വായ്പ: എസ്.ബി.ഐ ഗുരുതര വീഴ്ച വരുത്തി ^എം.പി

വായ്പ: എസ്.ബി.ഐ ഗുരുതര വീഴ്ച വരുത്തി -എം.പി ആലപ്പുഴ: വായ്പകൾ അനുവദിക്കുന്ന കാര്യത്തിൽ എസ്.ബി.ഐ ഗുരുതര വീഴ്ച വരുത്തിയതായി കെ.സി. വേണുഗോപാൽ എം.പി. ജില്ലതല ബാങ്കേഴ്സ് അവലോകനയോഗത്തിലാണ് എം.പിയുടെ വിമർശനം. യോഗത്തിൽ പങ്കെടുത്ത എസ്.ബി.ഐ പ്രതിനിധി വീഴ്ച അംഗീകരിച്ചു. തെറ്റുതിരുത്തി മുന്നോട്ടുപോകുമെന്നും അറിയിച്ചു. പി.എം.എ.വൈ വായ്പ അനുവദിക്കാൻ റോഡ് നിർബന്ധമാണെന്ന വ്യവസ്ഥ ചില ബാങ്കുകൾ മുന്നോട്ടുവെക്കുന്നതിനാൽ സാധാരണക്കാർ ബുദ്ധിമുട്ടുകയാണ്. വിദ്യാഭ്യാസ വായ്പ നൽകുന്ന കാര്യത്തിൽ മിക്ക ബാങ്കും നിഷേധാത്മക സമീപനമാണ് പുലർത്തുന്നത്. മുമ്പ് നൽകിയ വായ്പകളിലെ തിരിച്ചടവ് പൂർണമായി ലഭിച്ചശേഷം പുതിയത് അനുവദിച്ചാൽ മതിയെന്ന നിലപാട് ചില ബാങ്കുകൾ എടുത്തിരിക്കുകയാണ്. ഇതുസംബന്ധിച്ച് കോർപറേഷൻ ബാങ്ക് ആഭ്യന്തര സർക്കുലർ ഇറക്കിയെന്നും എം.പി ചൂണ്ടിക്കാട്ടി. കയർ-മത്സ്യ തൊഴിലാളികളുടെ മക്കൾ അടക്കം വിദ്യാഭ്യാസ വായ്പ ലഭിക്കാതെ ബുദ്ധിമുട്ടുകയാണെന്നും ഈ നിലപാട് തിരുത്തണമെന്നും വേണുഗോപാൽ ആവശ്യപ്പെട്ടു. റിമോട്ട് സ്കീമിൽ കയർ സംരംഭങ്ങൾ വായ്പയെടുത്തതുമായി ബന്ധപ്പെട്ട് ജപ്തി ഒഴിവാക്കി വായ്പ തീർപ്പാക്കുന്നതിലും ചില ബാങ്കുകൾ പ്രതികൂല നിലപാട് സ്വീകരിക്കുന്നുണ്ട്. സർക്കാർ പദ്ധതികളും സ്കീമുകളും അർഹതപ്പെട്ട ദുർബല ജനവിഭാഗങ്ങൾക്ക് ലഭിക്കുന്നതിന് സഹായകരമായ നിലപാട് ബാങ്കുകൾ സ്വീകരിക്കണമെന്നും എം.പി പറഞ്ഞു. ആർ.ബി.ഐ പ്രതിനിധി സി. ജോസഫ് പി.എം.എ.വൈ പദ്ധതിയിൽ ഭവന വായ്പ അനുവദിക്കാൻ റോഡ് നിർബന്ധമില്ലെന്ന് വ്യക്തമാക്കി. ബാങ്കുകളുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച് പരാതി ലഭിച്ചാൽ റിസർവ് ബാങ്ക് നടപടിയെടുക്കും. എസ്.ബി.ടി-എസ്.ബി.ഐ ലയനശേഷം മൂന്നുമാസമായിട്ടും മുദ്രവായ്പകൾ എസ്.ബി.ഐ അനുവദിക്കുന്നില്ലെന്ന കാര്യം പരിശോധിക്കും. മണപ്പുറത്ത് പുതിയ ബാങ്ക് ശാഖ തുടങ്ങുന്നതിന് നടപടി ആരംഭിക്കും. യോഗത്തിൽ കലക്ടർ ടി.വി. അനുപമ, നഗരസഭ ചെയർമാൻ തോമസ് ജോസഫ്, ലീഡ് ബാങ്ക് മാനേജർ വിദ്യാധരൻ നമ്പൂതിരി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.