മൂവാറ്റുപുഴ: രേഖകളില്ലാതെ കടത്തിയ 200 ചാക്ക് യൂറിയ മൂവാറ്റുപുഴ പൊലീസ് പിടികൂടി. പാലക്കാട്ടുനിന്ന് തൊടുപുഴ ഭാഗത്തേക്ക് കൊണ്ടുപോവുകയായിരുന്ന യൂറിയ ആരക്കുഴയിലാണ് പൊലീസ് പിടികൂടിയത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. അമിത വേഗത്തിലെത്തിയ ലോറി വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസിനെ വെട്ടിച്ച് പോകാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഡ്രൈവറും കൂടെയുണ്ടായിരുന്ന ആളും ഓടി രക്ഷപ്പെടാൻ ശ്രമിെച്ചങ്കിലും പൊലീസ് ഓടിച്ച് പിടികൂടി. ലോറി ഡ്രൈവർ പാലക്കാട് ചിറ്റൂർ ചന്ദനപുരം വീട്ടിൽ വത്സനെ (38) അറസ്റ്റ് ചെയ്തു. ലോറിയും കസ്റ്റഡിയിലെടുത്തു. ഡ്രൈവർ മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇടപാടുകാരെ സംബന്ധിച്ച് പൊലീസ് വിശദമായി അന്വേഷിക്കുകയാണ്. കൃഷി അസി.ഡയറക്ടർ കെ. മോഹനെൻറ നേതൃത്വത്തിൽ മൂവാറ്റുപുഴ അസി. കൃഷി ഓഫിസർ ടി.യു. പ്രസാദ്, കല്ലൂർക്കാട് കൃഷി ഓഫിസർ കെ.പി. സാജു, ആവോലി കൃഷി ഓഫിസർ അഞ്ജു പോൾ എന്നിവരുൾപ്പെട്ട സംഘം സ്റ്റേഷനിലെത്തി യൂറിയ പരിശോധിച്ചു. വ്യവസായികാവശ്യത്തിന് വിതരണം ചെയ്യാൻ കൊണ്ടുവരുന്ന യൂറിയ ചാക്കുകളിൽ പ്രത്യേക മുദ്ര പതിപ്പിക്കാറുണ്ട്. എന്നാൽ, പിടികൂടിയ യൂറിയ ചാക്കുകളിൽ ഇത് കണ്ടെത്താനായില്ല. കൃഷി ആവശ്യത്തിന് സബ്സിഡി നിരക്കിൽ ലഭിക്കുന്ന യൂറിയ ഫാക്ടറികളിൽ വിൽക്കാൻ കൊണ്ടുവന്നതാണെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.