മയക്കുമരുന്ന് ഗുളിക വിതരണം: തൃശൂരിലെ മെഡിക്കൽ ഷോപ്പുകൾക്കെതിരെ അന്വേഷണം

നെടുമ്പാശ്ശേരി: മനോരോഗികൾക്ക് നൽകുന്ന നൈട്രാസെപാം ഗുളിക അനധികൃതമായി വിൽക്കുന്ന തൃശൂരിലെ ഏതാനും മെഡിക്കൽ ഷോപ്പുകൾക്കെതിരെ ആലുവ എക്സൈസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസം ആലുവയിൽ ഇൗ ഗുളികകളുമായി പിടിയിലായവരെ ചോദ്യം ചെയ്തപ്പോഴാണ് തൃശൂരിലെ ചില മെഡിക്കൽ ഷോപ്പുകളിൽനിന്ന് വ്യാജ കുറിപ്പുകൾ ഉപയോഗിച്ച് വൻതോതിൽ മയക്കുമരുന്ന് വിപണിയിലെത്തുന്ന വിവരം ലഭിച്ചത്. ആലുവയിൽ മയക്കുമരുന്ന് വിപണനത്തിന് നേതൃത്വംനൽകുന്ന ഡോക്ടർ എന്ന് അറിയപ്പെടുന്നയാളാണ് മെഡിക്കൽ ഷോപ്പുകളിൽനിന്ന് മയക്കുമരുന്ന് ആവശ്യക്കാർക്ക് എത്തിക്കുന്ന ഇടനിലക്കാരനാകുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇയാൾ യഥാർഥ ഡോക്ടറാണോ എന്ന് വ്യക്തമല്ല. ഡോക്ടർമാരെപ്പോലും അതിശയിപ്പിക്കുന്ന വിധത്തിലാണ് ഇയാൾ കുറിപ്പടികൾ തയാറാക്കുന്നത്. മനോരോഗമുള്ളവർക്ക് വിവിധ മരുന്നുകൾ കുറിച്ച ശേഷം അതിനൊപ്പം മയക്കുമരുന്നും കുറിക്കും. ഇത് ഉപയോഗിക്കേണ്ട വിധംപോലും കുറിപ്പടിയിലുണ്ട്. വ്യാജ ഡോക്ടർമാരുടെ വിലാസമാണ് കുറിപ്പടിയിൽ ഉപയോഗിക്കുന്നത്. എന്നാൽ കുറിപ്പടിയിലെ വിശ്വാസ്യതകൊണ്ട് മെഡിക്കൽ ഷോപ്പുകൾ കൂടുതൽ അന്വേഷിക്കാത്തതാണോയെന്നത് വ്യക്തമല്ല. 10 ഗുളികകളടങ്ങിയ പാക്കറ്റിന് 46 രൂപയാണ് വില. എന്നാൽ, ഡോക്ടറെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇടനിലക്കാരൻ 500 രൂപക്കാണ് ഇത് കൈമാറുന്നത്. ഇയാളുടെ മറ്റ് വിവരങ്ങൾ എക്സൈസ് അന്വേഷിച്ചുവരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.