കാക്കനാട്: സീപോര്‍ട്ട് -എയര്‍പോർട്ട് റോഡില്‍ പ്രത്യേക സാമ്പത്തിക മേഖലക്ക് സമീപം അനധികൃതമായി നിര്‍മിച്ച തട്ടുകടകള്‍ കലക്ടറുടെ സ്‌ക്വാഡ് വീണ്ടും പൊളിച്ച് നീക്കി. മൂന്ന് മാസം മുമ്പ് പൊളിച്ച് നീക്കിയ തട്ടുകടകള്‍ അടുത്തിടെ റോഡിന് കിഴക്കുവശത്തേക്ക് മാറ്റിയിരുന്നു. ഇതാണ് ആരോഗ്യ വിഭാഗം അധികൃതര്‍ പൊളിച്ച് നീക്കിയത്. ഷെഡ് കെട്ടിയും വാഹനങ്ങളിലുമായി ഭക്ഷണ സാധനങ്ങള്‍ വിൽപന നടത്തിവരുകയായിരുന്നു. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ മൂന്ന് കടകളാണ് പൊളിച്ച് നീക്കിയത്. പേത്താളം രാത്രികാല തട്ടുകടകളാണ് അടുത്തിടെ റേഡരികില്‍ സ്ഥാനം പിടിച്ചത്. മൂന്ന് മാസം മുമ്പ് 30ഒാളം വഴിയോര കടകള്‍ പൊളിച്ച് നീക്കി കമ്പിവേലി കെട്ടിയതിനെ തുടര്‍ന്ന് കച്ചവടക്കാരില്‍ ഒരു വിഭാഗം റോഡിന് കിഴക്കുവശത്ത് ഷെഡുകള്‍ കെട്ടി കച്ചവടം അവിടേക്ക് മാറ്റുകയായിരുന്നു. ഓണക്കാല അവധിയുടെ മറവില്‍ കൂടുതല്‍ കടകള്‍ റോഡ് പുറമ്പോക്കില്‍ സ്ഥാപിച്ചതാണ് അധികൃതര്‍ ശനിയാഴ്ച പൊളിച്ചുമാറ്റിയത്. രാഷ്ട്രീയ ഇടപെടലും കൈയേറ്റക്കാരുടെ പ്രതിഷേധവും മൂലം ഐ.എം.ജി ജങ്ഷന്‍, ജില്ല പഞ്ചായത്ത് കാര്യാലയത്തിന് സമീപം എന്നിവിടങ്ങളിലെല്ലാം അനധികൃത കടകള്‍ പൊളിക്കല്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. തൃക്കാക്കര നഗരപരിധിയിലെ കടകള്‍ പൊളിക്കാന്‍ കലക്ടര്‍ മുനിസിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. പകര്‍ച്ചവ്യാധി ഭീഷണിയെ തുടർന്നാണ് ദുരന്തനിവാരണ നിയമ പ്രകാരം പ്രത്യേക സ്‌ക്വാഡ് രൂപവത്കരിച്ച് തട്ടുകടകളും അനധികൃത വഴിയോര കച്ചവട സ്ഥാപനങ്ങളും പൊളിക്കാന്‍ കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല വീണ്ടും നിര്‍ദേശിച്ചത്. ജില്ല ഹെല്‍ത്ത് ഓഫിസര്‍ പി.എന്‍. ശ്രീനിവാസെൻറ നേതൃത്വത്തില്‍ തൃക്കാക്കര എസ്.ഐ ഷൈജു, കാക്കനാട് വില്ലേജ് ഓഫിസര്‍ പി.പി. ഉദയകുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എ.എസ്. നവാസ്, പി. സാബു, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ.പി. ശ്രീധരന്‍ എന്നിവർ ഉള്‍പ്പെടുന്ന സംഘമാണ് പൊളിക്കലിന് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.