എക്സൈസ് സംഘത്തെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച മയക്കുമരുന്ന്​ വിൽപനക്കാരൻ പിടിയിൽ

മൂവാറ്റുപുഴ: എക്സൈസ് സംഘത്തെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച മയക്കുമരുന്ന് വിൽപനക്കാരനെ ഓടിച്ചുപിടിച്ചു. വെള്ളൂർക്കുന്നത്തുനിന്നാണ് പേഴക്കാപിള്ളി തോപ്പിൽ ഷാജഹാനെ (28) പിടികൂടിയത്. ഇയാളിൽനിന്ന് മയക്കുമരുന്നിനത്തിൽപെട്ട നൈട്രാസെപാം ഗുളികകൾ പിടിച്ചെടുത്തു. വ്യാപക പരാതിയെത്തുടർന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് ഗുളികകളും വിൽപനക്കാരനെയും പിടികൂടാനായത്. നിരവധി മയക്കുമരുന്ന്-ക്രിമിനൽ കേസിൽ പ്രതിയായ ഇയാൾക്ക് സ്ഥിരം ഉപഭോക്താക്കളുണ്ട്. ക്രിമിനൽ പശ്ചാത്തലമുള്ള ഇയാളുടെ പ്രവർത്തനങ്ങൾ ചോദ്യം ചെയ്യുന്നവർക്കെതിരെ ഭീഷണിയും അസഭ്യ പദപ്രയോഗങ്ങളും നടത്തുക പതിവാണ്. വെള്ളൂർക്കുന്നം ഭാഗത്ത് സദാസമയവും ചുറ്റിക്കറങ്ങുന്ന ഇയാൾക്കെതിരെ വ്യാപാരികളും പരിസരവാസികളും നിരവധി പരാതി ഉന്നയിച്ചിരുന്നു. മൂവാറ്റുപുഴ ഗവ. ആശുപത്രിയിൽനിന്ന് മയക്കുമരുന്നിന് അടിപ്പെട്ടവരെ ഘട്ടംഘട്ടമായി മോചിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്ന മരുന്ന് പ്രതി ദുരുപയോഗം ചെയ്യുന്നതായും പരാതിയുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി. പ്രിവൻറിവ് ഓഫിസർമാരായ എം.എ.കെ. ഫൈസൽ, ടി.കെ. ബാബു, സിവിൽ എക്സൈസ് ഓഫിസർമാരായ പി.ഇ. ബഷീർ, പി.എം. കബീർ, പി.ബി. ലിബു, എൻ. ശ്രീകുമാർ, പി.ഇ. ഉമ്മർ, വി.എസ്. ഹരിദാസ്, വി. ഉന്മേഷ്, ഡ്രൈവർ എൻ.കെ. മോഹനൻ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.