ഹരിപ്പാട് നഗരസഭയുടെ 2.68 കോടിയുടെ ലേബർ ബജറ്റിന് അംഗീകാരം

ആലപ്പുഴ: അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിക്ക് ഹരിപ്പാട് നഗരസഭ സമർപ്പിച്ച 2.68 കോടിയുടെ തൊഴിൽ ബജറ്റിന് ജില്ല ആസൂത്രണസമിതി അംഗീകാരം നൽകി. 62,400 തൊഴിൽ ദിനങ്ങളാണ് പദ്ധതിയിലൂടെ നഗരസഭയിൽ സൃഷ്ടിക്കപ്പെടുന്നത്. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാലി​െൻറ അധ്യക്ഷതയിൽ ജില്ല ആസൂത്രണസമിതി ഹാളിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. അരുക്കുറ്റി, ചുനക്കര, മാരാരിക്കുളം വടക്ക് പഞ്ചായത്തുകൾ, മുതുകുളം ബ്ലോക്ക് പഞ്ചായത്ത്, ചേർത്തല നഗരസഭ എന്നിവ സമർപ്പിച്ച വാർഷികപദ്ധതി ഭേദഗതിക്കും അംഗീകാരം നൽകി. ഗാർഹിക കുടിവെള്ള കണക്ഷന് അരൂക്കൂറ്റി പഞ്ചായത്ത് നിശ്ചയിച്ച 5000 രൂപ 4000 ആയി കുറച്ചു. നാളികേര കൃഷി വികസനത്തിന് 12.70 ലക്ഷം രൂപയുടെ പദ്ധതിക്ക് അംഗീകാരം നേടി. ആട് വിതരണത്തിന് നിശ്ചയിച്ചിരുന്ന യൂനിറ്റ് ചെലവ് 6000മാക്കി വർധിപ്പിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്തിൽ എസ്.എസ്.എ പദ്ധതിക്ക് 5.93 ലക്ഷത്തിനുപുറമേ 5.60 ലക്ഷം രൂപകൂടി വകയിരുത്തി. ശാരീരിക മാനസിക വൈകല്യമുള്ളവർക്ക് സ്കോളർഷിപ്/യൂനിഫോം, എസ്.സി വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്ക് പഠനമുറി നിർമാണം, സൈക്കിൾ വിതരണം തുടങ്ങിയ പദ്ധതികളുടെ തുക വർധിപ്പിച്ചുള്ള ഭേദഗതിക്കും അംഗീകാരം നൽകി. മുതുകുളം ബ്ലോക്ക് പഞ്ചായത്തിൽ പാലിന് സബ്സിഡി, നെൽകൃഷി ജലസേചനത്തിന് പെട്ടിയും പറയും, ഉള്ളിട്ട പുഞ്ചയിൽ ത്രീഫേസ് വൈദ്യുതി ലൈൻ തുടങ്ങിയ പദ്ധതികളുടെ അടങ്കൽ തുക വർധനയും യോഗം അംഗീകരിച്ചു. ഭേദഗതി വരുത്തുന്ന പദ്ധതികളിൽ മാലിന്യസംസ്കരണത്തിനും ഹരിതകേരളം പദ്ധതിക്കും ആവശ്യമായ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിക്കണമെന്ന് കലക്ടർ ടി.വി. അനുപമ നിർദേശിച്ചു. പദ്ധതി നിർവഹണം മൂന്നാംഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിൽ 70 ശതമാനം പ്രവൃത്തികളും ഡിസംബറിനകംതന്നെ പൂർത്തിയാക്കാൻ ഉൗർജിത നടപടി സ്വീകരിക്കണമെന്ന് കലക്ടർ നിർദേശം നൽകി. തദ്ദേശ സ്ഥാപനങ്ങളിൽ ഒഴിവുള്ള തസ്തികകളിൽ അടിയന്തരമായി നിയമനം നടത്താൻ നടപടി സ്വീകരിച്ചതായും കലക്ടർ അറിയിച്ചു. യോഗത്തിൽ ജില്ല പ്ലാനിങ് ഓഫിസർ എൻ.കെ. രാജേന്ദ്രൻ, തദ്ദേശ സ്വയംഭരണ സ്ഥാപന ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ധർണ നടത്തി ആലപ്പുഴ: പെട്രോളിയം വിലവർധനക്കെതിരെയും കേന്ദ്ര സർക്കാറി​െൻറ ജനവിരുദ്ധ നയങ്ങൾക്കുമെതിരെ കേരള കോൺഗ്രസ് (എം) അമ്പലപ്പുഴ നിയോജക മണ്ഡലം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ ഇരുമ്പുപാലത്തിന് സമീപത്തെ ബി.എസ്.എൻ.എൽ ഓഫിസിന് മുന്നിൽ ധർണ നടത്തി. ജില്ല സെക്രട്ടറി വി.സി. ഫ്രാൻസിസ് ഉദ്‌ഘാടനം ചെയ്തു. അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡൻറ് മുരളി പര്യത്ത് അധ്യക്ഷത വഹിച്ചു. ജില്ല ഭാരവാഹികളായ എ.എൻ.പുരം ശിവകുമാർ, റോയി കോട്ടപ്പറമ്പൻ, ജിജോ തോമസ്, പ്രദീപ് കൂട്ടാല, എൻ. അജിത്ത് രാജ്, ഇ. ശ്രീദേവി, തോമസ് കളരിക്കൽ, ഇ.സി. ഉമ്മച്ചൻ, ജോയി കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.