കൊച്ചി: വിദ്യാർഥികളെയും യുവാക്കളെയും മയക്കി മയക്കുമരുന്ന് ഗുളികകൾ. നൈട്രാെസപാം, ഡയസപാം പോലുള്ള ഗുളികകളാണ് ഇവരെ മയക്കുമരുന്ന് മാഫിയകളുടെ ഇരകളാക്കുന്നത്. സമീപദിവസങ്ങളിൽ നിരവധി പേരാണ് മയക്കുമരുന്നുമായി പിടിയിലായത്. യുവാക്കളും കൗമാരക്കാരുമാണ് പിടിയിലായവരിലധികവും. കൗമാരക്കാരെ ലക്ഷ്യമിട്ട് വൻതോതിലാണ് മയക്കുമരുന്ന് മാഫിയകൾ ഇത്തരം ഗുളികകൾ മറ്റുസംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലെത്തിക്കുന്നത്. കഞ്ചാവോ മറ്റോ ഉപയോഗിച്ചാൽ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുമെന്നതിനാലാണ് വിദ്യാർഥികൾ ഈ ഗുളികകൾ ഉപയോഗിക്കുന്നത്. ആനമയക്കി എന്ന പേരിൽ ഡയസപാം ഗുളികകൾ അറിയപ്പെടാറുണ്ട്. ഇത് കള്ളിൽ പൊടിച്ചുചേർക്കാറുണ്ട്. ഇത്തരത്തിെല ഉപയോഗങ്ങൾ കണ്ടെത്തിയാൽ 10 വർഷംവരെ തടവ് ലഭിക്കും. നൈട്രാെസപാം ഗുളികകൾ മയക്കുമരുന്നായി വിൽപന നടത്തിയാലും ഇതേ ശിക്ഷ ലഭിക്കും. കുറച്ചുനാൾ മുമ്പുവരെ വേദനസംഹാരികളായ മരുന്ന് ആംപ്യൂളുകളാണ് കൂടുതൽ പ്രചാരത്തിലുണ്ടായിരുന്നത്. എന്നാൽ, പരിശോധന കർശനമാക്കിയതോടെ വിൽപന കുറയുകയായിരുന്നു. ഡൽഹി ചാന്ദ്നിചൗക്കിൽനിന്നാണ് ഇവ വിൽപനക്കാർക്ക് ലഭിക്കുന്നത്. വിൽപനക്കാരും ഇടനിലക്കാരുമെല്ലാം അവിടെ പോയി നേരിട്ടാണ് വാങ്ങിയിരുന്നത്. 60 രൂപക്ക് ഡൽഹിയിൽ ലഭിക്കുന്ന ഒരു ആംപ്യൂളിന് 500 വരെ വില ഈടാക്കിയാണ് കേരളത്തിൽ വിറ്റിരുന്നത്. ചാന്ദ്നിചൗക്ക് വരെ അന്വേഷണം വ്യാപിപ്പിച്ചിരുന്നു. ഇതോടെ മലയാളികൾക്ക് അവിടെനിന്ന് ആംപ്യൂളുകൾ ലഭിക്കാതായി. ആംപ്യൂളുകളുടെ ലഭ്യത കുറഞ്ഞതോടെയാണ് മയക്കുമരുന്ന് മാഫിയകൾ നൈട്രാെസപാംപോലുള്ള ഗുളികകളുടെ വിൽപനയിലേക്ക് തിരിഞ്ഞത്. പുതുച്ചേരിയിൽനിന്നാണ് മയക്കുമരുന്ന് ഗുളികകൾ പ്രധാനമായും കേരളത്തിലേക്ക് എത്തിക്കുന്നത്. അവിടെനിന്ന് കുറഞ്ഞ വിലയ്ക്ക് മൊത്തമായി വാങ്ങി കേരളത്തിലെ കാമ്പസുകളും വിദ്യാലയങ്ങളും കേന്ദ്രീകരിച്ച് വ്യാപകമായി വിൽപന നടത്തുകയാണ് ലഹരി മാഫിയകൾ ചെയ്യുന്നത്. ഇത്തരം ഗുളികകളുടെ അനധികൃത വിൽപന തടയുന്നതിന് കമ്പനികൾക്കെതിരെ കേസെടുക്കാൻ നിയമപരമായി തടസ്സങ്ങളുണ്ട്. ഇതാണ് ഗുളികകൾ നിയന്ത്രിക്കുന്നതിന് പ്രധാന തടസ്സം. വിൽപന നടത്താനും വിദ്യാർഥികളെ കണ്ണികളാക്കുന്നുണ്ട്. ഇതിന് ലഹരി ഇടപാടുകാർ കുട്ടികൾക്ക് സൗജന്യ ഗുളികകൾക്ക് പുറമെ പണവും പാരിതോഷികങ്ങളും നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.