പ്രതിഷേധക്കാർ പിൻവാങ്ങി; മെട്രോ സൗന്ദര്യവത്കരണം പുനരാരംഭിക്കും

ആലുവ: പ്രതിഷേധക്കാർ പിൻവാങ്ങിയതോടെ മെട്രോ സൗന്ദര്യവത്കരണ പദ്ധതി നിര്‍മാണം ഉടൻ പുനരാരംഭിക്കും. മർച്ചൻറ്‌സ് അസോസിയേഷൻ പണികൾ തടസ്സപ്പെടുത്തിയതാണ് പ്രതിസന്ധി സൃഷ്ടിച്ചിരുന്നത്. ഇതേത്തുടർന്ന് നിര്‍മാണം മുന്നോട്ടുകൊണ്ടുപോകാനായി നഗരസഭ അധ്യക്ഷ ലിസി എബ്രഹാം വിളിച്ച ചർച്ചയിലാണ് പണികൾ തുടരാൻ തീരുമാനമായത്. തടസ്സം ഉന്നയിച്ചിരുന്ന വ്യാപാരികള്‍ ചര്‍ച്ചയില്‍ വിട്ടുവീഴ്ച്ചക്ക് തയാറായി. ശനിയാഴ്ച മുതല്‍ പൂര്‍ണതോതില്‍ നിര്‍മാണം ആരംഭിക്കുമെന്ന് മെട്രോ അധികൃതര്‍ വ്യക്തമാക്കി. വ്യാപാര സ്‌ഥാപനങ്ങളിലേക്ക് വാഹനങ്ങള്‍ക്ക് നേരിട്ട് പ്രവേശനം അനുവദിക്കുക, ദേശീയപാതയോരത്ത് പാര്‍ക്കിങ്ങിനായി സ്‌ഥലം അനുവദിക്കുക, കാല്‍നട-സൈക്കിള്‍ പാതയുടെ വീതി കുറക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് വ്യാപാരികളുടെ സംഘടന സൗന്ദര്യവത്കരണം തടഞ്ഞത്. ഇതിനെ തുടര്‍ന്ന് രണ്ടാഴ്ചയോളമായി ഭാഗികമായാണ് നിര്‍മാണങ്ങള്‍ നടന്നിരുന്നത്. കഴിഞ്ഞ ദിവസം മെട്രോ നടപ്പാതയില്‍ സ്‌ഥാപിച്ചിരുന്ന കോണ്‍ക്രീറ്റ് തൂണുകള്‍ സാമൂഹികവിരുദ്ധര്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. വ്യാപാരികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കെ.എം.ആര്‍.എല്‍ അധികൃതര്‍ ആലുവയിലെത്തി പരിശോധന നടത്തിയിരുന്നു. പിന്നീടാണ് പദ്ധതിയില്‍ ചില മാറ്റങ്ങള്‍ നിർദേശിച്ചത്. ഇവയെല്ലാം വെള്ളിയാഴ്ച ആലുവ നഗരസഭയില്‍ നടന്ന ചര്‍ച്ചയില്‍ അനിമേഷന്‍ രൂപത്തിൽ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. പുതുതായി നാല് ഇടങ്ങളില്‍ വാഹനങ്ങള്‍ക്കായി പാസേജ് നല്‍കാമെന്ന് മെട്രോ അധികൃതര്‍ വ്യക്തമാക്കി. ചിലയിടങ്ങളില്‍ വാഹനങ്ങള്‍ക്കായി പൊതു പാര്‍ക്കിങ്ങും അനുവദിക്കും. വ്യാപാര സ്‌ഥാപനങ്ങളിലേക്ക് വരുന്നവര്‍ക്കും മറ്റുള്ളവര്‍ക്കും ഇത് ഉപയോഗിക്കാം. ആലുവ സ്വകാര്യ ബസ് സ്‌റ്റാന്‍ഡിന് എതിര്‍വശത്ത് ദേശീയപാതയുടെ പടിഞ്ഞാറുഭാഗത്ത് പുതിയ ബസ് ബേ നിര്‍മിക്കും. മെട്രോ സ്‌േറ്റഷ‍​െൻറ പാര്‍ക്കിങ് ആലുവ മേല്‍പാലത്തിന് താഴേക്ക് വ്യാപിപ്പിക്കും. അന്‍വര്‍ സാദത്ത് എം.എല്‍.എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ ലിസി എബ്രഹാം, കെ.എം.ആര്‍.എല്‍ ഉദ്യോഗസ്‌ഥര്‍, ആലുവ മര്‍ച്ചൻറ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, ആക്ഷന്‍ കൗണ്‍സില്‍ ഫോര്‍ ഡെവലപ്മ​െൻറ് ഓഫ് ആലുവ ഭാരവാഹികള്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ ചർച്ചയിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.