഡ്രൈവർമാരെ കിട്ടാത്തതിനാൽ ഓട്ടോകൾ നിരത്തിലിറങ്ങിയില്ല. മൂന്ന് മാസം മുമ്പ് 45 ലക്ഷം രൂപ ചെലവിട്ടാണ് എട്ട് ഓട്ടോറിക്ഷകൾ വാങ്ങിയത്. ഇവ അടുത്തിടെവരെ നഗരസഭ ഓഫിസിന് മുന്നിലാണ് സൂക്ഷിച്ചിരുന്നത്. മഴയും വെയിലും കൊണ്ട് തുരുമ്പെടുക്കാന്‍ തുടങ്ങിയതോടെ ചിലത് മുനിസിപ്പല്‍ ഓഫിസിന് പിന്നിലെ ഷെഡ്ഡിലേക്ക് മാറ്റി പടുത കൊണ്ട് മൂടി. മൂന്ന് ഓട്ടോകള്‍ ഇപ്പോഴും നഗരസഭ ഓഫിസിന് മുന്നിലാണ് ഇട്ടിരിക്കുന്നത്. പുതിയ വാഹനങ്ങളുടെ അടിഭാഗം ഉള്‍പ്പെടെ തുരുമ്പെടുക്കാന്‍ തുടങ്ങിയിട്ടും മാലിന്യ നീക്കത്തിന് ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല. നാലു ചക്രമുള്ള ഓട്ടോകള്‍ ഓടിക്കാന്‍ വനിത ഡ്രൈവര്‍മാര്‍ ഇല്ലാത്തതാണ് നിരത്തിലിറക്കാന്‍ തടസ്സമായതെന്നാണ് നഗരസഭ അധികൃതരുടെ വിശദീകരണം. സ്ത്രീകളുടെ ക്ഷേമത്തിനുള്ള ഫണ്ട് വിനിയോഗിച്ചാണ് നഗരസഭ നടപ്പ് സാമ്പത്തിക വര്‍ഷം മാലിന്യം നീക്കാന്‍ ഓട്ടോറിക്ഷകള്‍ വാങ്ങിയത്. നിലവിൽ കുടുംബശ്രീ വനിതകളാണ് നഗരസഭ മാലിന്യം നീക്കുന്നത്. വനിത ക്ഷേമ ഫണ്ട് വിനിയോഗിച്ചതിനാൽ ഗുണഭോക്താക്കൾ വനിത ഡ്രൈവര്‍മാരായിരിക്കുമെന്ന് പദ്ധതി റിപ്പോര്‍ട്ടില്‍ ചേര്‍ത്താണ് ഡി.പി.സിയുടെ അംഗീകാരം വാങ്ങിയത്. ഇതുമൂലം പുരുഷന്മാരെ ഡ്രൈവറായി നിയോഗിക്കാന്‍ പറ്റില്ല. ശുചിത്വ മിഷനുമായി ആലോചിച്ചാണ് നഗരസഭ അധികൃതര്‍ വനിത ക്ഷേമ ഫണ്ട് വകമാറ്റിയത്. 13 പെട്ടി ഓട്ടോറിക്ഷകളിലാണ് നിലവില്‍ മാലിന്യം ശേഖരിച്ച് നീക്കുന്നത്. ഡ്രൈവർമാരിൽ നാലോ അഞ്ചോ പേർ മാത്രമാണ് വനിതകള്‍. ബാക്കിയുള്ളതിലെല്ലാം പുരുഷന്മാരാണ്. ജനറല്‍ ഫണ്ട് വിനിയോഗിച്ച് വാങ്ങിയ ഓട്ടോറിക്ഷകളിൽ പുരുഷ ഡ്രൈവര്‍മാരെ നിയമിക്കുന്നതിന് തടസ്സമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.