അപ്രതീക്ഷിത അതിഥിയായി രാഷ്​ട്രപതിയുടെ വാടകക്കാരൻ

കൊച്ചി: രണ്ട് ദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി മടക്കയാത്രക്കായി കൊച്ചി നാവിക വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാത്ത് ഒരു അപ്രതീക്ഷിത അതിഥി ഉണ്ടായിരുന്നു- -എടത്വ സ്വദേശി വലിയപറമ്പിൽ റൂബൻ ജോർജ്. രാഷ്ട്രപതി കഴിഞ്ഞദിവസം തിരുവനന്തപുരത്തെ പ്രസംഗത്തിൽ പരാമർശിച്ച മലയാളിയായ ജോർജ്. കാൺപുരിലെ കല്യാൺപൂരിൽ രാംനാഥ് കോവിന്ദി​െൻറ വസതിയിലെ വാടകക്കാരനാണ് മാനേജ്‌മ​െൻറ് കൺസൾട്ടൻറായ റൂബൻ ജോർജ്. മലയാളികളുടെ നന്മയെയും സേവന മനോഭാവത്തെയും വാഴ്ത്തുന്നതിനിടയിലാണ് റൂബനെ രാഷ്ട്രപതി പരാമർശിച്ചത്. 'ആദിശങ്കരാചാര്യരുടെയും ശ്രീനാരായണഗുരുവി​െൻറയും അയ്യങ്കാളിയുടെയും സാന്നിധ്യംകൊണ്ട് ധന്യമായ കേരളത്തിൽ ജനിച്ചവർ ഭാഗ്യം ചെയ്തവരാണ്. ഞാൻ കാൺപുരിൽനിന്ന് പോയശേഷം പത്തു വർഷമായി എ​െൻറ വീട്ടിൽ താമസിക്കുന്നത് ജോർജ് എന്ന സത്യസന്ധനായ മലയാളിയാണ്' ഇതായിരുന്നു രാഷ്ട്രപതിയുടെ വാക്കുകൾ. ഔദ്യോഗിക കാര്യങ്ങൾക്കായി മേയ് മുതൽ കേരളത്തിലുള്ള റൂബൻ, രാഷ്ട്രപതി എത്തിയത് അറിഞ്ഞപ്പോൾ കൂടിക്കാഴ്ച്ചക്ക് സമയം ചോദിക്കുകയായിരുന്നു. രാഷ്ട്രപതി പറഞ്ഞ ജോർജ്, റൂബനാണെന്ന് മനസ്സിലാക്കിയ അദ്ദേഹത്തി​െൻറ ഓഫിസ് കൂടിക്കാഴ്ചക്ക് അവസരമൊരുക്കി. രാഷ്ട്രപതി തന്നെക്കുറിച്ച് പറഞ്ഞത് റൂബൻ അറിഞ്ഞതും അധികൃതരിൽനിന്നുതന്നെ. എടത്വ സ്വദേശിയെങ്കിലും റൂബൻ ജനിച്ചതും വളർന്നതും കാൺപുരിലാണ്. അവിടെ ജോലി ചെയ്തിരുന്ന മാതാപിതാക്കൾ വിരമിച്ചശേഷം നാട്ടിൽ തിരിച്ചെത്തിയെങ്കിലും റൂബൻ കാൺപുരിൽ തുടർന്നു. രണ്ടുവർഷം മുമ്പാണ് രാംനാഥ് കോവിന്ദിനെ അവസാനമായി കണ്ടത്. ബിഹാർ ഗവർണറാകുന്നതിന് മുമ്പ് ഇടക്ക് കാൺപുരിലെത്തുമ്പോൾ കാണാറുണ്ടായിരുന്നു. തന്നെക്കുറിച്ച രാഷ്ട്രപതിയുടെ പ്രശംസക്ക് നന്ദിയുണ്ടെന്നും റൂബൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.