െകാച്ചി: സംസ്ഥാനത്ത് ക്വാറി ഉൽപന്നങ്ങൾ ഉൾപ്പെടെ നിർമാണവസ്തുക്കൾക്ക് വിലവർധന തുടരുന്നത് മേഖലയിൽ ആശങ്കയുണ്ടാക്കുന്നു. മെറ്റൽ, എം സാൻഡ്, കരിങ്കല്ല്, ഇഷ്ടിക എന്നിവക്കാണ് വില വർധിച്ചത്. ആറുമാസത്തിനിടെ 40 ശതമാനത്തോളമാണ് വില വർധിച്ചത്. ജി.എസ്.ടി വന്നതോടെ കൂടുതൽ തിരിച്ചടിയായി. ഒരടിക്ക് 25 രൂപയായിരുന്ന മെറ്റലിന് 40 രൂപയാണ് ഇപ്പോൾ. 40 രൂപയായിരുന്ന എം സാൻഡിന് 60 രൂപയായി. 24 രൂപയായിരുന്ന ഇഷ്ടികക്ക് 40 രൂപയിലും എത്തി. വിലയിൽ ഏകീകരണമില്ലാത്തതും പ്രശ്നമാകുന്നു. എറണാകുളം ജില്ലയിൽ ക്വാറി ഉൽപന്നങ്ങൾക്ക് മൂന്നിടത്ത് മൂന്ന് വിലയാണ്. ക്വാറി അധിഷ്ഠിത വസ്തുക്കൾക്ക് അഞ്ചുശതമാനവും ഉൽപന്നങ്ങൾക്ക് 18 ശതമാനവുമാണ് ജി.എസ്.ടി. ക്വാറികളുള്ള സ്ഥലത്തിന് വില വർധിച്ചതും ഖനനത്തിന് നിയമം കർക്കശമാക്കിയതും നിർമാണമേഖലക്ക് തിരിച്ചടിയായിട്ടുണ്ട്. ക്വാറികളിൽനിന്ന് പടവ് രീതിയിൽ വെട്ടാനാണ് അനുമതി. പരിസ്ഥിതി അനുമതി ഇല്ലാത്ത 2500ഒാളം ചെറുകിട ക്വാറികൾ സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് മുൻ സർക്കാർ നിർത്തിയിരുന്നു. ചെറുകിട ക്വാറികൾക്ക് ലൈസൻസ് പുതുക്കുന്നത് ജില്ല ഭരണകൂടവും പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനീയറും ഉൾപ്പെടുന്ന കമ്മിറ്റിയാണ്. സ്കൂൾ, ആരാധനാലയങ്ങൾ എന്നിവയുടെ ദൂരങ്ങൾ ഉൾപ്പെടെ പരിഗണിച്ചാണ് അനുമതി നൽകുന്നത്. എന്നാൽ, ഇവ പാലിച്ച് തുറക്കാൻ കഴിയുന്ന ക്വാറികളുണ്ടെന്നും വലിയ ക്വാറികൾ ഉൾപ്പെടുന്ന ലോബിയാണ് വില തീരുമാനിക്കുന്നതെന്നും വിലയിൽ ഏകീകരണം കൊണ്ടുവരണമെന്നും നിർമാണക്കരാറുകാർ പറയുന്നു. സ്വന്തം ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.