കുടിവെള്ള വിതരണത്തിനായി രാപകൽ അധ്വാനം, ജീവിതം ദുരിതവഴിയിൽ

കൊച്ചി: കുടിവെള്ള വിതരണത്തിനായി രാപ്പകൽ അധ്വാനിക്കുമ്പോഴും മതിയായ വേതനമോ തൊഴിൽ സുരക്ഷയോ ഇല്ലാതെ ഒരുപറ്റം തൊഴിലാളികൾ. കേരള വാട്ടർ അതോറിറ്റിയിലെ കരാർ ജീവനക്കാർക്കാണ് ദുരിത ജീവിതം. വളരെക്കുറച്ച് മാത്രം സ്ഥിര നിയമനം നടക്കുന്ന വാട്ടർ അതോറിറ്റിയുടെ വിവിധ വിഭാഗങ്ങൾ കരാർ ജീവനക്കാരെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്. ജില്ലയിൽ മാത്രം അറുന്നൂറോളം കരാർ തൊഴിലാളികളാണുള്ളത്. മധ്യകേരളത്തിലെ മറ്റു ജില്ലകളിലെ സ്ഥിതിയും വ്യത്യസ്തമല്ല. പമ്പ് ഓപറേറ്റർ, വാൽവ് ഓപറേറ്റർ, മീറ്റർ റീഡിങ്, സെക്യൂരിറ്റി എന്നിവക്കുപുറമേ ഓഫിസ് ജോലികളിൽപ്പോലും കരാർ ജീവനക്കാരാണ് ഏറെയും. അസി. എൻജിനീയർമാർക്കൊപ്പം വിരലിലെണ്ണാവുന്ന സ്ഥിരം ജീവനക്കാർ മാത്രമാണ് പല ഓഫിസുകളിലുമുള്ളത്. ഉദ്യോഗസ്ഥർക്ക് 20,000 രൂപക്ക് മുകളിൽ ശമ്പളം ലഭിക്കുമ്പോൾ കരാർ ജീവനക്കാർക്ക് പ്രതിദിനം 100 മുതൽ 370 രൂപ വരെയാണ് ലഭിക്കുന്നത്. വാൽവ് ഓപറേറ്റർക്കാണ് ഏറ്റവും കുറഞ്ഞ വേതനം- പ്രതിദിനം 100 രൂപ. തൊഴിൽ ദിനങ്ങളുടെ കാര്യത്തിൽ കൃത്യതയുമില്ല. മാസം 20 മുതൽ 25 വരെ ദിവസമേ ജോലിയുണ്ടാകൂ. കരാർ ജീവനക്കാരനെന്നത് വിളിപ്പേര് മാത്രമാണെന്ന് കേരള വാട്ടർ അതോറിറ്റി കരാർ തൊഴിലാളി യൂനിയൻ (സി.െഎ.ടി.യു) സംസ്ഥാന വൈസ് പ്രസിഡൻറും ജില്ല സെക്രട്ടറിയുമായ കെ.എം. ലത്തീഫ് പറയുന്നു. പ്രധാന കരാറുകാരന് കീഴിലെ കൂലിപ്പണിക്കാരാണ് ഇവരെല്ലാം. എന്നാൽ, ജി.എസ്.ടിയും കരാർ വിഹിതവുമൊക്കെയായി നൂറു രൂപയോളം പിടിച്ചിട്ടാണ് പലർക്കും വേതനം ലഭിക്കുന്നത്. ഇരുപതും മുപ്പതും കൊല്ലമായി കരാർ വ്യവസ്ഥയിൽ ജോലിയെടുക്കുന്നവർ ജില്ലയിലുണ്ട്. ഓണം, ക്രിസ്മസ് പോലുള്ള വിശേഷ ദിവസങ്ങളിൽ ബോണസോ ഇ.എസ്.ഐ, പി.എഫ് ആനുകൂല്യങ്ങളോ ഇല്ല. തൊഴിലാളി ക്ഷേമ പദ്ധതിയിലും കരാർ ജീവനക്കാർ ഉൾപ്പെട്ടിട്ടില്ല. സംഘടന സ്വാതന്ത്ര്യംപോലുമില്ല. തൊഴിൽ സ്ഥിരത ആവശ്യപ്പെട്ട് കഴിഞ്ഞദിവസം നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്തതി​െൻറ പേരിൽ തൃപ്പൂണിത്തുറ അസി. എക്സി. ഓഫിസിലെ എച്ച്.ആർ ജീവനക്കാരി മാഗിയെ ജോലിയിൽനിന്ന് നീക്കാനാണ് അധികൃതരുടെ ശ്രമം. നവംബർ ഒന്നുമുതൽ തൊഴിൽസമയം കുറക്കുമെന്ന മുന്നറിയിപ്പാണ് ലഭിച്ചിരിക്കുന്നത്. അവകാശത്തിനുവേണ്ടി ശബ്ദമുയർത്തിയാൽ ഇതാണ് മറുപടിയെന്നും കെ.എം. ലത്തീഫ് പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.