നെടുമ്പാശ്ശേരി-: സ്വർണകള്ളകടത്തുമായി ബന്ധപ്പെട്ട അന്വേഷണം ഡി.ആർ.ഐ (ഡയറക്ടർ ഓഫ് റവന്യൂ ഇൻറലിജൻസ്) വ്യാപിപ്പിക്കുന്നു. മൂന്ന് വിമാനത്താവളങ്ങളിലായി കഴിഞ്ഞ ആറ് മാസത്തിനിടയിൽ പിടിച്ചെടുത്ത സ്വർണത്തിലേറെയും തൃശൂരിലേയും കൊടുവള്ളിയിലെയും ചില ജ്വല്ലറികളിലേക്ക് എത്തിക്കുവാൻ ലക്ഷ്യമിട്ടതായിരുന്നുവെന്ന് വെളിപ്പെട്ടതിനെ തുടർന്നാണിത്. ഈ ജ്വല്ലറികൾ ഇത്രയേറെ സ്വർണം വാങ്ങുന്നതിനായി ഏതുവിധത്തിലാണ് പണം സ്വരൂപിക്കുന്നതെന്നതാണ് പ്രധാനമായും അന്വേഷിക്കുന്നത്. സ്വർണചിട്ടികളും മറ്റും അനധികൃതമായി നടത്തുന്നുണ്ടെന്നാണ് വിവരം. എന്നാൽ, ഹവാല റാക്കറ്റ് മറയാക്കിയാണോ ഇത്തരം അനധികൃത സ്വർണചിട്ടികളെന്നും അന്വേഷിക്കുന്നുണ്ട്. സുഡാനി സ്ത്രീകളും തമിഴ്നാട്, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ള സ്ത്രീകളുമാണ് സ്വർണകടത്തിന് പിടിയിലായത്. സമ്പന്നരായ ചില യുവതികളെയും സ്വർണകടത്തിനായി ഉപയോഗപ്പെടുത്തുന്നുണ്ടെന്നാണ് വിവരം. ഇതേ തുടർന്ന് വിസിറ്റിങ് വിസയിൽ പതിവായി വിദേശത്തേക്ക് പോകുന്ന യുവതികളെയും കർശനമായി നിരീക്ഷിക്കുന്നുണ്ട്. ചില യുവതികൾ പരിശോധനകളുമായി സഹകരിക്കുവാൻ തയാറാകുന്നില്ല. ഒരു ഷിഫ്റ്റിൽ പലപ്പോഴും ഒന്നോ രണ്ടോ സ്ത്രീ ഉദ്യോഗസ്ഥർ മാത്രമാണ് ഉണ്ടാകാറുള്ളതെന്നതും പ്രശ്നമാകുന്നുണ്ട്. ദുബൈയിൽ നിന്നും ഒരാൾക്ക് എത്ര അളവിൽ വേണമെങ്കിലും സ്വർണം വാങ്ങുവാൻ കഴിയും. നികുതിവെട്ടിച്ച് ഒരു കിലോ സ്വർണം ഇന്ത്യയിലെത്തിച്ചാൽ ഏതാണ്ട് മൂന്ന് ലക്ഷം രൂപയോളം ലാഭിക്കുവാൻ കഴിയും. വിമാനത്താവളത്തിൽ പ്രവേശിച്ച ശേഷമാണ് സ്വർണം ഒളിപ്പിക്കുന്നത്. ദുബൈ വിമാനത്താവളത്തിൽ സ്വർണം വാങ്ങിയതിെൻറ രസീത് കാണിച്ചാൽ കൂടുതലായി പരിശോധന നടത്താറില്ല. സ്വർണം കള്ളക്കടത്തിന് പിടിയിലാകുന്നവരിൽ നിന്നും സ്വർണം പിടിച്ചെടുക്കുമെന്ന് മാത്രമല്ല പിന്നീട് വൻ തുക പിഴയടയ്ക്കേണ്ടതായും വരും. ഇത്തരത്തിൽ പിഴയടയ്ക്കുന്നതിന് നഷ്ടമായ തുകക്ക് പകരമായി സ്വർണകളളകടത്ത് റാക്കറ്റിന് നഷ്ടപ്പെട്ട സ്വർണത്തിെൻറ തുകയ്ക്ക് തുല്യമായ സ്വർണം വീണ്ടും കടത്തികൊണ്ടുവരുന്നതിന് പുതിയ ആളെ സംഘടിപ്പിച്ച് കൊടുക്കുകയാണ് ചെയ്യുന്നത്. സ്വർണകളളകടത്തിന് പിടിയിലായവരുടെ വിശദമായ വിവരങ്ങൾ ശേഖരിച്ചിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.