വല്യുമ്മ ട്രെയിനിൽനിന്ന്​ വീണു; മൂന്ന്​ വയസ്സുകാരിക്ക് യാത്രക്കാർ തുണയായി

തിരൂർ: കൂടെയുണ്ടായിരുന്ന വല്യുമ്മ ട്രെയിനിൽനിന്ന് വീണതിനെ തുടർന്ന് ഒറ്റപ്പെട്ട മൂന്ന് വയസ്സുകാരിക്ക് യാത്രക്കാർ തുണയായി. തിരൂർ ആർ.പി.എഫ് ഔട്ട്പോസ്റ്റിലെത്തിച്ച കുട്ടിയെ അധികൃതർ ബന്ധുക്കളെ കണ്ടെത്തി കൈമാറി. ചെന്നൈ മെയിലിൽ ഒറ്റപ്പെട്ട മൂന്ന് വയസ്സുകാരി റിഫ ഫാത്തിമക്കാണ് യാത്രക്കാരും അധികൃതരും തുണയായത്. ചെന്നൈയിൽനിന്ന് തിരൂരിലേക്ക് വന്ന മലപ്പുറം ചെമ്മങ്കടവ് പണ്ടാരക്കൽ സുഹറാബിയാണ് (60) അപകടത്തിൽപെട്ടത്. ചൊവ്വാഴ്ച രാവിലെ ഏഴരയോടെ തിരുനാവായക്കും പള്ളിപ്പടിക്കും ഇടയിലായിരുന്നു അപകടം. മക‍​െൻറ ഭാര്യ റസിയയാണ് ഒപ്പമുണ്ടായിരുന്നത്. യാത്രക്കാർ അപായ ചെയിൻ വലിച്ചതിനെ തുടർന്ന് ട്രെയിൻ നിർത്തിയതോടെ റസിയ പുറത്തിറങ്ങി നാട്ടുകാരുടെ സഹായത്തോടെ സുഹറാബിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഈ പരിഭ്രാന്തിക്കിടെ റിഫ ഫാത്തിമയും ലഗേജും ട്രെയിനിലകപ്പെട്ടു. തുടർന്ന് ട്രെയിൻ തിരൂരിലെത്തിയപ്പോൾ യാത്രക്കാർ റിഫയെ ആർ.പി.എഫ് കേന്ദ്രത്തിലെത്തിച്ചു. ടി.ടി.ആറിൽനിന്ന് റസിയയുടെ നമ്പർ ശേഖരിച്ചാണ് ആർ.പി.എഫ് എസ്.ഐ അക്ബറലിയും സംഘവും ബന്ധുക്കളെ വിവരം അറിയിച്ചത്. തുടർന്ന് ഒമ്പത് മണിയോടെ ബന്ധുക്കളെത്തി റിഫയെ ഏറ്റുവാങ്ങി. അത്രയും നേരം ആർ.പി.എഫ് അധികൃതരുടെ കളിക്കൊഞ്ചലിലായിരുന്നു റിഫ. വീഴ്ചയിൽ ഗുരുതര പരിക്കേറ്റ സുഹറാബിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. Tir G3 train kid: റിഫ ഫാത്തിമയെ യാത്രക്കാരിൽനിന്ന് ഏറ്റുവാങ്ങുന്ന ആർ.പി.എഫ് എസ്.ഐ അക്ബറലി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.